Latest News

എന്‍പിആറിന് എന്യൂമറേറ്റര്‍മാരെ നിയമിക്കാന്‍ നഗരസഭ: മഞ്ചേരി നഗരസഭാ സെക്രട്ടറിക്കെതിരേ പ്രതിഷേധം ശക്തം

ഭരണ സമിതി അറിയാതെ കത്തയച്ച ഉദ്യോഗസ്ഥനെതിരേ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗും സംസ്ഥാന സര്‍ക്കാര്‍ തീരുമാനം മറികടന്ന ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മും നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി.

എന്‍പിആറിന് എന്യൂമറേറ്റര്‍മാരെ നിയമിക്കാന്‍ നഗരസഭ:   മഞ്ചേരി നഗരസഭാ സെക്രട്ടറിക്കെതിരേ പ്രതിഷേധം ശക്തം
X

മഞ്ചേരി: ദേശീയ പൗരത്വ റജിസ്റ്ററിന് എന്യുമറേറ്റര്‍മാരെ നിയമിക്കാന്‍ കത്തയച്ച മഞ്ചേരി നഗരസഭാ സെക്രട്ടറിക്കെതിരേ പ്രതിഷേധം ശക്തം. ഭരണ സമിതി അറിയാതെ കത്തയച്ച ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഓഫിസ് ഉപരോധിച്ചു.


എന്‍പിആര്‍ വിവര ശേഖരണത്തില്‍ ചട്ടവിരുദ്ധ പ്രവര്‍ത്തനം നടത്തിയ മഞ്ചേരി നഗരസഭ സെക്രട്ടറിയെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധം. പ്രതിഷേധത്തില്‍ സെക്ട്രട്ടറിയുടെ കാബിന്‍ അടക്കമുള്ളവയ്ക്കു നാശനഷ്ടമുണ്ടായി. രാവിലെ ഒമ്പതു മണിയോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആദ്യം പ്രതിഷേധവുമായെത്തിയത്. പിന്നീട് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകരെത്തിയതോടെ പ്രതിഷധം രൂക്ഷമായി. മുസ്‌ലിം ലീഗ് ഓഫിസ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് നഗരസഭാ കവാടത്തിന് പുറത്ത് പോലിസ് തടയാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിമാറ്റി അകത്തു കയറി. തുടര്‍ന്ന് സെക്രട്ടറിയുടെ ഓഫിസിനു മുന്നിലേക്ക് മുദ്രാവാക്യം വിളികളുമായി ഇരച്ചെത്തിയ പ്രവര്‍ത്തകരെ പോലിസെത്തി പ്രവര്‍ത്തകരെ നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിന്‍മാറാന്‍ തയ്യാറായില്ല. ഇത് സംഘര്‍ഷത്തിനിടയാക്കി. പ്രവര്‍ത്തകര്‍

സെക്രട്ടറിയുടെ ഓഫിസിന്റെ വാതില്‍ തകര്‍ക്കുകയും ഓഫിസിലെ ഫയലുകളും കസേരകളും മറിച്ചിട്ടതായും സെക്രട്ടറി ആരോപിച്ചു. പ്രതിഷേധം പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. നഗരസഭ സെക്രട്ടറിയെ പുറത്താക്കുന്നതുവരെ സമരം തുടരുമെന്ന് യൂത്ത് ലീഗ് അറിയിച്ചു.

അതേസമയം, സംസ്ഥാന സര്‍ക്കാര്‍ തീരുമാനം മറികടന്ന ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മും നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. ഇതിനിടെ നഗരസഭാ സെക്രട്ടറിക്ക് മലപ്പുറം ജില്ലാ കലക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. തെറ്റുപറ്റിയെന്നാണ് സെക്രട്ടറിയുടെ വിശദീകരണം. എന്‍പിആര്‍ പരമാര്‍ശം നീക്കാതെ സെന്‍സസ് വിവര ശേഖരണത്തിന് എന്യുമറേറ്റര്‍മാരെയും സൂപ്പര്‍വൈസര്‍മാരെയും നിയമിക്കാന്‍ മഞ്ചേരി നഗരസഭയില്‍ നിന്ന് വിദ്യാലയങ്ങളിലേക്കയച്ച കത്തിനെതിരെയാണ് പ്രതിഷേധം.


Next Story

RELATED STORIES

Share it