Latest News

മഹാരാഷ്ട്ര-മധ്യപ്രദേശ് അതിര്‍ത്തിയില്‍ കുടിയേറ്റത്തൊഴിലാളികള്‍ അക്രമാസക്തരായി; പോലിസിനു നേരെ കല്ലേറും

മഹാരാഷ്ട്ര-മധ്യപ്രദേശ് അതിര്‍ത്തിയില്‍ കുടിയേറ്റത്തൊഴിലാളികള്‍ അക്രമാസക്തരായി; പോലിസിനു നേരെ കല്ലേറും
X

ഭോപ്പാല്‍: മധ്യപ്രദേശ് മഹാരാഷ്ട്ര അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് കുടിയേറ്റത്തൊഴിലാളികള്‍ അക്രമാസക്തരായി. മഹാരാഷ്ട്രയിലെ സെന്ദ്വ പട്ടണത്തില്‍ ദേശീയ പാത 3ല്‍ കുടുങ്ങിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനക്കൂട്ടമാണ് ഭക്ഷണവും വെള്ളവും ലഭ്യമാക്കാത്ത മധ്യപ്രദേശ് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് അക്രമാസക്തരായത്. ജനക്കൂട്ടം പോലിസിന് നേരെ കല്ലെറിഞ്ഞുവെന്നും റിപോര്‍ട്ടുണ്ട്.

ഇന്നലെ രാത്രിയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ മധ്യപ്രദേശുകാരായ കുടിയേറ്റത്തൊഴിലാളികളെ അതിര്‍ത്തിയിലേക്ക് എത്തിച്ചത്. പക്ഷേ, അതിര്‍ത്തിയില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഇവര്‍ക്കുള്ള യാതൊരു സൗകര്യവും ഒരുക്കിയിരുന്നില്ല. സ്ത്രീകളും കൈക്കുഞ്ഞുങ്ങളും അടങ്ങുന്ന ആയിരക്കണക്കിനു വരുന്ന തൊഴിലാളികള്‍ ഇന്നലെ രാത്രി മുതല്‍ അതിര്‍ത്തിയില്‍ കാത്തിരിക്കുകയാണ്. ആളുകള്‍ ഭീതിയോടെ പരക്കംപായുകയാണെന്നും സ്ഥലത്ത് തൊഴിലാളികള്‍ കടുത്ത ഭീതിയിലാണെന്നും അവിടെ നിന്ന് പുറത്തുവന്ന റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

തൊഴിലാളികള്‍ പോലിസിനു നേരെ കല്ലെറിഞ്ഞുവെന്ന് ജില്ലാ കലക്ടര്‍ അമിത് തോമറും സ്ഥിരീകരിച്ചു. ഇപ്പോള്‍ അവര്‍ ശാന്തരാണെന്നും അദ്ദേഹം പറയുന്നു. വിവിധ ജില്ലകളിലെ ട്രാന്‍സിറ്റ് പോയിന്റുകളില്‍ 135 ബസ്സുകളിലായാണ് തൊഴിലാളികളെ ഇവിടെ എത്തിച്ചത്. പക്ഷേ, ഇവരെ തങ്ങളുടെ നാട്ടിലെത്തിക്കാനുള്ള സൗകര്യങ്ങള്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഒരുക്കിയില്ല. എന്നാല്‍ എല്ലാവര്‍ക്കും ഭക്ഷണം, വെള്ളം, താമസസൗകര്യം എന്നിവയൊക്കെ തങ്ങള്‍ നല്‍കുന്നുണ്ടെന്നാണ് മധ്യപ്രദേശ് സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഇത്തരം സംഭവങ്ങള്‍ക്ക് നഗരം സാക്ഷിയാകുന്നത് ഇതാദ്യമല്ല. മെയ് മൂന്നിന് ആയിരത്തിലധികം തൊഴിലാളികള്‍ ബര്‍വാനിയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

തങ്ങളുടെ ഗ്രാമങ്ങളിലേക്ക് പ്രവേശിക്കാനും യാത്ര തുടരാനും അനുവദിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ആദ്യം അവര്‍ ഈ ആവശ്യവുമായി ആഗ്ര-മുംബൈ ദേശീയപാത തടഞ്ഞു. മാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ പോലിസിനു നേരെ കല്ലെറിഞ്ഞു.

മധ്യപ്രദേശിനെ സംബന്ധിച്ചിടത്തോളം, കുടിയേറ്റത്തൊഴിലാളികളുടെ പ്രശ്‌നം വലിയ വെല്ലുവിളിയാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നു പോകുന്നവര്‍ക്ക്് ഇടത്താവളമൊരുക്കുന്നതും സ്വന്തം കുടിയേറ്റത്തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതുമൊക്കെ അവരുടെ ചുമതലയിലാണ്. ഉത്തര്‍പ്രദേശിലേക്കും ബീഹാറിലേക്കും മറ്റും പോകുന്ന തൊഴിലാളികള്‍ ഈ വഴിയാണ് കടന്നുപോകുന്നത്.

മഹാരാഷ്ട്രയില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് ബീഹാറിലേക്കും ഉത്തര്‍പ്രദേശിലേക്കും പോകുന്നതിനിടയിലെ ഒരു പ്രധാന പോയിന്റാണ് ബര്‍വാനി ജില്ലയിലെ സെന്ദ്വ. ഓരോ ദിവസവും ആയിരക്കണക്കിന് കുടിയേറ്റക്കാരാണ് ഈ പട്ടണത്തിലൂടെ കടന്നുപോകുന്നത്. പലരും ഈ പട്ടണത്തില്‍ നിന്ന് ബസ്സുകളും ട്രക്കുകളും വാടകക്കെടുക്കുന്നു. പ്രതിദിനം 5,000 മുതല്‍ 6,000 വരെ തൊഴിലാളികളാണ് ഈ നഗരത്തിലൂടെ കടന്നുപോകുന്നത്.

കഴിഞ്ഞ മൂന്നു ദിവസമായി 15000 പേര്‍ക്ക് തങ്ങള്‍ ഭക്ഷണം നല്‍കിയെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.

Next Story

RELATED STORIES

Share it