Latest News

ആറ് മാസത്തേക്കുള്ള റേഷനും ഇന്ധനവും; പഞ്ചാബിലെ കര്‍ഷകര്‍ ഉറച്ചുതന്നെ

ആറ് മാസത്തേക്കുള്ള റേഷനും ഇന്ധനവും; പഞ്ചാബിലെ കര്‍ഷകര്‍ ഉറച്ചുതന്നെ
X

ന്യൂഡല്‍ഹി: ആറ് മാസത്തേക്കുള്ള റേഷനും ഇന്ധനവുമെല്ലാം കൈയില്‍ കരുതിയാണ് ഡല്‍ഹിയിലേക്കുള്ള മാര്‍ച്ചെന്ന് പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍. രാജ്യതലസ്ഥാനത്തേക്കുള്ള അതിര്‍ത്തികള്‍ അടച്ചതിനാല്‍ മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പ്രതിഷേധത്തിന് തയ്യാറെടുത്താണ് പോവുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. വിളകള്‍ക്ക് മിനിമം താങ്ങുവില ഉള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷക മാര്‍ച്ച്. 2020ല്‍ 13 മാസത്തോളം ഡല്‍ഹി അതിര്‍ത്തിയില്‍ ക്യാംപ് ചെയ്താണ് കര്‍ഷകര്‍ സമരം ചെയ്തത്. ആ സമരത്തിന്റെ തുടര്‍ച്ചയാണിതെന്നും ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നതു വരെ സമരം തുടരുമെന്നും കര്‍ഷകര്‍ പറയുന്നു. ഇന്നലെ രാത്രി കേന്ദ്രമന്ത്രിമാരുമായി സംഘടനകള്‍ നടത്തിയ അഞ്ചു മണിക്കൂര്‍ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് കര്‍ഷകര്‍ സമരവുമായി മുന്നോട്ടു പോവാന്‍ തീരുമാനിച്ചത്. സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്താതെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി വ്യക്തമാക്കി. താങ്ങുവിലയ്ക്ക് നിയമസാധുത നല്‍കുന്ന നിയമം ഈ സര്‍ക്കാരിന്റെ കാലത്ത് ഇനി പാസാവില്ലെന്നാണ് മന്ത്രിമാര്‍ അറിയിച്ചത്. താങ്ങുവിലയുടെ കാര്യത്തില്‍ നടപടിയില്ലാതെ പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. അറുപത് വയസ് കഴിഞ്ഞ കര്‍ഷകര്‍ക്ക് 10,000 രൂപ പെന്‍ഷന്‍ നല്‍കുക എന്ന ആവശ്യവും സംഘടനകള്‍ ശക്തമാക്കുകയാണ്. അതിനിടെ കര്‍ഷക സംഘടനകള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിച്ചു.

Next Story

RELATED STORIES

Share it