Latest News

പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസുകളെ കേരളത്തിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി ശൃംഖലയാക്കാന്‍ പദ്ധതി

പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസുകളെ കേരളത്തിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി ശൃംഖലയാക്കാന്‍ പദ്ധതി
X

തിരുവനന്തപുരം: പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസുകളെ സംസ്ഥാനത്തെ ഏറ്റവും വലുതും മികച്ചതുമായ ഹോസ്പിറ്റാലിറ്റി ശൃംഖലയാക്കുമെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. റെസ്റ്റ് ഹൗസുകളില്‍ മാനവവിഭവശേഷി വര്‍ധിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. റെസ്റ്റ് ഹൗസുകളിലെ ഓണ്‍ലൈന്‍ ബുക്കിങ് ഫലപ്രദമാക്കുന്നതിന് ആരംഭിച്ച കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

റെസ്റ്റ് ഹൗസുകളിലെ മാനവവിഭവശേഷി വര്‍ധിപ്പിക്കുന്നതിനായി റോഡ് റോളറുകളുടെ പ്രവര്‍ത്തനത്തിനു നിയോഗിച്ചിരുന്ന 41 ജീവനക്കാരെ ഇവിടേയ്ക്കു പുനര്‍വിന്യസിച്ചതായി മന്ത്രി അറിയിച്ചു. റെസ്റ്റ് ഹൗസ് ജീവനക്കാര്‍ക്കു ഹോസ്പിറ്റാലിറ്റി മേഖലയില്‍ പരിശീലനം നല്‍കും. നവീകരണ പ്രവൃത്തികളും തുടര്‍ പ്രവര്‍ത്തനവും നിരീക്ഷിക്കാന്‍ സ്‌പെഷ്യല്‍ ഇന്‍സ്‌പെക്ഷന്‍ ടീമിനെ(എസ്.ഐ.ടി) സജ്ജമാക്കും. ഈ സംഘം സംസ്ഥാനത്തെ 153 റെസ്റ്റ് ഹൗസുകളിലും ഏതു സമയത്തും പരിശോധനയ്‌ക്കെത്തുകയും ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്യും.

പൊതുമരാമത്ത് റെസ്റ്റ് ഹൗസുകളുടെ പ്രവര്‍ത്തനം സംബന്ധിച്ചു നടത്തിയ പരിശോധനയില്‍ പല സ്ഥലങ്ങളിലും പ്രതീക്ഷിച്ചതിലും മികച്ച രീതിയില്‍ പ്രവര്‍ത്തനം നടക്കുന്നതായി കണ്ടു. ഇവിടുത്തെ ജീവനക്കാരെ അഭിനന്ദിച്ചിട്ടുണ്ട്. തീരുമാനങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ തിരുത്തുന്ന നടപടികളും സ്വീകരിച്ചുവരുന്നതായി മന്ത്രി പറഞ്ഞു. റെസ്റ്റ് ഹൗസുകളിലെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചതു മുതല്‍ പൊതുജനങ്ങളില്‍നിന്നു മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഏകോപിപ്പിക്കുന്നതിനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമായാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ക്രമീകരിച്ചിരിക്കുന്നത്.

12 ജീവനക്കാരെ പ്രത്യേക പരിശീലനം നല്‍കി ഇവിടെ നിയോഗിച്ചിട്ടുണ്ട്. പബ്ലിക് ഓഫിസില്‍ സജ്ജമാക്കിയിരിക്കുന്ന കണ്‍ട്രോള്‍ ഓണ്‍ലൈന്‍ ബുക്കിങുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിക്കുകയും ജനങ്ങളുടെ സംശയങ്ങളും പരാതികളും ദുരീകരിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it