Latest News

നാഷനല്‍ ഹെറാള്‍ഡ് കേസ്: രാഹുലിനെ അഞ്ചാം ദിവസം ഇഡി ചോദ്യം ചെയ്തത് 12 മണിക്കൂര്‍; സോണിയാ ഗാന്ധി കൂടുതല്‍ സമയം ആവശ്യപ്പെടും

നാഷനല്‍ ഹെറാള്‍ഡ് കേസ്: രാഹുലിനെ അഞ്ചാം ദിവസം ഇഡി ചോദ്യം ചെയ്തത് 12 മണിക്കൂര്‍; സോണിയാ ഗാന്ധി കൂടുതല്‍ സമയം ആവശ്യപ്പെടും
X

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഞ്ചാം ദിവസം ചോദ്യം ചെയ്തത് 12 മണിക്കൂര്‍. അര്‍ധരാത്രിയോടെയാണ് ചോദ്യം ചെയ്യലിനുശേഷം രാഹുല്‍ ഗാന്ധി ഇഡി ഓഫിസില്‍ നിന്ന് മടങ്ങിയത്. ഇനി ഈയാഴ്ച രാഹുലിനെ ചോദ്യം ചെയ്യില്ലെന്നാണ് ഇഡി അറിയിച്ചിരിക്കുന്നത്. അഞ്ചുദിവസങ്ങളിലായി 54 മണിക്കൂറാണ് ഇഡി രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. നാഷനല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് കമ്പനിയും രാഹുല്‍ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും യങ് ഇന്ത്യ ലിമിറ്റഡ് കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഡോടെക്‌സ് മെര്‍ക്കന്റൈസ് എന്ന കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ടാണ് ഇഡി രാഹുലില്‍ നിന്നും വിവരങ്ങള്‍ തേടിയത്.

ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം രാഹുല്‍ തേടിയിട്ടുണ്ട്. തിങ്കളാഴ്ച 13 മണിക്കൂറാണ് രാഹുലിനെ ചോദ്യം ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ രാഹുല്‍ ഗാന്ധിയെ 30 മണിക്കൂറിലേറെയായിരുന്നു ചോദ്യം ചെയ്തത്. പിന്നീട് രാഹുല്‍ ഗാന്ധി ചോദ്യം ചെയ്യലിന് അവധി വേണമെന്ന് ആവശ്യപ്പെട്ടു. സോണിയാ ഗാന്ധിയുടെ ചികില്‍സയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഇളവിന് അഭ്യര്‍ഥിച്ചത്. ഇതെത്തുടര്‍ന്ന് ഇഡി ചോദ്യം ചെയ്യലിന് ഇളവ് നല്‍കുകയായിരുന്നു. ശേഷം തിങ്കളാഴ്ച വീണ്ടും രാഹുലിനെ ഇഡി ചോദ്യം ചെയ്തിരുന്നു.

അതേസമയം, കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാവാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കൂടുതല്‍ സമയം ആവശ്യപ്പെടും. വ്യാഴാഴ്ച ഹാജരാവണമെന്നാവശ്യപ്പെട്ടായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സോണിയക്കു നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍, കൊവിഡിനുശേഷം ശ്വാസകോശത്തില്‍ അണുബാധയുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സോണിയ തിങ്കളാഴ്ചയാണ് ആശുപത്രി വിട്ടത്. രണ്ടാഴ്ചത്തെ പൂര്‍ണവിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതിനാല്‍, ചോദ്യം ചെയ്യലിനു വ്യാഴാഴ്ച സോണിയ ഹാജരാവില്ലെന്നാണു റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it