Latest News

വോട്ടർമാരോട് നന്ദിപറയാൻ രാഹുല്‍ഗാന്ധി ഇന്ന് വയനാട്ടില്‍

വോട്ടർമാരോട് നന്ദിപറയാൻ രാഹുല്‍ഗാന്ധി  ഇന്ന് വയനാട്ടില്‍
X

കല്പറ്റ: റായ്ബറേലിയിലോ, വയനാട്ടിലോ എവിടെയാണ് എംപിയായി തുടരുക എന്ന ആകാംക്ഷയ്ക്കിടെ, രാഹുല്‍ഗാന്ധി ഇന്ന് മണ്ഡലത്തിലെത്തുന്നു. മലപ്പുറം ജില്ലയിലെ എടവണ്ണയിലും കല്പറ്റയിലുമാണ് സ്വീകരണപരിപാടി. വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദിപറയാനാണ് രാഹുലെത്തുന്നത്. പക്ഷേ, നന്ദിപറയല്‍ ചടങ്ങ് മണ്ഡലത്തില്‍നിന്നുള്ള വിടവാങ്ങല്‍ പ്രസംഗമാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

റായ്ബറേലിയില്‍ തുടരണമെന്നാണ് ഇന്ത്യമുന്നണിയുടേയും എഐസിസിയുടേയും അഭിപ്രായമെങ്കിലും രാഹുല്‍ഗാന്ധി ഇതുവരെ മനസ്സുതുറന്നിട്ടില്ല. അദ്ദേഹത്തിന് വയനാട്ടില്‍ തുടരാനാണ് താത്പര്യമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. വയനാടിനോടുള്ള അദ്ദേഹത്തിന്റെ വൈകാരിക അടുപ്പംതന്നെയാണ് കാരണം. എംപിസ്ഥാനത്തുനിന്ന് അയോഗ്യനായ അവസരത്തിലും ഒപ്പംനിന്ന വയനാട്ടുകാരെ ഒഴിവാക്കാനാവില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. പക്ഷേ, യുപിയില്‍ എന്‍ഡിഎ മുന്നേറ്റമുണ്ടാക്കിയ സാഹചര്യത്തില്‍ രാഹുല്‍ റായ്ബറേലിയില്‍തന്നെ തുടരാന്‍ നിര്‍ബന്ധിതനാവും. ഏതു മണ്ഡലമാണെന്ന കാര്യത്തില്‍ 17നകം അന്തിമതീരുമാനമെടുക്കണം.

ബുധനാഴ്ച വോട്ടര്‍മാര്‍ക്ക് നന്ദിപറയല്‍ മാത്രമേ ഉണ്ടാവൂ. ഇക്കാര്യത്തില്‍ ഒരു പ്രഖ്യാപനവുമുണ്ടാവില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. വയനാട് നിലനിര്‍ത്തണമെന്ന പൊതുവികാരം ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധിയെ സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിരുന്നു. രാഹുല്‍ ഒഴിയുകയാണെങ്കില്‍ പ്രിയങ്കാഗാന്ധിയെ ഇവിടെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചിട്ടുണ്ട്. രാഹുല്‍ നിലപാട് വ്യക്തമാക്കാത്തതിനാല്‍ എന്താകും സംഭവിക്കുകയെന്നതില്‍ അവ്യക്തത തുടരുകയാണ്.

യുഡിഎഫിന്റെ നേതൃത്വത്തില്‍ വന്‍ സ്വീകരണപരിപാടിയാണ് ഒരുക്കിയിട്ടുള്ളതെന്ന് നേതാക്കള്‍ അറിയിച്ചു. രാവിലെ 10.30ന് സ്വീകരണയോഗത്തില്‍ പങ്കെടുത്തശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ കല്പറ്റയില്‍ എത്തിച്ചേരും. കല്പറ്റ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്താണ് പരിപാടി. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം പ്രിയങ്കാഗാന്ധി, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ പങ്കെടുക്കും. സ്വീകരണകമ്മിറ്റി യോഗത്തില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെകെ അഹമ്മദ് ഹാജി അധ്യക്ഷനായിരുന്നു. ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍, എംഎല്‍എമാരായ ടി സിദ്ദിഖ്, ഐസി. ബാലകൃഷ്ണന്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ കെകെ വിശ്വനാഥന്‍, വിഎ മജീദ്, ഒവി അപ്പച്ചന്‍, പി പ്രഭാകരന്‍ നായര്‍, ജോസഫ് കളപ്പുരയ്ക്കല്‍, വിനോദ് കുമാര്‍, എംഎ ജോസഫ്, പ്രവീണ്‍ തങ്കപ്പന്‍, കെവി പോക്കര്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു.

Next Story

RELATED STORIES

Share it