Latest News

രാജസ്ഥാന്‍ കോണ്‍ഗ്രസ് എംഎല്‍എ ഭന്‍വര്‍ലാല്‍ ശര്‍മ അന്തരിച്ചു

രാജസ്ഥാന്‍ കോണ്‍ഗ്രസ് എംഎല്‍എ ഭന്‍വര്‍ലാല്‍ ശര്‍മ അന്തരിച്ചു
X

ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ഭന്‍വര്‍ലാല്‍ ശര്‍മ (77) അന്തരിച്ചു. ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് സര്‍ദര്‍ശഹറില്‍ നടക്കും. 1945 ഏപ്രില്‍ 17 ന് രാജസ്ഥാനിലെ ചുരു ജില്ലയിലെ സര്‍ദാര്‍ഷഹറിലെ ജെയ്ത്‌സിസര്‍ ഗ്രാമത്തില്‍ സേവാഗ്രാമിന്റെയും പാര്‍വതി ദേവിയുടെയും മകനായി ഭന്‍വര്‍ ലാല്‍ ശര്‍മ ജനിച്ചു. 17ാം വയസ്സില്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ശര്‍മ 1962ല്‍ ജയ്ത്‌സിസര്‍ ഗ്രാമപ്പഞ്ചായത്തിന്റെ സര്‍പഞ്ചായി. 1962 മുതല്‍ 1982 വരെ അദ്ദേഹം സര്‍പഞ്ചായി തുടര്‍ന്നു. 1982ല്‍ സര്‍ദര്‍ശഹര്‍ പഞ്ചായത്ത് സമിതിയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ടു.

1985ല്‍ ലോക്ദളില്‍ നിന്ന് തന്റെ ആദ്യ രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ശര്‍മ എംഎല്‍എയായി. തുടര്‍ന്ന് ജനതാദള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. 1990ല്‍ രണ്ടാം തവണയും എംഎല്‍എയായി. രാജസ്ഥാനിലെ ഇന്ദിരാഗാന്ധി കനാല്‍ പദ്ധതി മന്ത്രിയായി. 1996ല്‍ രാജസ്ഥാന്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിലും അദ്ദേഹം വിജയിച്ചു. 1998, 2003, 2013, 2018 തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ടിക്കറ്റിലൂടെ എംഎല്‍എയായി. എട്ട് തവണ സര്‍ദാര്‍ശഹറില്‍ നിന്ന് നിയമസഭയിലെത്തിയ ശര്‍മ, 2020ല്‍ സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ അശോക് ഗെലോട്ട് സര്‍ക്കാരിനെതിരേ ആഭ്യന്തര കലാപം നടത്തിയ സംഘത്തിലെ പ്രധാനിയാണ്.

സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി നേതാവ് ഗജേന്ദ്ര സിങ് ഷെഖാവത്തുമായി ശര്‍മ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നത് വിവാദമായിരുന്നു. സര്‍ക്കാരിനെ വീഴ്ത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഗെലോട്ട് പക്ഷത്തേക്ക് ആദ്യം മടങ്ങിയെത്തിയത് ശര്‍മയായിരുന്നു. ശര്‍മയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും മികച്ച പൊതുപ്രവര്‍ത്തകനെയാണ് നഷ്ടമായതെന്നും അശോക് ഗെലോട്ട് പ്രസ്താവിച്ചു.

Next Story

RELATED STORIES

Share it