Latest News

രാജ്യസഭ: പെഗസസ് നിര്‍മാതാക്കളുമായി ബന്ധം നിഷേധിച്ച് പ്രതിരോധ മന്ത്രാലയം

രാജ്യസഭ: പെഗസസ് നിര്‍മാതാക്കളുമായി ബന്ധം നിഷേധിച്ച് പ്രതിരോധ മന്ത്രാലയം
X

ന്യൂഡല്‍ഹി: പെഗസസ് ചാര സോഫ്റ്റ് വെയര്‍ നിര്‍മാതാക്കളായ ഇസ്രായേലി കമ്പനി എന്‍എസ്ഒയുമായുള്ള ബന്ധം നിഷേധിച്ച് പ്രതിരോധ മന്ത്രാലയം. പാര്‍ലമെന്റില്‍ നല്‍കിയ പ്രസ്താവനയിലാണ് മിലിറ്ററി ഗ്രേഡ് സ്‌പൈവെയറായ പെഗസസ് നിര്‍മാതാക്കളുമായുള്ള ബന്ധം പ്രതിരോധ മന്ത്രാലയം നിഷേധിച്ചത്. രാജ്യസഭയില്‍ സിപിഎം എംപി ഡോ. വി ശിവദാസന്റെ ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയിലാണ് പ്രതിരോധ സഹമന്ത്രി അജയ് ഭട്ടിന്റെ പ്രതികരണം. എന്‍എസ്ഒ ഗ്രൂപ്പുമായി കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും സാമ്പത്തികമോ അല്ലാത്തതോ ആയ ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ എന്താണെന്നുമായിരുന്നു അംഗത്തിന്റെ ചോദ്യം.

രാജ്യത്ത് നിയമവിരുദ്ധമായ നിരീക്ഷണങ്ങളോ ചോര്‍ത്തലുകളോ നടന്നിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പക്ഷേ, സര്‍ക്കാരിന്റെ പ്രതികരണം പ്രതിപക്ഷത്തെ തൃപ്തിപ്പെടുത്തിയില്ല. എന്‍എസ്ഓ ഗ്രൂപ്പുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ എന്ന് വളച്ചുകെട്ടില്ലാതെ പറയാന്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു.

നിരീക്ഷണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിയമമനുസരിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെയല്ല, ആഭ്യന്തര, ഐടി മന്ത്രാലയത്തിന്റെ പരിധിയിലാണ് പെടുന്നത്.

ഇന്ത്യയിലെ പ്രധാനപ്പെട്ട രാഷ്ട്രീയനേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ജഡ്ജിമാര്‍ എന്നിവരുടെ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പെഗസസ് സ്‌പൈ വെയര്‍ ഉപയോഗിച്ച് ചോര്‍ത്തിയെന്നാണ് ആഗോളപ്രശസ്തമായ ഏതാനും മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്.

വര്‍ഷകാല സമ്മേളനം തുടങ്ങിയ ശേഷം ഈ പ്രശ്‌നത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്.

Next Story

RELATED STORIES

Share it