Latest News

കുമ്പളത്തെ ബിജെപി-സിപിഎം കൂട്ടുകെട്ട്: തലയില്‍ മുണ്ടിട്ട് കൂട്ടുകച്ചവടം ചെയ്യുന്നതിനേക്കാള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്ന് ചെന്നിത്തല

തുടര്‍ ഭരണത്തിനുവേണ്ടി ഏത് വര്‍ഗീയ ശക്തിയോടും സന്ധി ചെയ്യാന്‍ മടിയില്ലാത്ത നിലയിലേക്ക് പിണറായി വിജയനും സിപിഎമ്മും അധപ്പതിച്ചു

കുമ്പളത്തെ ബിജെപി-സിപിഎം കൂട്ടുകെട്ട്: തലയില്‍ മുണ്ടിട്ട് കൂട്ടുകച്ചവടം ചെയ്യുന്നതിനേക്കാള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്ന് ചെന്നിത്തല
X

തിരുവനന്തപുരം: ബിജെപിയും സിപിഎമ്മും തലയില്‍ മുണ്ടിട്ട് ഒത്തുതീര്‍പ്പ് കൂട്ടുകച്ചവടം നടത്തുന്നതിനു പകരം പൊതുസമൂഹത്തോട് തുറന്നു പറഞ്ഞു ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കാസര്‍കോട് കുമ്പളം പഞ്ചായത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം-ബിജെപി സംസ്ഥാന നേതാക്കന്മാര്‍ നേരിട്ട് ചര്‍ച്ച നടത്തിയെന്ന വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് രമേശ് ചെന്നിത്തല ഫേസ് ബുക്കില്‍ ആക്ഷേപമുന്നയിച്ചത്.

ചെന്നിത്തലയുടെ ഫേസ് ബുക്ക് കുറിപ്പ്

ബിജെപി -സിപിഎം അവിശുദ്ധ കൂട്ടുകെട്ടിന്റ ഭാഗമായി കാസര്‍ഗോഡ് ജില്ലയില്‍ നടത്തുന്ന കച്ചവടത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ ജില്ലാ കമ്മിറ്റി ഓഫിസ് ഉപരോധിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ വഷളായിരിക്കുന്നു.

കാസര്‍കോട് ജില്ലയിലെ കുമ്പളം പഞ്ചായത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കന്മാര്‍ നേരിട്ട് ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പ് നടത്തി എന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.

നിങ്ങള്‍ രണ്ടുകൂട്ടരും തലയില്‍ മുണ്ടിട്ട് ഒത്തുതീര്‍പ്പ് കൂട്ടുകച്ചവടം നടത്തുന്നതിനു പകരം പൊതുസമൂഹത്തോട് തുറന്നു പറഞ്ഞു ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതാണ് നല്ലത്. സാധാരണ പ്രവര്‍ത്തകരെ ബലിദാനികളും രക്തസാക്ഷികളും ആക്കുന്ന അക്രമ നയം ഒരു സ്ഥലത്ത് പിന്‍തുടരുമ്പോള്‍ ഭരണത്തിന്റെ സുഖശീതളമയില്‍ രമിക്കുന്നതിനു വേണ്ടി അധാര്‍മികമായി കൂട്ടുകെട്ട് ഉണ്ടാക്കുന്നത് നീതിക്കു നിരക്കുന്നതാണോ എന്ന് ആ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചിന്തിക്കേണ്ടതാണ്.

വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളെ കൂട്ടുപിടിച്ചുള്ള രാഷ്ട്രീയപ്രവര്‍ത്തനം ഇടതു നയത്തിന് ഭാഗമാണോ എന്ന് ബന്ധപ്പെട്ടവര്‍ വിലയിരുത്തുന്നത് അഭികാമ്യമായിരിക്കും. തുടര്‍ ഭരണത്തിനുവേണ്ടി ഏത് വര്‍ഗീയ ശക്തികളോടും സന്ധി ചെയ്യാന്‍ മടിയില്ലാത്ത നിലയിലേക്ക് പിണറായി വിജയനും സിപിഎമ്മും അധപ്പതിച്ചത് ജനാധിപത്യ കേരളത്തിന് അപമാനമാണ്.

Next Story

RELATED STORIES

Share it