Latest News

പിണറായിയുടെ സാമ്പത്തിക മാനേജ്‌മെന്റ് അമ്പേ പരാജയമെന്ന് രമേശ് ചെന്നിത്തല

പിണറായിയുടെ സാമ്പത്തിക മാനേജ്‌മെന്റ് അമ്പേ പരാജയമെന്ന് രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: കേരളം അതിഭീമമായ കടക്കെണിയിലൂടെയാണ് കടന്നുപോകുന്നതെന്നും പിണറായി വിജയന്റെ സാമ്പത്തിക മാനേജ്‌മെന്റ് വമ്പന്‍ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറച്ചു നാളായി ബോംബ് ബോംബ് എന്നു പറഞ്ഞ് പേടിച്ചു നടക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. യഥാര്‍ത്ഥത്തില്‍ കേരളം ഒരു ബോംബിന്റെ പുറത്താണ് ഇപ്പോള്‍. കടബോംബാണ് അത്. ചുമക്കാന്‍ കഴിയാത്ത അതിഭീമമായ കടമാണ് കേരളത്തിന്മേല്‍ ഇടതു സര്‍ക്കാര്‍ വലിച്ചു കയറ്റി വച്ചിരിക്കുന്നകതെന്നും ചെന്നിത്തല ആരോപിച്ചു.

കഴിഞ്ഞ ദിവസം ധനകാര്യമന്ത്രി തോമസ് ഐസക് ഒരു തമാശ പറഞ്ഞു. 5000 കോടി രൂപ മിച്ചം വച്ചിട്ടാണ് അദ്ദേഹം സ്ഥാനമൊഴിയുന്നതെന്ന്. ഈ മാര്‍ച്ച് 30ന് 4000 കോടിരൂപ കടമെടുത്തു. അത് ട്രഷറിയിലിട്ട ശേഷമാണ് മിച്ചമിരുപ്പുണ്ട് എന്ന് പറഞ്ഞത്. കടം വാങ്ങി വച്ചിട്ട് ഇതാ മിച്ചം ഇരിക്കുക്കുന്നത് കണ്ടില്ലേ എന്ന് ചോദിക്കുന്ന ധനകാര്യവൈദഗ്ധ്യം അല്പം കടന്നതാണ്. രണ്ടായിരം കോടി കൂടി സംസ്ഥാനത്തിന് ഇനിയും കടമെടുക്കാന്‍ കഴിയുമെന്നാണ് ധനമന്ത്രി പറയുന്നത്. അതും കൂടി ചേര്‍ത്താണ് 5000 കോടി മിച്ചമിരിക്കുകയാണെന്ന് തോമസ് ഐസക്ക് പറയുന്നത്. അതായത് കടം വാങ്ങാനുള്ളതും കൂടി ചേര്‍ത്ത് മിച്ചമുണ്ടെന്ന് പറയുക. ജനങ്ങളെ ഇങ്ങനെ വിഡ്ഡികളാക്കാനുള്ള വൈഭവം തോമസ് ഐസക്കിന് മാത്രമേ ഉണ്ടാകൂ. കേരളത്തിന്റെ സാമ്പത്തിക നില കുട്ടിച്ചോറാക്കിയത് തോമസ് ഐസക്കിന്റെ ഈ തലതിരഞ്ഞ വൈഭവമാണ്-ചെന്നിത്തല വിശദീകരിച്ചു.

കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ സംസ്ഥാനത്തിന്റെ കടബാധ്യത 1,57,370 കോടി രൂപയായിരുന്നു. ഇപ്പോഴത്തെ കടബാധ്യതയാകട്ടെ 3,21,000 കോടി കവിഞ്ഞിരിക്കുന്നു. ഈ സര്‍ക്കാര്‍ മാത്രം വാങ്ങി കൂട്ടിയ കടം 1,63,630 കോടിരൂപയാണ്. കേരളം രൂപപ്പെട്ടശേഷം ഇതുവരെ ഉണ്ടായ സര്‍ക്കാരുകളെല്ലാം കൂടി വാങ്ങിക്കൂട്ടിയ കടത്തേക്കാള്‍ കൂടുതലാണ് അഞ്ചുവര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ മാത്രം വരുത്തിവച്ച കടം. കൊള്ളപ്പലിശയ്ക്ക് കിഫ്ബി വാങ്ങിക്കൂട്ടിയ കടം ഇതിനു പുറമേയാണ്. 2016 ല്‍ ഇടതുസര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ആളോഹരി കടം 46,078 രൂപയായിരുന്നു. ഇപ്പോഴത് 90,000 രൂപ കഴിഞ്ഞിരിക്കുന്നു. അതായത് ഓരോ കുഞ്ഞും 90,000 രൂപ കടക്കാരനായാണ് ജനിച്ചുവീഴുന്നത്. ആ അവസ്ഥയിലാണ് ഇടതു സര്‍ക്കാര്‍ കേരളത്തെ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ നാല് മാസത്തിനിടയില്‍ മാത്രം വാങ്ങിയ കടം 22,000 കോടി രൂപയാണ്. കടം വാങ്ങിക്കൂട്ടിയ ഈ പണമെല്ലാം എവിടെപ്പോയി എന്നു കണ്ടെത്തേണ്ടതുണ്ട്. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചു എന്ന് പറയാന്‍ കഴിയില്ല. വികസനരംഗത്ത് കഴിഞ്ഞ അഞ്ചുവര്‍ഷവും വട്ടപൂജ്യമായിരുന്നു.പുതുതായി ഒരൊറ്റ വന്‍കിട പദ്ധതി ആരംഭിച്ചു പൂര്‍ത്തിയാക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കുറേ റോഡുകള്‍ ടാര്‍ ചെയ്യുകയും സ്‌കൂള്‍ കെട്ടിടങ്ങളും ആശുപത്രി കെട്ടിടങ്ങളും അറ്റകുറ്റപ്പണി നടത്തുകയുമാണ് ആകെ ചെയ്തത്. അത് എല്ലാ സര്‍ക്കാരുകളുടെ കാലത്തും പതിവായി നടന്നു പോകുന്ന കാര്യമാണ്. ഇത്തവണയാകട്ടെ, ഈ പണികള്‍ കിഫ്ബി വഴിയാണ് നടത്തിയത്. അത് ഈ കണക്കില്‍ വരുന്നില്ല. കടം വാങ്ങിയ പണമെല്ലാം ധൂര്‍ത്തടിച്ചു കളയുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്. ധനകാര്യ മിസ് മാനേജ്‌മെന്റ്, ധൂര്‍ത്ത്, അഴിമതി, എന്നിവ കൊണ്ട് കേരളത്തിന്റെ സാമ്പത്തിക രംഗത്തെ കുട്ടിച്ചോറാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ലക്കും ലഗാനുമില്ലാതെയാണ് പണം ധൂര്‍ത്തടിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ആഭ്യന്തര വായ്പയായി സര്‍ക്കാര്‍ വാങ്ങിക്കൂട്ടിയ തുകയില്‍ 64,500 കോടി രൂപ തിരിച്ചടയ്ക്കണമെന്നാണ് ഈ സര്‍ക്കാര്‍ തന്നെ നിയമസഭയില്‍ നല്‍കിയ കണക്ക്. വിദേശ വായ്പയായി തിരിച്ചടയ്‌ക്കേണ്ടിവരുന്നത് 2,862 കോടി രൂപ. 9.72 ശതമാനം കൊള്ളപ്പലിശയ്ക്ക് വാങ്ങിയ മസാല ബോണ്ടിന്റെ 2,150 കോടിയും അടുത്ത വര്‍ഷങ്ങളില്‍ തിരികെ നല്‍കണം. ഇതിന്റെ പലിശ നല്‍കി തുടങ്ങിയിട്ടുണ്ട്. ഇതിനകം നല്‍കിയത് 313.77 കോടി രൂപ. കഴിഞ്ഞ 5 വര്‍ഷവും ചിലവ് വര്‍ദ്ധിക്കുകയും ധൂര്‍ത്തടിക്കുകയും ചെയ്തു എന്നതല്ലാതെ ഉല്പാദനം വര്‍ദ്ധിപ്പിക്കാനുള്ള യാതൊന്നും ഈ സര്‍ക്കാര്‍ ചെയ്തില്ല. ഇത്രയും പിടിപ്പുകെട്ട മറ്റൊരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പരിഹസിച്ചു.

Next Story

RELATED STORIES

Share it