Latest News

ഡല്‍ഹിയില്‍ ബലാല്‍സംഗക്കേസുകള്‍ കുറയുന്നു

ഡല്‍ഹിയില്‍ ബലാല്‍സംഗക്കേസുകള്‍ കുറയുന്നു
X

ന്യൂഡല്‍ഹി: ബലാല്‍സംഗങ്ങള്‍ക്കും ലൈംഗികപീഡനങ്ങള്‍ക്കും കുപ്രസിദ്ധമായ ഡല്‍ഹിയില്‍ അത്തരം കേസുകള്‍ കുറഞ്ഞതായി ഡല്‍ഹി പോലിസ്. 2019നെ അപേക്ഷിച്ച് 2020ല്‍ കേസുകള്‍ കുറഞ്ഞതായി ഡല്‍ഹി ക്രൈം റെക്കോര്‍ഡ് ബ്യൂറോ കണക്കുകള്‍ പറയുന്നു.

2020ല്‍ 2,05,324 കേസുകളാണ് ഈ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ 2019ല്‍ ഇത് 3,01,085 ആയിരുന്നു. ലക്ഷം പേരില്‍ 1,259 ലൈംഗികപീഡന കേസുകളാണ് ഡല്‍ഹിയിലെ ശരാശരി. 2019ല്‍ ഇത് 1,544ആയിരുന്നു.

ബലാല്‍സംഗക്കേസുകളില്‍ 2020ല്‍ 21.63 ശതമാനത്തിന്റെ കുറവനുഭവപ്പെട്ടു. 2020ല്‍ 1,699 കേസുകളാണ് ഈ ഇനത്തില്‍ റിപോര്‍ട്ട് ചെയ്തതെങ്കില്‍ 2019ല്‍ ഇത് 2,168 ആയിരുന്നു. അതേസമയം മിക്കാവാറും കേസുകളില്‍ പരസ്പരം അറിയാവുന്നവരാണ് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിരുന്നത്. 2 ശതമാനം കേസില്‍ മാത്രമാണ് അപരിചിതര്‍ ആക്രമണത്തിനു മുതിര്‍ന്നത്.

സ്ത്രീകള്‍ക്കെതിരേയുളള ലൈംഗികപീഡനക്കേസുകളില്‍ 2020ല്‍ 25.16ന്റെ കുറവുണ്ടായി. 2019ല്‍ ഈ ഇനത്തില്‍ 2,921 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ 2020ല്‍ ഇത് 2,186ആണ്.

ഐപിസി അനുസരിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന്റെ എണ്ണത്തില്‍ വര്‍ധനയുണ്ടെങ്കിലും ഹീനമായ കുറ്റകൃത്യങ്ങള്‍ കുറയുന്നുവെന്നതാണ് മറ്റൊരു പ്രവണത. കഴിഞ്ഞ ആറ് വര്‍ഷമായി ഇത്തരം കേസുകള്‍ കുറഞ്ഞുവരുന്നുണ്ട്. 2015 ല്‍ ആകെ കേസില്‍ 5.84ശതമാനം ഇത്തരം കേസുകളായിരുന്നെങ്കില്‍ 2020ല്‍ 2.16 ശതമാനമായി മാറി.

കൊലപാകക്കേസുകളില്‍ 9.40ശതമാനത്തിന്റെ കുറവുണ്ട്. കൊള്ള 40 ശതമാനമായും തട്ടിക്കൊണ്ടുപോകല്‍ 26.67 ശതമാനമായും കുറഞ്ഞു.

അതേസമയം മോട്ടോര്‍വാഹന മോഷണക്കേസില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. ഓണ്‍ലൈനായി പരാതി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും ഇതിന് കാരണമായി കരുതുന്നു. ആകെ കേസില്‍ 80 ശതമാനവും ഓണ്‍ലൈനായാണ് രജിസ്റ്റര്‍ ചെയ്യുന്നത്.

Next Story

RELATED STORIES

Share it