Latest News

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞടുപ്പില്‍ വ്യാപക ക്രമക്കേടുകളെന്ന് റിപോര്‍ട്ട്

മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതും എണ്ണിയതുമായ വോട്ടുകള്‍ തമ്മിലുള്ള ഡാറ്റയില്‍ വലിയ പൊരുത്തക്കേട് കണ്ടെത്തിയതായി റിപോര്‍ട്ട്

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞടുപ്പില്‍ വ്യാപക ക്രമക്കേടുകളെന്ന് റിപോര്‍ട്ട്
X


മുംബൈ: മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതും എണ്ണിയതുമായ വോട്ടുകള്‍ തമ്മിലുള്ള ഡാറ്റയില്‍ വലിയ പൊരുത്തക്കേട് കണ്ടെത്തിയതായി റിപോര്‍ട്ട്. ദ വയര്‍ പുറത്തുവിട്ട റിപോര്‍ട്ടിലാണ് വോട്ടുകള്‍ തമ്മിലുള്ള ഡാറ്റയില്‍ വന്‍ പൊരുത്തക്കേടിനെ കുറിച്ച് പറയുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ റിപോര്‍ട്ട് (ഇസിഐ) പ്രകാരം ആകെ പോള്‍ ചെയ്തത് 6,40 ,88,195 വോട്ടുകളാണ്. അതായത് 66.05 ആയിരുന്നു വോട്ടിങ് ശതമാനം. എന്നാല്‍ എണ്ണപ്പെട്ട ആകെ വോട്ടുകള്‍ 6,45,92,508 ആണ്. ഇത് മൊത്തം പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ 5,04,313 എണ്ണം കൂടുതലാണ്. എട്ട് മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കുറവായിരുന്നു എണ്ണിയതെങ്കില്‍, ബാക്കിയുള്ള 280 മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കൂടുതലാണ് എണ്ണിയ വോട്ടുകള്‍. പോള്‍ ചെയ്തതിനേക്കാള്‍ 4,538 വോട്ടുകള്‍ കൂടുതല്‍ കാണപ്പെട്ട അഷ്തി മണ്ഡലത്തിലും 4,155 വോട്ടുകളുടെ വ്യത്യാസമുള്ള ഉസ്മാനാബാദ് മണ്ഡലത്തിലുമാണ് ഏറ്റവും വലിയ പൊരുത്തക്കേടുകള്‍ രേഖപ്പെടുത്തിയത്.

ഈ വര്‍ഷം നടന്ന ലോക്സഭ തിരഞ്ഞെടുപ്പിലും ഇത്തരം ക്രമക്കേട് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പോളിങ് സ്റ്റേഷനുകളില്‍ സൂക്ഷിക്കുന്ന 17 സി ഫോമില്‍ ആകെ വോട്ടര്‍മാരുടെ എണ്ണവും ആകെ പോള്‍ ചെയ്ത വോട്ടുകളും സൂക്ഷിക്കാറുണ്ട്. ഈ ഫോമിലെ കണക്കുകളിലുള്ള വ്യത്യാസമായിരുന്നു ലോക്സഭ തിരഞ്ഞെടുപ്പ് കാലത്തെ ആരോപണങ്ങള്‍ക്ക് കാരണം. .അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ഓരോ പോളിങ് ഘട്ടത്തിലും 48 മണിക്കൂറിനുള്ളില്‍ പോളിങ് സ്റ്റേഷന്‍ തിരിച്ചുള്ള വോട്ടര്‍ പോളിങ് ഡാറ്റ പുറത്തുവിടാന്‍ സുപ്രിം കോടതിയില്‍ അപേക്ഷിച്ചു. എന്നാല്‍ പ്രായോഗിക വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടിയുളള തിരഞ്ഞെടുപ്പ് വാദങ്ങള്‍ പരിഗണിച്ച് സുപ്രിം കോടതി അഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു.

പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ എണ്ണപ്പെട്ട ഒരു മണ്ഡലത്തിന്റെ ഒരു ഉദാഹരണം നോക്കാം. പട്ടികവര്‍ഗ സംവരണ മണ്ഡലമായ നവപൂരില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡാറ്റ പ്രകാരം, മൊത്തം വോട്ടര്‍മാരുടെ എണ്ണം 2,95,786 ആയിരുന്നു, അതായത് 81.15% ആണ്. നവംബര്‍ 20-ന് പോള്‍ ചെയ്ത വോട്ടുകള്‍ 2,40,022 ആണ്. എന്നാല്‍ ഇസിഐ പ്രസിദ്ധീകരിച്ച ഫലങ്ങള്‍ അനുസരിച്ച് , ആകെ എണ്ണപ്പെട്ട വോട്ടുകള്‍ 2,41,193 ആണ്, ഇത് പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ 1,171 വോട്ടുകള്‍ കൂടുതലാണ്.

ഇനി, പോള്‍ ചെയ്തതിനേക്കാള്‍ കുറച്ച് വോട്ടുകള്‍ എണ്ണിയ മണ്ഡലത്തിന്റെ മറ്റൊരു ഉദാഹരണം നോക്കാം. മാവല്‍ അസംബ്ലി നിയോജക മണ്ഡലത്തില്‍, തിരഞ്ഞടുപ്പ് കമ്മീഷന്‍ ഡാറ്റ പ്രകാരം, മൊത്തം വോട്ടര്‍മാരുടെ എണ്ണം 3,86,172 ആയിരുന്നു, വോട്ടിങ് ശതമാനം 72.59% ആണ്. 2024 നവംബര്‍ 20-ന് പോള്‍ ചെയ്ത വോട്ടുകള്‍ 2,80,319 ആണ്. എന്നാല്‍ തിരഞ്ഞടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച ഫലങ്ങള്‍ അനുസരിച്ച് , ആകെ എണ്ണപ്പെട്ട വോട്ടുകള്‍ 2,79,081 ആയിരുന്നു. ഇത് പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ 1,238 വോട്ടുകള്‍ കുറവാണ്.

നൂറോ ആയിരമോ വോട്ടുകളുടെ വ്യത്യാസം വലിയ പ്രശ്‌നങ്ങളാണ് കാണിക്കുന്നതെന്നും ഒന്നിലധികം നിയോജക മണ്ഡലങ്ങളില്‍ ഇത്തരം പൊരുത്തക്കേടുകള്‍ നിലനില്‍ക്കുന്നുവെന്നതിനാല്‍ ഫലങ്ങളുടെ കൃത്യത ഉറപ്പാക്കാന്‍ കൂടുതല്‍ സൂക്ഷ്മമായ പരിശോധന ആവശ്യമാണെന്നും ദ വയര്‍ പറയുന്നു.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്ന പൊരുത്തക്കേടുകള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ഡാറ്റയുടെ സുതാര്യതയുടെയും കൃത്യതയും സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്. വ്യക്തത തേടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ടെന്നും പ്രതികരിക്കുന്ന മുറയ്ക്ക് വിവരങ്ങള്‍ പങ്കുവെയ്ക്കുമെന്നും വയര്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. റിപോര്‍ട്ടുകള്‍ പുറത്തു വന്നതിനു പിന്നാലെ നിയമ നടപടിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്.

മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സഖ്യത്തിന് കനത്ത തോല്‍വിയാണുണ്ടായത്. 49 സീറ്റുകള്‍ മാത്രമാണ് സഖ്യത്തിന് നേടാന്‍ സാധിച്ചത്. മത്സരിച്ച 103 സീറ്റുകളില്‍ 16 സീറ്റ് മാത്രമേ കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചുള്ളു. മഹാരാഷ്ട്രയില്‍ 235 സീറ്റുകളാണ് മഹായുതി നേടിയത്. ഇതില്‍ 132 സീറ്റുകള്‍ ബിജെപി നേടി.




Next Story

RELATED STORIES

Share it