Latest News

കൊവിഡ് രോഗവ്യാപനം: ദാരിദ്ര്യം വര്‍ധിക്കും, കടങ്ങള്‍ എഴുതിത്തളളാന്‍ നടപടി സ്വീകരിക്കണമെന്നും ഗവേഷകര്‍

കൊവിഡ് രോഗവ്യാപനം: ദാരിദ്ര്യം വര്‍ധിക്കും, കടങ്ങള്‍ എഴുതിത്തളളാന്‍ നടപടി സ്വീകരിക്കണമെന്നും ഗവേഷകര്‍
X

ലണ്ടന്‍: കൊറോണ രോഗം ലോക ജനസംഖ്യയില്‍ 50 കോടി വരുന്ന ഒരു വിഭാഗത്തെ ദരിദ്രരാക്കുമെന്ന് പഠനം. ആഗോളതലത്തില്‍ ദാരിദ്ര്യം 30 ശതമാനമായി ഉയരുന്നത് ചരിത്രത്തിലാദ്യമാണ്. കൊറോണവ്യാപനം ലോകത്തെ സാമ്പത്തിക- മാനവ വിഭവ ശേഷിയിലുണ്ടാക്കുന്ന ആഘാതത്തെ കുറിച്ച് യുഎന്‍ നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. ലണ്ടന്‍ കിങ്‌സ് കോളജിലെയും ആസ്‌ത്രേലിയന്‍ നാഷണല്‍ സര്‍വകലാശാലയിലെയും ഗവേഷകരാണ് പഠനം നടത്തിയത്.

കൊറോണ രോഗവ്യാപനം ലോകത്ത് ദരിദ്രരുടെ എണ്ണത്തില്‍ 40-50 കോടിയുടെ വര്‍ധനവുണ്ടാക്കുമെന്നാണ് ഇവരുടെ നിരീക്ഷണം.

'' വികസ്വര രാജ്യങ്ങളില്‍ സാമൂഹിക സുരക്ഷയുടെ രംഗത്ത് വലിയ തോതിലുള്ള മാറ്റങ്ങള്‍ ആവശ്യമാണെന്നാണ് ഞങ്ങളുടെ പഠനം സൂചിപ്പിക്കുന്നത്. മാത്രമല്ല, വികസ്വരരാജ്യങ്ങളുടെ വികസനത്തില്‍ അന്താരാഷ്ട്രസമൂഹത്തിന്റെ സഹായവും വേണം'' ഗവേഷകരിലൊരാളായ കിങ്‌സ് കോളജിലെ പ്രഫ. ആന്‍ഡി സമ്മര്‍ പറയുന്നു.

കൊവിഡ് ബാധ തീരുമ്പോഴേക്കും ആഗോള തലത്തിലുള്ള തൊഴില്‍ ശക്തിയുടെ പകുതിയും ദാരിദ്ര്യത്തിലേക്ക് വീണുപോകും.

രോഗവ്യാപനം സൃഷ്ടിക്കുന്ന പുതിയ ദരിദ്രരില്‍ 40 ശതമാനവും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും പസഫിക്കിലുമായിരിക്കും. ബാക്കി വരുന്നവര്‍ സബ് സഹാറന്‍, സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലുമാകും.

നൂറോളം ആഗോള സംഘടനകള്‍ വികസ്വര രാജ്യങ്ങളുടെ കടം എഴുതിത്തളളാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അനുവദിക്കുകയാണെങ്കില്‍ ആ രാജ്യങ്ങള്‍ക്ക് ഏകദേശം 2500 കോടി ഡോളര്‍ തങ്ങളുടെ രാജ്യത്തു തന്നെ വിനിയോഗിക്കാനാവും. അത് അവരുടെ സമ്പദ്ഘടനയ്ക്ക് ഗുണകരമാകും.

ഐഎംഎഫ് വിളിച്ചുചേര്‍ത്ത ജി 20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെ യോഗം അടുത്ത ആഴ്ച നടക്കാനിരിക്കേയാണ് ഇത്തരമൊരു പഠനം നടന്നത്.

ലോകത്താകമാനം ഇതുവരെ 1,485,981 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. അതില്‍ 88,567 പേര്‍ മരിച്ചു. 330,782 പേര്‍ സുഖം പ്രാപിച്ചു.

Next Story

RELATED STORIES

Share it