Latest News

ആര്‍ജി കര്‍ ബലാല്‍സംഗക്കൊല: ഏഴ് നഴ്സിങ് ജീവനക്കാര്‍ക്ക് സമന്‍സ്

ആര്‍ജി കര്‍ ബലാല്‍സംഗക്കൊല: ഏഴ് നഴ്സിങ് ജീവനക്കാര്‍ക്ക് സമന്‍സ്
X

കൊല്‍ക്കത്ത: ആര്‍ജി കര്‍ ബലാല്‍സംഗ-കൊലപാതക കേസില്‍ ഏഴ് നഴ്സിങ് ജീവനക്കാര്‍ക്ക് സമന്‍സ് അയച്ച് സിബിഐ. വാര്‍ഡില്‍ കുറ്റകൃത്യം നടന്ന രാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്കാണ് ചോദ്യം ചെയ്യലിനുള്ള സമന്‍സ് അയച്ചിരിക്കുന്നത്.

വ്യാഴാഴ്ചയാണ് ഈ ഏഴ് നഴ്സിങ് ജീവനക്കാര്‍ക്കും നോട്ടിസ് അയച്ചതെന്നും എത്രയും വേഗം, സിബിഐയുടെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസ് (സിജിഒ) സമുച്ചയ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു .

ദുരന്തം നടന്ന രാത്രിയില്‍ വാര്‍ഡിലുണ്ടായിരുന്ന ഡോക്ടര്‍മാരെയും നഴ്‌സിംഗ് സ്റ്റാഫിനെയും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തില്ലെന്ന് ഇരയുടെ മാതാപിതാക്കള്‍ പലതവണ പരാതിപ്പെട്ടിരുന്നു. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണ പുരോഗതി ചോദ്യം ചെയ്ത് ഇരയുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതിക്ക് സുപ്രിം കോടതി അനുമതി നല്‍കിയതിനു പിന്നാലെയാണ് സമന്‍സ് അയച്ചിരിക്കുന്നത്.

കേസിലെ തെളിവുകള്‍ നശിപ്പിച്ചതിന്റെ വശം എടുത്തുകാണിക്കുന്ന ഒരു അനുബന്ധ കുറ്റപത്രം കൊല്‍ക്കത്തയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കുമെന്ന് സിബിഐ ഇതിനകം തന്നെ വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം, കൊല്‍ക്കത്ത പോലിസാണ് കേസില്‍ ആദ്യം പ്രാഥമിക അന്വേഷണം നടത്തിയത്. തുടര്‍ന്ന് കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് സിബിഐക്ക് കേസ് കൈമാറുകയായിരുന്നു.

ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിന്റെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ്, താല പോലിസ് സ്റ്റേഷനിലെ മുന്‍ എസ്എച്ച്ഒ അഭിജിത് മൊണ്ടല്‍ എന്നിവരെ തെളിവുകള്‍ നശിപ്പിച്ചതിന് സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.പക്ഷേ, അറസ്റ്റ് ചെയ്യപ്പെട്ട തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ സിബിഐ അവര്‍ക്കെതിരേഅനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ ഇരുവര്‍ക്കും ജാമ്യം ലഭിക്കുകയായിരുന്നു.

കേസിലെ ഏക പ്രതിയായ സഞ്ജയ് റോയിയെ പ്രത്യേക കോടതി ഇതിനകം ജീവപര്യന്തം തടവിന് ശിക്ഷിച്ചിട്ടുണ്ട്. അതേസമയം, സിബിഐ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ആ ഉത്തരവിനെ ചോദ്യം ചെയ്യുകയും റോയിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it