Latest News

കുഴല്‍പ്പണ കവര്‍ച്ച; അന്തര്‍ജില്ലാ കവര്‍ച്ചാ സംഘത്തലവന്‍ പിടിയില്‍

എറണാകുളത്ത് വച്ചാണ് എറണാംകുളം മൂക്കന്നൂര്‍ സ്വദേശി വലിയോലിപറമ്പ് വീട്ടില്‍ മൊട്ട സതീഷ് എന്ന സതീഷിനെ (31) പിടികൂടിയത്

കുഴല്‍പ്പണ കവര്‍ച്ച; അന്തര്‍ജില്ലാ കവര്‍ച്ചാ സംഘത്തലവന്‍ പിടിയില്‍
X

മലപ്പുറം: 80 ലക്ഷത്തിന്റെ കുഴല്‍പ്പണ കവര്‍ച്ചയിലെ അന്തര്‍ ജില്ലാ കവര്‍ച്ചാ സംഘത്തലവന്‍ പിടിയില്‍. കഴിഞ്ഞ മാസം 29ന് രാവിലെ 9.30ന് കാറില്‍ വിതരണത്തിനായി കൊണ്ടു പോവുകയായിരുന്ന 80 ലക്ഷത്തോളം വരുന്ന കുഴല്‍പ്പണം കവര്‍ച്ച ചെയ്ത സംഭവത്തിലാണ് അന്തര്‍ജില്ലാ കവര്‍ച്ചാ സംഘത്തലവന്‍ പിടിയിലായത്.

എറണാകുളത്ത് വച്ചാണ് എറണാംകുളം മൂക്കന്നൂര്‍ സ്വദേശി വലിയോലിപറമ്പ് വീട്ടില്‍ മൊട്ട സതീഷ് എന്ന സതീഷിനെ (31) പിടികൂടിയത്. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹൈവേ റോബറി സംഘമാണ് കവര്‍ച്ചക്ക് പിന്നിലെന്ന് മനസ്സിലായിട്ടുണ്ട്. കുഴല്‍പ്പണ വിതരണത്തിനായി പോവുകയായിരുന്ന പൊന്‍മള സ്വദേശികളുടെ പണമാണ് കവര്‍ച്ച ചെയ്തത്.

രണ്ട് കാറുകളിലായി, പോലിസ് ഉദ്യോഗസ്ഥര്‍ ആണെന്ന് പറഞ്ഞാണ് ഇവര്‍ എത്തിയത്. ഹൈവേയില്‍ വച്ച് കാര്‍ തടഞ്ഞ സംഘം കാറില്‍ ഉണ്ടായിരുന്നവരെ പിടിച്ചിറക്കി തട്ടിക്കൊണ്ടു പോയി പണം കവര്‍ച്ച ചെയ്യുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പഴുതടച്ച് നടത്തിയ അന്വേഷണത്തിലാണ് കവര്‍ച്ച നടന്ന് അഞ്ചു ദിവസത്തിനുള്ളില്‍ തന്നെ കവര്‍ച്ചാ സംഘത്തെ തിരിച്ചറിഞ്ഞത്.

പിടിയിലായ മൊട്ട സതീഷിന് കൊലപാതകം, കവര്‍ച്ച തുടങ്ങിയ കുറ്റങ്ങള്‍ക്ക് തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലായി 10 ഓളം കേസുകള്‍ ഉണ്ട്. കഴിഞ്ഞ ജനുവരിയില്‍ തൃശൂര്‍ ഒല്ലൂരില്‍ വച്ച് ഇയാളുടെ നേതൃത്വത്തിലുള്ള സംഘം ഒരു കോടിയോളം കുഴല്‍പ്പണം കവര്‍ച്ച നടത്തിയിരുന്നു. ഇതില്‍ പിടിക്കപ്പെട്ട് മൂന്നു മാസം മുന്‍പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ സംഘത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.

ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. സംസ്ഥാനത്ത് ഈ അടുത്ത കാലത്തായി നടന്ന ഹൈവേ റോബറികളില്‍ ഇയാളുടെ നേതൃത്വത്തിലുള്ള സംഘത്തിന് പങ്കുള്ളതായി സൂചനയുണ്ട്. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും.

Next Story

RELATED STORIES

Share it