Latest News

പ്രവര്‍ത്തകര്‍ പ്രകോപനങ്ങളില്‍ അകപ്പെടരുത്; സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ആര്‍എസ്എസ് ശ്രമമെന്നും എല്‍ഡിഎഫ്

ആര്‍എസ്എസ് ക്രിമിനലുകളാണ് ജില്ലാ കമ്മിറ്റി ഓഫിസ് ആക്രമിച്ചത്

പ്രവര്‍ത്തകര്‍ പ്രകോപനങ്ങളില്‍ അകപ്പെടരുത്; സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ആര്‍എസ്എസ് ശ്രമമെന്നും എല്‍ഡിഎഫ്
X

തിരുവനന്തപുരം: സമാധാനാന്തരീക്ഷത്തെ തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് ആര്‍എസ്എസ്-സംഘപരിവാര്‍ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ആര്‍എസ്എസ് ക്രിമിനലുകളാണ് ജില്ലാ കമ്മിറ്റി ഓഫിസ് ആക്രമിച്ചത്. ജില്ലാ സെക്രട്ടറിയുടെ കാറിനുനേരെയാണ് കല്ലെറിഞ്ഞത്. ശബ്ദം കേട്ട് പുറത്തിറങ്ങിയാല്‍ ആക്രമിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. പോലിസ് ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം നഗരസഭയെ ശരിയായ നിലയില്‍ പ്രവര്‍ത്തിക്കാന്‍ ബിജെപി അനുവദിക്കാറില്ല. കൗണ്‍സില്‍ യോഗത്തില്‍ അടിപിടി നടത്തുകയാണ്. തിരുവനന്തപുരത്തെ എല്ലാ വികസനങ്ങളും തകര്‍ക്കുകയാണ് ലക്ഷ്യം. ഇത് ജനങ്ങളോട് വിശദീകരിക്കാന്‍ സംഘടിപ്പിച്ച എല്‍ഡിഎഫ് ജാഥയാണ് വഞ്ചിയൂരില്‍ ആര്‍എസ്എസുകാര്‍ ആസൂത്രിതമായി ആക്രമിച്ചത്. എല്‍ഡിഎഫിന്റെ സ്വീകരണ യോഗത്തില്‍ സംഘടിതമായി എത്തുകയായിരുന്നു. ബിജെപിക്ക് നിവേദനം കൊടുക്കാനുണ്ടെങ്കില്‍ കൗണ്‍സില്‍ ഓഫിസില്‍ പോയി കൊടുക്കണം. തിരിച്ചടി ഉണ്ടാക്കി കലാപമുണ്ടാക്കാനായിരുന്നു ആര്‍എസ്എസ് ശ്രമം. അതിനാണ് ആസൂത്രിതമായി നീക്കം നടത്തിയത്. അവരുടെ നീക്കങ്ങള്‍ക്കെതിരായി ജനങ്ങള്‍ അണിനിരന്നു.

ബിജെപിയുടെ യോഗത്തില്‍ ആളുകള്‍ കയറിയാല്‍ ഇങ്ങനെയായിരിക്കുമോ പ്രതികരണം. തിരുവനന്തപുരത്തെ ജനത അക്രമങ്ങളെ ഇഷ്ടപ്പെടുന്നവരല്ല. അവിടെയാണ് ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് ബിജെപി അക്രമം നടത്തുന്നത്. തുടര്‍ച്ചയായി സിപിഎം ഓഫിസുകള്‍ക്കെതിരെ അക്രമങ്ങള്‍ നടക്കുകയാണ്. സിപിഎം ശാന്തത കൈവരിക്കാനുള്ള നടപടിയാണ് സ്വീകരിക്കുന്നത്. ആര്‍എസ്എസിന്റെ ലക്ഷ്യം കലാപമാണ്. എല്‍ഡിഎഫിന്റെ പ്രവര്‍ത്തകര്‍ ഒരു പ്രകോപനങ്ങളിലും അകപ്പെടരുത്. ഇന്ന് വൈകീട്ട് തിരുവനനന്തപുരം ജില്ലാ കമ്മിറ്റി അക്രമം നടന്ന പ്രദേശങ്ങളില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it