Big stories

ആണവാഭ്യാസത്തിന്റെ ഭാഗമായി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് റഷ്യ

ആണവാഭ്യാസത്തിന്റെ ഭാഗമായി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് റഷ്യ
X

മോസ്‌കോ: യുക്രെയ്ന്‍ അധിനിവേശത്തെച്ചൊല്ലി പാശ്ചാത്യശക്തികളുമായുള്ള പോര് മുറുകുന്നതിനിടെ വാര്‍ഷിക ആണവാഭ്യാസങ്ങളുടെ ഭാഗമായി ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും പരീക്ഷിച്ച് റഷ്യ. പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ മേല്‍നോട്ടത്തിലായിരുന്നു പരീക്ഷണം. യുക്രെയ്‌നെതിരായ സൈനിക നടപടി കടുപ്പിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് റഷ്യ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയത്. വാര്‍ഷിക പരിശീലന പരിപാടികളുടെ ഭാഗമായി ആണവായുധങ്ങളുടെ പരിശീലനമുള്‍പ്പടെ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

പുടിന്റെ നേതൃത്വത്തില്‍ കര, നാവിക, വ്യോമസേനകളുടെ പരിശീലന പരിപാടി നടന്നുവെന്നും ഇതില്‍ ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളുടെ വിക്ഷേപണങ്ങള്‍ നടന്നതായും റഷ്യ പ്രസ്താവനയില്‍ പറഞ്ഞു. ആര്‍ട്ടിക്കിലെ ബേരന്റ്‌സ് കടലില്‍ അന്തര്‍വാഹിനിയില്‍നിന്ന് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ റഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. റഷ്യന്‍ ഫാര്‍ ഈസ്റ്റിലെ കംചത്ക ഉപദ്വീപില്‍ നിന്ന് പരീക്ഷണ മിസൈലുകള്‍ വിക്ഷേപിക്കുന്നതും പരിശീലനത്തില്‍ ഉള്‍പ്പെടുന്നു. ആണവ പോര്‍മുനകള്‍ ഉള്‍പ്പെടുത്തിയുള്ള സൈനിക അഭ്യാസ പ്രകടനത്തിന്റെ ഭാഗമായാണ് ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം റഷ്യ നടത്തിയത്.

യുക്രെയ്ന്‍ ഒരു 'ഡേര്‍ട്ടി ബോംബ്' പുറത്തെടുക്കാന്‍ തയ്യാറെടുക്കുകയാണെന്ന് റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷോയിഗു യുഎന്നില്‍ പറഞ്ഞതിന് പിന്നാലെയാണ് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം. യുക്രെയ്ന്‍ നടത്തുന്നത് 'നിരുത്തരവാദപരമായ പെരുമാറ്റം' ആണെന്നും റഷ്യ ആരോപിക്കുന്നു. ബുധനാഴ്ച ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി ഫോണില്‍ ഷോയിഗു ഇതേ ആശങ്കകള്‍ പ്രകടിപ്പിച്ചതായി റഷ്യ അറിയിച്ചു. എന്നാല്‍, യുക്രെയ്‌നും പാശ്ചാത്യരാജ്യങ്ങളും ഈ ആരോപണം തള്ളിക്കളഞ്ഞിരുന്നു.

റഷ്യയുടെ ആരോപണങ്ങള്‍ തെറ്റാണെന്നും യുദ്ധത്തില്‍ അത്തരം ഒരു ആയുധം പ്രയോഗിക്കാനായി റഷ്യ മനപ്പൂര്‍വം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു യുക്രെയ്‌ന്റെ പ്രതികരണം. ബ്രിട്ടന്‍, ഫ്രാന്‍സ്, യുസ് എന്നിവയുള്‍പ്പെടെയുള്ള പാശ്ചാത്യ സഖ്യകക്ഷികളും ആരോപണം നിഷേധിച്ചു. യുദ്ധക്കളത്തില്‍ റഷ്യ സ്വന്തം പദ്ധതികള്‍ നടപ്പാക്കുന്നത് മറയ്ക്കാനാണ് ഈ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് പാശ്ചാത്യരാജ്യങ്ങളുടെ പ്രതികരണം. സ്‌ഫോടനത്തില്‍ വ്യാപിക്കുന്ന റേഡിയോ ആക്ടീവ്, ബയോളജിക്കല്‍ അല്ലെങ്കില്‍ കെമിക്കല്‍ സാമഗ്രികള്‍ അടങ്ങിയ പരമ്പരാഗത ബോംബാണ് ഡേര്‍ട്ടി ബോംബ്.

Next Story

RELATED STORIES

Share it