Latest News

ശബരിമല തുലാമാസ പൂജ: ഭക്തര്‍ക്ക് കുളിക്കാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുമെന്ന് കലക്ടര്‍

ശബരിമല തുലാമാസ പൂജ: ഭക്തര്‍ക്ക് കുളിക്കാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുമെന്ന് കലക്ടര്‍
X

പത്തനംതിട്ട: കൊവിഡ് പശ്ചാത്തലത്തില്‍ പമ്പാ ത്രിവേണിയില്‍ കുളിക്കുന്നതിന് നിരോധനമുള്ളതിനാല്‍ ശബരിമല തീര്‍ഥാടകര്‍ക്ക് സ്നാനം ചെയ്യാന്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ജില്ലാ കലക്ടര്‍ പി ബി നൂഹ് പറഞ്ഞു. തുലാമാസ പൂജയ്ക്ക് മുന്നോടിയായി വീഡിയോ കോണ്‍ഫറന്‍സ് മുഖേന ജില്ലാതല ഓഫിസര്‍മാരുമായി നടത്തിയ ശബരിമല അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറിഗേഷന്‍, ദേവസ്വം ബോര്‍ഡ്, ജല അതോറിറ്റി വകുപ്പുകള്‍ സംയുക്തമായി ചേര്‍ന്നാണ് ഭക്തര്‍ക്ക് കുളിക്കാന്‍ പ്രത്യേക സംവിധാനമൊരുക്കുക. തുലാമാസ പൂജയ്ക്ക് മുമ്പ് ഇവ പൂര്‍ത്തിയാക്കും. സ്ഥലം കണ്ടെത്താനും ഭക്തര്‍ കുളിക്കുന്ന വെള്ളം വേസ്റ്റ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് ഒഴുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിശ്ചയിക്കാന്‍ തിരുവല്ല സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണയെ ചുമതലപ്പെടുത്തി. സബ് കലക്ടറുടെ നേതൃത്വത്തില്‍ ഇന്ന് ബന്ധപ്പെട്ട വകുപ്പ് പ്രതിനിധികളുമായി പമ്പയില്‍ സന്ദര്‍ശനം നടത്തും.

മാസ പൂജയ്ക്ക് പമ്പയിലേക്ക് താല്‍ക്കാലികമായി ചെറിയ വാഹനങ്ങള്‍ കടത്തിവിടും. ആരോഗ്യ വകുപ്പിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നേതൃത്വത്തില്‍ ആന്റിജന്‍ പരിശോധന നടത്തും. കൊവിഡ് പശ്ചാത്തലത്തില്‍ പമ്പാനദിയില്‍ ആരും കുളിക്കുന്നില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് പോലിസ് ഉറപ്പുവരുത്തും. പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഫയര്‍ ഫോഴ്‌സിന്റെ ഓരോ ടീമിനെ വിന്യസിക്കും.

ശബരിമല മാസപൂജയും മണ്ഡലകാല പൂജയുമായി ബന്ധപ്പെട്ട് സപ്തംബര്‍ 28ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലും ഇന്നലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലും യോഗം ചേര്‍ന്നിരുന്നു.

Sabarimala Tulamasa Puja: Collector says special facilities will be provided for devotees




Next Story

RELATED STORIES

Share it