Latest News

സച്ചിന്‍ പൈലറ്റ് തിങ്കളാഴ്ച ബിജെപി മേധാവി ജെ പി നദ്ദയെ കണ്ടേക്കും

സച്ചിന്‍ പൈലറ്റ് തിങ്കളാഴ്ച ബിജെപി മേധാവി ജെ പി നദ്ദയെ കണ്ടേക്കും
X

ന്യൂഡല്‍ഹി: രാജസ്ഥാന്‍ കോണ്‍ഗ്രസ്സില്‍ കലാപക്കൊടിയുയര്‍ത്തിയ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് തിങ്കളാഴ്ച ബിജെപി നേതാവ് ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചന. ബിജെപി പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് വാര്‍ത്ത പുറത്തുവിട്ടത്. തനിക്ക് രാജ്സ്ഥാന്‍ നിയമസഭയില്‍ 30 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് പൈലറ്റ് അവകാശപ്പെടുന്നത്.

മധ്യപ്രദേശില്‍ മറ്റൊരു കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലം പരിശായതിനു ശേഷം മൂന്നു മാസം തികയുമ്പോഴാണ് രാജസ്ഥാനില്‍ സമാനമായ പ്രതിസന്ധിയുണ്ടാവുന്നത്. തനിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് പരാതി പറഞ്ഞ് കോണ്‍ഗ്രസ് വിട്ട മധ്യപ്രദേശിലെ ജ്യോതിരാദിത്യ സിന്ധ്യയുടെ അതേ പാതയിലൂടെയാണ് ഇപ്പോള്‍ സച്ചിന്റെയും നീക്കം. ഞായറാഴ്ച വൈകീട്ട് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ സച്ചിന്‍ പങ്കെടുത്തിരുന്നില്ല. അതേസമയം സച്ചിനോടൊപ്പം ഡല്‍ഹി സന്ദര്‍ശിച്ച മൂന്ന് എംഎല്‍എമാര്‍ യോഗത്തിനെത്തിയിരുന്നു. യോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിശ്വാസം പ്രകടിപ്പിച്ചു. തിങ്കളാഴ്ച കോണ്‍ഗ്രസ്സിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ജയ്പൂരില്‍ ചേരുന്നുണ്ടെങ്കിലും സച്ചിന്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

രാജസ്ഥാനില്‍ കാത്തിരുന്നു കാണുക എന്ന തന്ത്രമാണ് ബിജെപി പയറ്റാനിടയുള്ളതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ നടക്കുന്ന പോരില്‍ തല്‍ക്കാലം ഇടപെടാതെ അതിന്റെ ഫലമറിയും വരെ കാത്തിരിക്കുന്നതാണ് ബുദ്ധിയെന്ന് ബിജെപി കരുതുന്നു.

പൈലറ്റ് ഇതോടകം രാജസ്ഥാന്‍ ബിജെപിയിലെ പ്രമുഖ നേതാക്കളായി ചര്‍ച്ച നടത്തിയെന്ന് റിപോര്‍ട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൈലറ്റും ബിജെപി നേതൃത്വും തയ്യാറായില്ല. അതേസമയം പൈലറ്റിന്റെ അനുയായികള്‍ അത്തരമൊരു ചര്‍ച്ച നടന്നുവെന്ന് ഉറപ്പിച്ചുപറയുകയും ചെയ്യുന്നു.

അശോക് ഗെലോട്ടിന്റെ സര്‍ക്കാര്‍ ന്യൂനപക്ഷമായി മാറിയെന്നാണ് സച്ചിന്‍ പൈലറ്റ് പക്ഷം ഉന്നയിക്കുന്നത്. സച്ചിന്‍ പൈലറ്റിന്റെ നീക്കത്തിന് ജ്യോതിരാദിത്യ സിന്ധ്യ പിന്തുണച്ചിട്ടുണ്ട്. ഇരുവര്‍ക്കുമിടയില്‍ നല്ല ബന്ധമുണ്ടെന്ന കാര്യ രഹസ്യമല്ല. അതുകൊണ്ടുതന്നെ പുതിയ നീക്കത്തിനു പിന്നില്‍ സിന്ധ്യയുടെ കയ്യുണ്ടെന്ന കാര്യം ഏറെക്കുറെ ശരിയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

Next Story

RELATED STORIES

Share it