Latest News

സജി ചെറിയാന്റെ മന്ത്രിസഭയിലേക്കുള്ള മടങ്ങിവരവ്; ഇന്നത്തെ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ ചര്‍ച്ച

സജി ചെറിയാന്റെ മന്ത്രിസഭയിലേക്കുള്ള മടങ്ങിവരവ്; ഇന്നത്തെ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ ചര്‍ച്ച
X

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. നിയമസഭാ സമ്മേളനം കഴിഞ്ഞതോടെ സജി ചെറിയാന്റെ മന്ത്രിസഭയിലേക്കുളള തിരിച്ചുവരവ് യോഗത്തില്‍ ചര്‍ച്ചയായേക്കും. കേസുകളില്‍ നിന്ന് മുക്തനായ സജി ചെറിയാന് മന്ത്രിസ്ഥാനത്തേക്ക് മടങ്ങിവരുന്നതിന് തടസങ്ങളൊന്നുമില്ല. സജി ചെറിയാനെ മന്ത്രി സ്ഥാനത്തേക്ക് മടക്കിക്കൊണ്ടുവരുന്നതില്‍ വൈകാതെ തീരുമാനമെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു.

തൃശൂരില്‍ കിസാന്‍സഭ അഖിലേന്ത്യാ സമ്മേളനം നടക്കുന്നതുകൊണ്ടാണ് വെളളിയാഴ്ചത്തെ സെക്രട്ടേറിയറ്റ് യോഗം ഇന്നത്തേക്ക് മാറ്റിയത്. ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ സജി ചെറിയാന് അന്വേഷണസംഘം ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്ന ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശത്തിന്റെ പിന്നാലെയാണ് കേസ് അവസാനിപ്പിക്കാന്‍ പോലിസ് തീരുമാനിച്ചത്.

സജി ചെറിയാനെതിരേ തെളിവ് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന കാരണത്താലാണ് അന്വേഷണസംഘം കേസ് അവസാനിപ്പിച്ചത്. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് സജി ചെറിയാനെതിരെയുള്ള കേസ് അവസാനിപ്പിച്ചത്. തെളിവുശേഖരണം സാധ്യമല്ലെന്നും ഭരണഘടനയെ അവഹേളിക്കണമെന്ന ലക്ഷ്യത്തോടെ അല്ലായിരുന്നു പ്രസംഗമെന്നുമാണ് പോലിസ് റിപോര്‍ട്ടില്‍ പറയുന്നത്.

സജി ചെറിയാനെ എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി കഴിഞ്ഞ ദിവസം ഹൈക്കോടതിയും തള്ളിയിരുന്നു. ജൂലൈ നാലിന് ഒരു പൊതുചടങ്ങില്‍ പ്രസംഗിക്കുമ്പോള്‍ ഭരണഘടനയെ വിമര്‍ശിച്ചത് വിവാദമാവുകയും മന്ത്രിസ്ഥാനത്തു നിന്ന് സജി ചെറിയാന് രാജിവയ്‌ക്കേണ്ടിവരികയും ചെയ്തിരുന്നു. ജൂലൈയില്‍ പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു സജി ചെറിയാന്റെ വിവാദപരാമര്‍ശം. ജനങ്ങളെ കൊള്ളയടിക്കാന്‍ സഹായിക്കുന്ന ഭരണഘടനയാണ് രാജ്യത്തുള്ളതെന്നായിരുന്നു പരാമര്‍ശം.

Next Story

RELATED STORIES

Share it