- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്ത് വംശീയകലാപത്തിന് കോപ്പുകൂട്ടി സംഘപരിവാരം
രാജ്യം വംശീയകലാപങ്ങളിലേക്ക് എടുത്തെറിയപ്പെടാന്‍ പോവുകയാണെന്നു പറഞ്ഞാല്‍ ഉള്ളില്‍ ശേഷിക്കുന്ന ജനാധിപത്യ ശുഭാപ്തിവിശ്വാസം ഓടിവന്ന് നമ്മുടെത്തന്നെ വായപൊത്തും. എന്നാല്‍ ലക്ഷണങ്ങള്‍ തീര്‍ത്തും അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പൂര്‍വ കലാപങ്ങളില്‍ നിന്നു വ്യത്യസ്തമായി പച്ചപ്പകലില്‍ ഭരണകൂടത്തിന്റെ തണലില്‍ പോലിസ് കാവലിലാവും ഇനിയതു നടക്കുകയെന്നാണ് ആ ലക്ഷണങ്ങള്‍ അടിവരയിടുന്നത്. ഇവിടെയാണ് നിങ്ങള്‍ ഒരു യഥാര്‍ഥ ദേശസ്‌നേഹിയാണെങ്കില്‍ ഭരണാധികാരികളില്‍നിന്നു രാജ്യത്തെ രക്ഷിക്കുകയാണ് വേണ്ടതെന്ന് തോമസ് പെയ്ന്‍ പറഞ്ഞത് നമ്മള്‍ ഇന്ത്യക്കാരോടാണെന്നു തോന്നിപ്പോവുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയും പതിവുപോലെ ഹരിയാനയിലെ ഗുരുഗ്രാമില്‍ ജമുഅ നമസ്‌കാരം മുടക്കാന്‍ സംഘപരിവാരം സംഘടിച്ചെത്തി. നമസ്‌ക്കരിക്കുന്നവരെ ശല്യപ്പെടുത്തുംവിധം ജയ്ശ്രീരാം വിളിച്ചും ഭജനയും പൂജയും നടത്തിയും സ്ഥലത്ത് ചാണകം വിതറിയും അവിടെ വര്‍ഗീയകലാപത്തിന് ഇവര്‍ കോപ്പുകൂട്ടാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. സംഘപരിവാരം സംഘടിച്ചെത്തിയതോടെ ജുമുഅ നമസ്‌കാരത്തിനെത്തിയവര്‍ പിരിഞ്ഞു പോവാന്‍ തുടങ്ങി. എന്നാല്‍ കൂട്ടത്തില്‍ ഇരുപത്തഞ്ചോളം ചെറുപ്പക്കാര്‍ എന്തും വരട്ടെയെന്നു തീരുമാനിച്ചുറച്ചതുപോലെ നിശ്ചിതസ്ഥലത്ത് ജുമഅ നിര്‍വഹിച്ചു. അവരെ പ്രകോപിപ്പിക്കും വിധം പോലിസ് നോക്കിനില്‍ക്കേ സംഘപരിവാരം ആക്രോശം തുടര്‍ന്നു. മതേതര ഇന്ത്യയുടെ പ്രാര്‍ഥനയുടെ ബലംകൊണ്ട് അവിടെ അഹിതമായതൊന്നും സംഭവിച്ചില്ല.
പക്ഷേ, അവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ആരാണ് ശ്രമിച്ചതെന്നും അവരുടെ ഉദ്ദേശ്യം എന്താണെന്നും ഏതു കൊച്ചുകുട്ടിക്കും അറിയാം. ഭരണകൂടം നോക്കുകുത്തിയായപ്പോള്‍ ക്ഷമയും സഹനവും പരിധിവിട്ട മുസ്‌ലിംയുവാക്കളാണ് ജീവന്‍ പോയാല്‍ പോട്ടെയെന്നോര്‍ത്ത് ജുമുഅ നിര്‍വഹിച്ചത്. അത് ഹരിയാനയിലെ സ്ഥിതിയാണെങ്കില്‍ കര്‍ണാടകത്തിലേക്കു ചെന്നാല്‍ മറ്റൊരു കാഴ്ചയാണ് കാണുന്നത്. അവിടെ ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് ക്രൈസ്തവരെയാണ് സംഘപരിവാരം സ്‌കെച്ച് ചെയ്തിരിക്കുന്നത്. സംഘപരിവാര സംഘടനകളുടെ ആക്രമണമുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ക്രിസ്ത്യന്‍ സംഘടനകള്‍ ഞായറാഴ്ചകളിലെ പ്രാര്‍ഥനാസംഗമങ്ങള്‍ ഒഴിവാക്കണമെന്ന് കര്‍ണാടക പോലിസ് നിര്‍ദേശിച്ചതായി പുരോഹിതന്മാരെ ഉദ്ധരിച്ച് വാര്‍ത്താ പോര്‍ട്ടലായ ദി ന്യൂസ് മിനുട്ട് കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്തിരുന്നു. ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കുനേരെ നിരന്തരം ആക്രമണങ്ങള്‍ ഉണ്ടാവുന്ന കര്‍ണാടകയിലെ ബലഗാവിയിലാണ് സംഘപരിവാര ആക്രമണങ്ങളില്‍നിന്നു രക്ഷനേടാന്‍ ഞായറാഴ്ച പ്രാര്‍ഥന ഒഴിവാക്കാനുള്ള നിര്‍ദേശം പോലിസ് മുന്നോട്ടുവച്ചത്.
ഈ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കര്‍ണാടകയിലെ ബേലൂര്‍, ഹസനില്‍നിന്ന് ഇന്നലെ മറ്റൊരു റിപോര്‍ട്ട് പുറത്തുവന്നത്. ബേലൂര്‍ ക്രൈസ്തവ പ്രാര്‍ഥനാ ഹാള്‍ നിര്‍മിച്ചത് നിയമവിരുദ്ധമായിട്ടാണെന്നാരോപിച്ച് സംഘപരിവാരം അവിടെയും പ്രാര്‍ഥന തടയാനെത്തി. സഹികെട്ട സ്ത്രീകള്‍തന്നെ മുന്നോട്ടുവന്ന് സംഘപരിവാരത്തെ ആട്ടിയോടിച്ചു. പ്രാര്‍ഥന തടയാനെത്തിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെയാണ് വിശ്വാസികളായ സ്ത്രീകള്‍ തടഞ്ഞത്. അതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. ഒടുവില്‍ പോലിസ് ഇടപെട്ട് ഇരുവിഭാഗത്തെയും പറഞ്ഞുവിട്ടെങ്കിലും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തില്ല.
കേസ് രജിസ്റ്റര്‍ ചെയ്താല്‍ ആര്‍ക്കെതിരേയാവും തെളിവുകളെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിലുണ്ടെന്ന് കര്‍ണാടക പോലിസിനു നന്നായി അറിയാം. അവിടെ ഉരുണ്ടുകൂടിയ സംഘര്‍ഷാവസ്ഥതന്നെയാണ് സംഘപരിവാരത്തിന്റെ ലക്ഷ്യമെന്നു വ്യക്തം. കര്‍ണാടകയില്‍ ബിജെപി അധികാരത്തിലേറിയതിനു ശേഷം ക്രിസ്ത്യന്‍ മുസ്‌ലിം വിഭാഗങ്ങള്‍ക്കെതിരേ വ്യാപകമായ ആക്രമണങ്ങളാണ് അരങ്ങേറുന്നത്. എട്ട് മാസത്തിനിടെ അവിടെ മുസ്‌ലിംകള്‍ക്കുനേരെ എഴുപതിലധികം വര്‍ഗീയ ആക്രമണങ്ങള്‍ അരങ്ങേറിയതായ റിപോര്‍ട്ട് വസ്തുതാന്വേഷണ സംഘം പുറത്തുവിട്ടിട്ടുണ്ട്.
അടുത്തിടെയാണ് സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളെ കുറിച്ച് കണക്കെടുക്കാന്‍ നിയമസഭാ സമിതിതന്നെ രഹസ്യാന്വേഷണ വിഭാഗത്തോട് നിര്‍ദേശിച്ചത്. അനധികൃത നിര്‍മാണങ്ങള്‍ തടയാനാണ് ക്രൈസ്തവ ദേവാലയങ്ങളുടെ കണക്കെടുക്കുന്നതെന്നാണ് ന്യായീകരണം. അതിന്റെ മറവില്‍ നടക്കുന്നത് മേല്‍പറഞ്ഞതുപോലുള്ള അതിക്രമങ്ങളാണെന്നു മാത്രം. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ ദ്വാരകയില്‍ ഞായറാഴ്ച നടന്ന സംഭവം സംഘപരിവാരത്തിന്റെ അജണ്ടയുടെ തുറന്ന പ്രകടനമാണ്. അവിടെ പച്ചപ്പകലില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ ചര്‍ച്ച് തകര്‍ക്കാനാണ് എത്തിയത്. ദി ക്വിന്റാണ് സംഭവം പുറത്തെത്തിച്ചത്. ചര്‍ച്ചില്‍ പുതുതായി സ്ഥാപിച്ച സൈന്‍ ബോര്‍ഡ് ഉള്‍പ്പെടെയുള്ളവ നശിപ്പിച്ചിട്ടുണ്ട്. ചര്‍ച്ചില്‍ ഞായറാഴ്ച പ്രാര്‍ഥന നടക്കുന്നതിനിടെയാണ് ആക്രമണമെന്നും ഒരാള്‍ക്കു പരിക്കേറ്റതായും സാമൂഹിക മാധ്യമങ്ങള്‍ പറഞ്ഞു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പോലിസ് പറയുന്നത്. ആരാധനാലയത്തിനു നേരെ അക്രമം നടന്നിട്ടും പൊതുശല്യം ഉണ്ടാക്കിയെന്നു കാണിച്ചാണ് അക്രമികള്‍ക്കെതിരേ പോലിസ് കേസെടുത്തിരിക്കുന്നത്. അതേസമയം, ദ്വാരക പരിസരത്ത് പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടത്തുന്ന മിഷനറിമാര്‍ക്കെതിരേ കേസെടുക്കാന്‍ പോലിസ് മറന്നില്ല. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഡല്‍ഹി ദുരന്ത നിവാരണ നിയമപ്രകാരമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് ഐപിസി സെക്ഷന്‍ 188 പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തതെന്നു മാത്രം. ഡല്‍ഹി ദുരന്ത നിവാരണ നിയമപ്രകാരം ആരാധനാലയങ്ങള്‍ വീണ്ടും തുറക്കാന്‍ അനുവദിച്ചിട്ടുണ്ട്. പിന്നെ എന്തിനാണ് സഭാംഗങ്ങള്‍ക്കെതിരേ കേസെടുത്തതെന്ന് ചോദിച്ചപ്പോള്‍ അധികാരികളുടെ അനുമതിയില്ലാതെ മതപരമായ സ്ഥലമായി നിശ്ചയിച്ചിട്ടില്ലാത്ത സ്ഥലത്താണ് പ്രാര്‍ഥന നടത്തുന്നതെന്നായിരുന്നു പോലിസിന്റെ വാദം. വിശ്വാസികള്‍ കൂട്ടമായി വീടുകളിലെത്തി പോലും പ്രാര്‍ഥന നടത്തുന്ന രീതി ക്രിസ്ത്യന്‍ സഭകള്‍ക്കുണ്ട്. അവിടം മതപരമായ സ്ഥലമായി നിശ്ചയിക്കേണ്ടത് ആരാണ്? അത് ആരായാലും സംഘപരിവാരമല്ലല്ലോ? 80 മുതല്‍ 100 പേര്‍ വരെ പ്രാര്‍ഥനയ്ക്കായി ചര്‍ച്ചില്‍ ഒത്തുകൂടിയപ്പോള്‍ ഹിന്ദുത്വ സംഘടനകളില്‍ നിന്നുള്ളവരെത്തി സംഘര്‍ഷമുണ്ടാക്കുകയും അതിക്രമം നടത്തുകയുമായിരുന്നുവെന്ന് മറ്റൊരു പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞിട്ടുണ്ട്.
സംഘപരിവാരത്തിന്റെ കേളീഭൂമിയായ യുപിയില്‍നിന്ന് ഒരു ഭീഷണിയുടെ സ്വരമാണ് ഏതാനും ദിവസങ്ങളായി മുഴങ്ങിക്കേള്‍ക്കുന്നത്. അവിടെ പ്രസിദ്ധമായ മഥുര ഷാഹി ഈദ് ഗാഹ് മസ്ജിദുമായി ബന്ധപ്പെട്ടാണ് സംഘപരിവാരം വര്‍ഗീയ ലഹളയ്ക്കു കോപ്പുകൂട്ടുന്നത്. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികദിനമായ ഡിസംബര്‍ 6ന് ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്നാണ് സംഘപരിവാരത്തിന്റെ ഭീഷണി. അഖിലഭാരത ഹിന്ദു മഹാസഭയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. അന്നേ ദിവസം മഹാജലാഭിഷേകത്തിനുശേഷം വിഗ്രഹം സ്ഥാപിക്കുമെന്ന പ്രഖ്യാപനം വന്നതോടെ പ്രദേശത്ത് ഐപിസി 144 പ്രകാരം പോലിസ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. കത്ര കേശവ് ദേവ് ക്ഷേത്രത്തിന് സമീപമുള്ള പതിനേഴാം നൂറ്റാണ്ടിലെ മസ്ജിദ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ പ്രാദേശിക കോടതികള്‍ പരിഗണിക്കുന്ന സമയത്താണ് ഷാഹി ഈദ് ഗാഹിനുള്ളില്‍ ഹിന്ദുമത ചടങ്ങുകള്‍ നടത്തുമെന്ന് ഹിന്ദു മഹാസഭ ഭീഷണി മുഴക്കിയിരിക്കുന്നത്.
രാജ്യത്ത് സംഘപരിവാരം രണ്ടേരണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഉയര്‍ത്തിയ വര്‍ഗീയ കലാപ ഭീഷണികളുടെ ചെറുചിത്രങ്ങള്‍ മാത്രമാണ് ഇതെല്ലാം. അതും ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടവമാത്രം. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരേയുള്ള സംഘപരിവാര ഭരണകൂട പ്രതികാര നടപടകളില്‍ പ്രതിഷേധിച്ച് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖി സ്‌റ്റേജ് ഷോ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ്. മുനവ്വര്‍ ഫാറൂഖിക്ക് സ്‌റ്റേജ് ഷോ ആണ് അവസാനിപ്പിക്കേണ്ടിവരുന്നതെങ്കില്‍ ജാര്‍ഖണ്ഡില്‍ പുതപ്പുവില്‍ക്കാനെത്തിയ കശ്മീരി വ്യാപാരികളെ സംഘപരിവാരം രാജ്യദ്രോഹികളെന്ന് ആക്ഷേപിച്ച് ക്രൂരമായി മര്‍ദ്ദിച്ച് ജയ്ശ്രീരാം വിളിക്കാനും പാക്കിസ്താന്‍ മൂര്‍ദ്ദാബാദ് വിളിക്കാനും ആവശ്യപ്പെട്ടത് ഇരകള്‍ മുസ്‌ലിംകള്‍ ആയതുകൊണ്ടുമാത്രമാണ്.
1992 ഡിസംബര്‍ 6ന് വര്‍ഗീയ ഉന്‍മാദം പൂണ്ടു സംഘടിച്ചെത്തിയ ഹിന്ദുത്വര്‍ ബാബരിമസ്ജിദ് തകര്‍ത്തതിന്റെ നോവും മുറിവും ലോകത്തെ ഏറ്റവും വലിയ മതേതര രാഷ്ട്രഗാത്രത്തില്‍ ഇനിയും ഉണങ്ങിയിട്ടില്ല. ഉണങ്ങണമെങ്കില്‍ ശരിയായ ചികില്‍സ വേണം. 421 വര്‍ഷം മുസ്‌ലിംകള്‍ ആരാധന നടത്തിയ ആ പള്ളി യാതൊരുവിധ തെളിവുകളുടെയും ചരിത്ര വസ്തുതകളുടെയും പിന്‍ബലമില്ലാതെ വിശ്വാസത്തിന്റെയും ഐതിഹ്യത്തിന്റെയും പേരുപറഞ്ഞ് പരമോന്നത നീതിപീഠം അതു തകര്‍ത്തവര്‍ക്കു തന്നെ നല്‍കുകയാണ് ചെയ്തത്. ആ വിധിയിലെ അന്യായത്തെക്കുറിച്ച് നിയമവിശാരദന്മാര്‍ ഒരുപാടു പറഞ്ഞിട്ടുണ്ട്. ബാബരി തകര്‍ത്തതിനേക്കാള്‍ വലിയ അനീതിയായിരുന്നു തകര്‍ത്തവര്‍ക്കുതന്നെ അതുവിട്ടുകൊടുത്തത്. പരമോന്നത നീതിപീഠത്തിന്റെ പേരില്‍ പോലും ഇന്ത്യാ രാജ്യത്ത് അടയാളപ്പെടുത്തിയ അത്തരം അനീതികളാണ് ഇത്തരം അതിക്രമങ്ങള്‍ വീണ്ടുംവീണ്ടും ചെയ്യാന്‍ സംഘപരിവാരത്തിന് പ്രേരണയും പ്രചോദനവുമാകുന്നത്. രാമന്റെ പേരില്‍ ബാബരി മസ്ജിദില്‍ ആവാമെങ്കില്‍ കൃഷണന്റെ പേരില്‍ എന്തുകൊണ്ട് ഷാഹി ഈദ് ഗാഹ് മസ്ജിദില്‍ ആയിക്കൂടെന്നു ചോദിച്ചു സംഘപരിവാരം കടന്നുവരുന്നത് രാജ്യത്തെ ക്രമസമാധാന പാലനത്തിനും നിയമപാലനത്തിനും ഏറ്റ ഇത്തരം വലിയ പിഴകളുടെ വിടവിലൂടെയാണ്.
ഇവിടെയാണ് രാജ്യത്ത് വംശീയകലാപത്തിന് സംഘപരിവാരം വ്യാപകമായി കോപ്പുകൂട്ടുകയാണെന്ന ന്യായമായ സംശയം ബലപ്പെടുന്നത്. അക്ഷരാര്‍ഥത്തില്‍ പേയിളകിനടക്കുന്ന സംഘപരിവാരത്തെ ചങ്ങലക്കിടാന്‍ അവരാല്‍ തന്നെ നയിക്കപ്പെടുന്ന ഭരണകൂടത്തിനു താല്‍പ്പര്യമുണ്ടാവില്ല. അപ്പോള്‍ പിന്നെ രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികളായ പൗരന്മാര്‍ തന്നെ ഈ ഭ്രാന്തിനെ ചങ്ങലയ്ക്കിടേണ്ടിവരും. അവിടെ രാജ്യത്തെ കര്‍ഷകരോടു പറഞ്ഞതുപോലുള്ള മാപ്പപേക്ഷകള്‍ക്ക് അവസരം ഉണ്ടാവില്ല എന്നുമാത്രം.
RELATED STORIES
അതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMT