Latest News

പാലക്കാട്ടെ യുഡിഎഫിന്റെ വിജയത്തിനു പിന്നില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ് ലാമിയും: എം വി ഗോവിന്ദന്‍

ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കാനായി എസ്ഡിപിഐയും ജമാഅത്തെ ഇസ് ലാമിയും ലീഗിനൊപ്പം മുന്നില്‍നിന്നു പ്രവര്‍ത്തിച്ചെന്നും ഗോവിന്ദന്‍ ആരോപിച്ചു

പാലക്കാട്ടെ യുഡിഎഫിന്റെ വിജയത്തിനു പിന്നില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ് ലാമിയും: എം വി ഗോവിന്ദന്‍
X

തിരുവനന്തപുരം: പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തിനു പിന്നില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ് ലാമിയുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കാനായി എസ്ഡിപിഐയും ജമാഅത്തെ ഇസ് ലാമിയും ലീഗിനൊപ്പം മുന്നില്‍നിന്നു പ്രവര്‍ത്തിച്ചെന്നും ഗോവിന്ദന്‍ ആരോപിച്ചു. ബിജെപിയാണ് അപകടമെന്നു കാണിച്ചു പ്രചാരണം നടത്തിയാണ് അവര്‍ ലീഗിനൊപ്പം അണി നിരന്നതെന്നും അദ്ദേഹം ആരോപിച്ചു.

''എല്ലാ വര്‍ഗീയശക്തികളെയും ചേര്‍ത്തുനിര്‍ത്തിയാണ് യുഡിഎഫ് വിജയിച്ചത്. അവര്‍ക്കു വേണ്ടി പ്രധാനമായും പ്രവര്‍ത്തിച്ചത് ജമാഅത്തെ ഇസ് ലാമിയും എസ്ഡിപിഐയുമാണ്. ഫലപ്രഖ്യാപനം വന്ന ശേഷം ആദ്യം പ്രകടനം നടത്തിയത് എസ്ഡിപിഐ ആണ്. മുസ്ലിം വര്‍ഗീയശക്തികളെ കൂടി ഐക്യമുന്നണിയുടെ ഭാഗമാക്കി ചേര്‍ത്തുനിര്‍ത്തിയാണ് ഈ കൊട്ടിഘോഷിക്കുന്ന ഭൂരിപക്ഷം അവര്‍ക്കു ലഭിച്ചത്. ബിജെപിയാണ് അപകടമെന്നു കാണിച്ചു വലിയ രീതിയില്‍ പ്രചാരണം നടത്തി ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കാനായി ലീഗിനൊപ്പം മുന്നില്‍നിന്നത് എസ്ഡിപിഐയും ജമാഅത്തെ ഇസ് ലാമിയുമാണ്. ഈ മഴവില്‍ സഖ്യമാണ് അവിടെ പ്രവര്‍ത്തിച്ചത്. ഭൂരിപക്ഷ വര്‍ഗീയതും ന്യൂനപക്ഷ വര്‍ഗീയതയും ഇടതുപക്ഷമാണ് യഥാര്‍ഥ ശത്രു എന്ന രീതിയില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ വിജയത്തിനു പിന്നില്‍ എസ്ഡിപിഐയ്ക്കും ജമാഅത്തെ ഇസ് ലാമിക്കുമുള്ള പങ്ക് കേരളത്തിലെ മുഴുവന്‍ ജനങ്ങളും കാണുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് മനസിലാക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ഇടതുപക്ഷമാണ് ഒന്നാമത്തെ ശത്രുവെന്ന ധാരണയോടെ അവിടെ യോജിച്ചു പ്രവര്‍ത്തിച്ചുവെന്നാണ് നഗരപ്രദേശത്തെയും മറ്റും വോട്ടിങ് പാറ്റേണില്‍നിന്ന് മനസ്സിലാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ കൂടുതല്‍ വോട്ട് സരിന് കിട്ടി. ബിജെപി രണ്ടാംസ്ഥാനത്തും സിപിഎം മൂന്നാംസ്ഥാനത്തും നില്‍ക്കുമ്പോഴുണ്ടായിരുന്ന വോട്ടിന്റെ അന്തരം നല്ലതുപോലെ കുറയ്ക്കാന്‍ കഴിഞ്ഞു. പാലക്കാട്, എല്‍ഡിഎഫിന് അപ്രാപ്യമായ ഒരു സീറ്റ് അല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.


Next Story

RELATED STORIES

Share it