Latest News

ബംഗാള്‍ സര്‍ക്കാരിന് തിരിച്ചടി, 25,000 അധ്യാപകരെ പിരിച്ചുവിട്ട നടപടി സുപ്രിംകോടതി ശരിവച്ചു

ബംഗാള്‍ സര്‍ക്കാരിന് തിരിച്ചടി, 25,000 അധ്യാപകരെ പിരിച്ചുവിട്ട നടപടി സുപ്രിംകോടതി ശരിവച്ചു
X

ന്യൂഡല്‍ഹി:സര്‍ക്കാര്‍ നടത്തുന്നതും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെയും 25,753 അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും നിയമനങ്ങള്‍ അസാധുവാക്കിയ കല്‍ക്കട്ട ഹൈക്കോടതിയുടെ വിധി ശരിവച്ച് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച്, നിയമന പ്രക്രിയ അടിസ്ഥാനപരമായി പിഴവുള്ളതാണെന്ന് കണ്ടെത്തുകയായിരുന്നു.

2016-ല്‍ പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍ (എസ്എസ്സി), അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമനത്തിനായി നടത്തിയ നിയമനവുമായി ബന്ധപ്പെട്ടാണ് കേസ്. 24,640 ഒഴിവുകളിലേക്ക് ആകെ 23 ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ മല്‍സരിച്ചെങ്കിലും, 25,753 പേര്‍ക്ക് നിയമന കത്തുകള്‍ നല്‍കുകയായിരുന്നു.

ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഉള്‍പ്പെടെ നിരവധി കക്ഷികള്‍ ഹരജികള്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് വിഷയം സുപ്രിംകോടതിയിലെത്തിയത്. 2024 ഡിസംബര്‍ 19-ന് സുപ്രം കോടതി ഈ വിഷയത്തില്‍ വാദം കേള്‍ക്കാന്‍ തുടങ്ങി.

നിയമന പ്രക്രിയയിലെ കൃത്രിമങ്ങള്‍ നിയമനങ്ങളുടെ സമഗ്രതയെ ബാധിച്ചിട്ടുണ്ടെന്നും അവ നിലനിര്‍ത്താന്‍ കഴിയാത്തത്ര ദോഷം ചെയ്തുവെന്നും കോടതി വിധിന്യായത്തില്‍ പറഞ്ഞു. മുഴുവന്‍ തിരഞ്ഞെടുപ്പ് പ്രക്രിയയും ദുഷിച്ചതും കളങ്കപ്പെട്ടതുമാണെന്നും നിയമനങ്ങള്‍ അസാധുവാണെന്നും ജഡ്ജിമാര്‍ ഊന്നിപ്പറഞ്ഞു.

Next Story

RELATED STORIES

Share it