Latest News

ലൈംഗിക പീഡന പരാതി; സിവിക് ചന്ദ്രന്റെ അറസ്റ്റ് ശനിയാഴ്ച വരെ തടഞ്ഞു

ലൈംഗിക പീഡന പരാതി; സിവിക് ചന്ദ്രന്റെ അറസ്റ്റ് ശനിയാഴ്ച വരെ തടഞ്ഞു
X

കോഴിക്കോട്: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രനെതിരേ യുവ എഴുത്തുകാരി നല്‍കിയ ലൈംഗിക അതിക്രമ കേസിലെ അറസ്റ്റ് കോടതി ഈ മാസം 30 വരെ തടഞ്ഞു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. യുവതിയുടെ പുസ്തക പ്രകാശനത്തിന് കൊയിലാണ്ടിയിലെ ഒരു വീട്ടില്‍ ഒത്തുകൂടിയിരുന്നു. പിറ്റേന്ന് രാവിലെ ഉറങ്ങുകയായിരുന്ന യുവതിയെ സിവിക് ചന്ദ്രന്‍ പീഡിപ്പിച്ചെന്നാണ് പരാതി.

കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എസ് കൃഷ്ണകുമാറാണ് 30ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നവരെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവിട്ടത്. യുവ എഴുത്തുകാരിയുടെ പരാതിയില്‍ കഴിഞ്ഞ ആഴ്ചയാണ് സിവിക് ചന്ദ്രനെതിരേ കൊയിലാണ്ടി പോലിസ് കേസെടുത്തത്. ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പോലിസ് അന്വേഷണം തുടങ്ങിയതോടെ അദ്ദേഹം ഒളിവില്‍ പോയിരിക്കുകയാണ്.

കോഴിക്കോട് വെസ്റ്റ്ഹില്ലിലുള്ള വീട്ടിലേക്ക് പലതവണ അന്വേഷണസംഘം എത്തിയെങ്കിലും കണ്ടെത്താനായില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫാണെന്നും ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.

കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും സിവിക് ചന്ദ്രന്‍ എവിടെയുണ്ടെന്ന് കണ്ടെത്താന്‍ പോലിസിന് കഴിഞ്ഞിട്ടില്ലെന്നും ഒരാഴ്ചയ്ക്കകം നടപടിയെടുത്തില്ലെങ്കില്‍ ഉത്തരമേഖ ഐജി ഓഫിസിന് മുന്നില്‍ പ്രക്ഷോഭം തുടങ്ങുമെന്നും ദലിത് സംഘടനകള്‍ അറിയിച്ചു. ഐജിയുടെ ഓഫിസ് മുന്നില്‍ കുടില്‍കെട്ടി സമരം തുടങ്ങാനാണ് ദലിത് സംഘടനകളുടെ തീരുമാനം. പരാതിയില്‍ നടപടി വൈകുന്നതില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സാമൂഹിക, സാംസ്‌കാരിക രംഗത്തെ 100 പേര്‍ ഒപ്പുവച്ച നിവേദനവും മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it