Latest News

അഡ്വ. കെ എസ് ഷാന്‍ കൊലക്കേസ്: കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ഹരജി ഇന്ന് കോടതി പരിഗണിക്കും

2021 ഡിസംബര്‍ 18ന് രാത്രിയാണ് വീട്ടിലേക്കുള്ള വഴിമധ്യേ ബൈക്കില്‍ വാഹനം ഇടിച്ചുവീഴ്ത്തിയ ശേഷം ആര്‍എസ്എസ് സംഘം അഡ്വ. കെ എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയത്.

അഡ്വ. കെ എസ് ഷാന്‍ കൊലക്കേസ്: കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ഹരജി ഇന്ന് കോടതി പരിഗണിക്കും
X

ആലപ്പുഴ: എസ് ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. കെഎസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം മടക്കിനല്‍കണമെന്ന പ്രതികളുടെ ഹരജി ഇന്ന് ആലപ്പുഴ അഡീഷനല്‍ സെഷന്‍സ് കോടതി പരിഗണിക്കും. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ 11 പേരാണ് കേസിലെ പ്രതികള്‍. കൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന കെ വി ബെന്നിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസറാണ് കുറ്റപത്രം സമര്‍പ്പിക്കേണ്ടതെന്നും അതിനാല്‍ കുറ്റപത്രം മടക്കണം എന്നും ആവശ്യപ്പെട്ടാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ തന്നെയാണ് കുറ്റപത്രം നല്‍കിയതെന്നും അതിനാല്‍ ഹരജി നിലനില്‍ക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ ഹര്‍ജിയില്‍ ഇന്ന് കോടതി ഉത്തരവ് പുറപ്പെടുവിക്കും.

2021 ഡിസംബര്‍ 18ന് രാത്രിയാണ് വീട്ടിലേക്കുള്ള വഴിമധ്യേ ബൈക്കില്‍ വാഹനം ഇടിച്ചുവീഴ്ത്തിയ ശേഷം ആര്‍എസ്എസ് സംഘം അഡ്വ. കെ എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിനു മണിക്കൂറുകള്‍ക്കു ശേഷം നടന്ന ബിജെപി ഒബിസി മോര്‍ച്ചാ നേതാവ് അഡ്വ. രഞ്ജിത് ശ്രീനിവാസന്‍ കൊലക്കേസില്‍ കഴിഞ്ഞ ദിവസം 15 പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു. അതിനിടെ, കേസില്‍ വധശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ജഡ്ജിയെ ഭീഷണിപ്പെടുത്തുന്നതും വിദ്വേഷം ഉളവാക്കുന്നതുമായ പോസ്റ്റുകളും ചിത്രങ്ങളും പോസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച്

നാലു പേരെ അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് 19ാം വാര്‍ഡില്‍ കുമ്പളത്തുവെളി വീട്ടില്‍ നസീര്‍ മോന്‍ (47), തിരുവനന്തപുരം മംഗലപുരം സക്കീര്‍ മന്‍സിലില്‍ റാഫി (38), ആലപ്പുഴ പൊന്നാട് തേവരംശ്ശേരി നവാസ് നൈന(42), അമ്പലപ്പുഴ വടക്ക് വണ്ടാനം പുതുവല്‍ വീട്ടില്‍ ഷാജഹാന്‍ (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിന് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാവുമെന്നും പോലിസ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it