Latest News

എംഎസ്ടിഎം കോളജ് കൊമേഴ്‌സ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

മതേതര ചേരിയെ ശക്തിപ്പെടുത്തുന്നതില്‍ ശിഹാബ് തങ്ങളുടെ പങ്ക് മഹത്തരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

എംഎസ്ടിഎം കോളജ് കൊമേഴ്‌സ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
X
പെരിന്തല്‍മണ്ണ: ഇന്ത്യന്‍ ഭരണഘടനയുടെ മതേതരത്വം വധഭീഷണി നേരിടുകയാണെന്നും ഇതിനെതിരായി മതേതര സമൂഹത്തിന്റെ ഐക്യനിര ഉയര്‍ന്നുവരണമെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പെരിന്തല്‍മണ്ണ പൂപ്പലം എംഎസ്ടിഎം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിന്റെ പൂക്കോയ തങ്ങള്‍ സ്മാരക കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ അരക്ഷിതമായ സാമൂഹികാന്തരീക്ഷത്തില്‍ മതേതരത്വത്തിന്റെ പ്രയോക്താവായ മുഹമ്മദലി ശിഹാബ് തങ്ങളെ പ്രത്യേകം സ്മരിക്കേണ്ടതുണ്ടെന്നും, അദ്ദേഹം സമൂഹത്തെ ശരിയായ മാര്‍ഗത്തില്‍ നയിച്ച മഹാ മനീഷിയാണെന്നും, തങ്ങളുടെ വിദ്യാഭ്യാസ ദാര്‍ശനിക കാഴ്ചപ്പാടുകള്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയം അപകടകരമായ പ്രവണതകളിലോടെ കടന്നുപോകുന്ന സാഹചര്യങ്ങളില്‍ ശരിയായ നിലപാടെടുത്ത ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന നയമാണ് തങ്ങള്‍ സ്വീകരിച്ചതെന്നും അദ്ദേഹത്തിന്റെ നിലപാടുകള്‍ കാലിക പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.


ചടങ്ങില്‍ എംഎസ്ടിഎം കോളജ് കമ്മിറ്റി ചെയര്‍മാന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്കും മറ്റും ഉള്ള അവാര്‍ഡുകള്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് വിതരണം ചെയ്തു. സമസ്ത കേരള ജമയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.


മഞ്ഞളാംകുഴി അലി എംഎല്‍എ, നജീബ് കാന്തപുരം എംഎല്‍എ, മുന്‍ മന്ത്രി നാലകത്ത് സൂപ്പി, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എ സഈദ ടീച്ചര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. പി റഷീദ് അഹമ്മദ്, അഡ്വ. ടോം കെ തോമസ്, ഓര്‍ഫനേജ് സെക്രട്ടറി കെ ടി മൊയ്ദുട്ടിമാന്‍ ഹാജി, ട്രഷറര്‍ പട്ടാണി മാനുഹാജി, കോളജ് പ്രിന്‍സിപ്പല്‍ പി സൈതലവി, ആനമങ്ങാട് മുഹമ്മദുകുട്ടി ഫൈസി, വാര്‍ഡ് മെമ്പര്‍ ജൂലി പോളി, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ പി സുഫിയാന്‍,കോളജ് കമ്മിറ്റി സെക്രട്ടറി അഡ്വ. കെ ടി ഉമര്‍, വൈസ് ചെയര്‍മാന്‍ പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എംഎല്‍എ, ഉസ്മാന്‍ താമരത്ത് സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.




Next Story

RELATED STORIES

Share it