Latest News

കര്‍ഷക സമരത്തെ ഒരു മതവിഭാഗമായി മാത്രം ബന്ധപ്പെടുത്തരുതെന്ന് ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍

കര്‍ഷക സമരത്തെ ഒരു മതവിഭാഗമായി മാത്രം ബന്ധപ്പെടുത്തരുതെന്ന് ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍
X

ഫസില്‍ക്ക(പഞ്ചാബ്): രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക സമരത്തെ ഒരു മതവിഭാഗവുമായി മാത്രമായി ബന്ധപ്പെടുത്തരുതെന്ന് ശിരോമണി അകാലിദള്‍ നേതാവും പാര്‍ട്ടി പ്രസിഡന്റുമായ സുഖ്ബീര്‍ സിങ് ബാദല്‍. ഉത്തര്‍പ്രദേശ് മുതല്‍ കേരളം വരെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഈ സമരത്തില്‍ അണിനിരക്കുന്നുണ്ട്. സമരത്തെ ഏതെങ്കിലും ഒരു മതവിഭാഗവുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

പ്രാദേശിക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്ന അന്നദാതാക്കള്‍ക്കുവേണ്ടിയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്. ഈ സമരത്തെ ഒരു മതത്തിന്റെ മാത്രം സമരമായി ചിത്രീകരിക്കുന്നത് ശരിയല്ല. അതിലേക്ക് ഈ സമരത്തെ ഒതുക്കാന്‍ കഴിയില്ല. അതുകൊണ്ട് ഒരു കാര്യമില്ലെന്നു മാത്രമല്ല, ജനങ്ങളെ അന്യവല്‍ക്കരിക്കുകയും ചെയ്യും-അദ്ദേഹം പ്രധാനമന്ത്രിയെ ഓര്‍മപ്പെടുത്തു.

കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ 3 കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ 70 ദിവസമായി സമരം ചെയ്യുന്നതില്‍ പ്രധാന വിഭാഗം പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരാണ്. അതില്‍ തന്നെ സിഖ് വംശജരാണ് കൂടുതല്‍.

സിഖുകാര്‍ രാജ്യനിര്‍മാണത്തില്‍ വലിയ പങ്കുവഹിച്ച സമുദായമാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയചര്‍ച്ചക്കിടയില്‍ പറഞ്ഞിരുന്നു. കൂട്ടത്തില്‍ സിഖുകാര്‍ക്ക് രാജ്യം എന്തുകുറവാണ് വരുത്തിയതെന്നും പ്രധാനമന്ത്രി ചോദിച്ചു. തന്റെ ജീവിതത്തിന്റെ നല്ലൊരു കാലം പഞ്ചാബിലാണ് ചെലവഴിച്ചതെന്നും പ്രധാനമന്ത്രി ഓര്‍ത്തെടുത്തു.

കര്‍ഷക സമരം നടത്തുന്നത് ഖാലിസ്ഥാന്‍ വാദികളാണെന്ന പ്രചാരണവുമായി ബിജെപി നേതൃത്വം നേരത്തെ രംഗത്തുവന്നിരുന്നു. അതിനെതിരേ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത്് ഉയര്‍ന്നുവന്നത്.

Next Story

RELATED STORIES

Share it