Latest News

സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കുന്നുവെന്ന് പറയാന്‍ സര്‍ക്കാരിന് ജാള്യത: വി ഡി സതീശന്‍

സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കുന്നുവെന്ന് പറയാന്‍ സര്‍ക്കാരിന് ജാള്യത: വി ഡി സതീശന്‍
X

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി ഒറ്റയടിക്ക് പിന്‍വലിക്കുമെന്ന് പറയാന്‍ സര്‍ക്കാരിനു ജാള്യതയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അതുകൊണ്ടാണ് ഘട്ടം ഘട്ടമായി പദ്ധതി പിന്‍വലിക്കാനുള്ള നടപടികള്‍ തുടരുന്നത്. പദ്ധതി അവസാനിപ്പിക്കുമെങ്കില്‍ നല്ല കാര്യമാണെന്നു സതീശന്‍ പറഞ്ഞു. അതല്ല പദ്ധതിയുമായി മുന്നോട്ടുപോവാനാണ് തീരുമാനമെങ്കില്‍ ഇനിയും സമരം തുടരും. കെ റെയിലിന്റെ ഒരു നടപടിക്രമങ്ങളും സംസ്ഥാനത്ത് പൂര്‍ത്തിയാക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ലെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വിഴിഞ്ഞത്ത് ഞായറാഴ്ചയുണ്ടായ സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. അദാനിക്കുണ്ടായ നഷ്ടം ലത്തീന്‍ സഭയില്‍നിന്ന് ഈടാക്കണമെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാനാവില്ല. അങ്ങനെയെങ്കില്‍ കഴിഞ്ഞ 50 വര്‍ഷംകൊണ്ട് വിവിധ സമരങ്ങളില്‍നിന്നുണ്ടായ നഷ്ടം സിപിഎമ്മില്‍നിന്ന് ഈടാക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിച്ച് ഔദ്യോഗികമായി സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന് സില്‍വര്‍ ലൈന്‍ വിരുദ്ധസമരസമിതി പറഞ്ഞു. ഭൂമി ഇടപാട് മാറ്റാന്‍ നടപടി വേണമെന്നും സമരസമിതി ജില്ലാ രക്ഷാധികാരി മിനി കെ ഫിലിപ്പ് പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതിക്കു ഭൂമി ഏറ്റെടുക്കാന്‍ നിയോഗിച്ച 205 ഉദ്യോഗസ്ഥരെ തിരികെ വിളിക്കാനാണ് റവന്യൂ വകുപ്പിന്റെ നിര്‍ദേശം. ഇതുസംബന്ധിച്ച് റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും 11 ജില്ലാ കലക്ടര്‍മാര്‍ക്കും കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ എംഡിക്കും കത്ത് നല്‍കി. പദ്ധതിക്കായി സാമൂഹിക ആഘാത പഠനം നടത്താന്‍ പുതിയ വിജ്ഞാപനം ഇറക്കുന്നത് റെയില്‍വേ ബോര്‍ഡിന്റെ അനുമതിക്കുശേഷം മാത്രം മതിയെന്നും കത്തില്‍ വിശദീകരിച്ചു. റവന്യൂവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ആണ് ഉത്തരവിറക്കിയത്.

Next Story

RELATED STORIES

Share it