Latest News

ഹോളി ആഘോഷത്തിന്റെ പേരില്‍ മസ്ജിദുകള്‍ മൂടിയത് അപലപനീയം: സംയുക്ത കിസാന്‍ മോര്‍ച്ച

ഹോളി ആഘോഷത്തിന്റെ പേരില്‍ മസ്ജിദുകള്‍ മൂടിയത് അപലപനീയം: സംയുക്ത കിസാന്‍ മോര്‍ച്ച
X

ന്യൂഡല്‍ഹി: ഹോളി ആഘോഷത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ മസ്ജിദുകള്‍ കെട്ടിമറച്ച നടപടി അപലപനീയമാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. ഹോളി ആഘോഷിക്കുമ്പോള്‍ നിറങ്ങള്‍ ശരീരത്ത് വീഴാതിരിക്കണം എന്നുണ്ടെങ്കില്‍ മുസ്‌ലിംകള്‍ വീടിനുള്ളില്‍ ഇരിക്കണമെന്ന സംഭലിലെ സീനിയര്‍ പോലിസ് ഓഫിസര്‍ അനുജ് കുമാര്‍ ചൗധരിയുടെ പ്രസ്താവന വര്‍ഗീയമാണ്. ഹോളി ആഘോഷങ്ങള്‍ക്ക് തടസമുണ്ടാകാതിരിക്കാന്‍ മുസ്‌ലിം പുരുഷന്‍മാര്‍ ടാര്‍പോളിന്‍ കൊണ്ടുള്ള ഹിജാബ് ധരിക്കണമെന്നാണ് ബിജെപി നേതാവ് രഘുരാജ് സിങ് പറഞ്ഞത്. തീവ്ര ഹിന്ദു വിഭാഗങ്ങളും പോലിസും മുസ്‌ലിം വിദ്വേഷം പരത്താനുള്ള ഉപകരണമായി ഹോളിയെ ഉപയോഗിക്കുകയാണ്.

രാജ്യത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്ത അനുജ് കുമാര്‍ ചൗധരിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും മുഖ്യമന്ത്രിയും രഘുരാജ് സിങ്ങും മാപ്പ് പറയണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സമൂഹത്തെ പല തട്ടിലാക്കാനുള്ള ബിജെപി-ആര്‍എസ്എസ് ശ്രമങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച ശക്തമായി നിലകൊണ്ടിട്ടുണ്ട്. ചരിത്രപ്രസിദ്ധമായ കര്‍ഷക സമരം ഇതിനുദാഹരണമാണ്. മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ കോര്‍പ്പറേറ്റ് അനുകൂല നയങ്ങള്‍ക്കെതിരെ എല്ലാ ജാതി മത വിഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകരും ഡല്‍ഹി അതിര്‍ത്തിയില്‍ സമരത്തിനെത്തി. അധികാരത്തിനും തിരഞ്ഞെടുപ്പ് നേട്ടത്തിനും വേണ്ടി സമൂഹത്തെ വിഭജിക്കുന്നതിന് എസ്‌കെഎം അനുവദിക്കില്ല.

ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ആര്‍എസ്എസിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണം. ഭരണഘടനയും നിയമവും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നീതി ന്യായ വ്യവസ്ഥയ്ക്കാണെന്നിരിക്കെ ന്യൂനപക്ഷ വിദ്വേഷം ആളിക്കത്തിക്കുന്ന യുപി പൊലീസിനും മുഖ്യമന്ത്രിയ്ക്കും ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ക്കുമെതിരെ സ്വമേധയാ കേസെടുത്ത് ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്‌കെഎം ജുഡീഷ്യറിയോട് ആവശ്യപ്പെടുന്നു. ആര്‍എസ്എസും ബിജെപിയും നടത്തുന്ന ഭരണഘടനാ വിരുദ്ധ നിയമവിരുദ്ധ നടപടികള്‍ തടയേണ്ടത് ജുഡീഷ്യറിയുടെ ഉത്തരവാദിത്തമാണെന്നും പ്രസ്താവന പറയുന്നു.

Next Story

RELATED STORIES

Share it