Latest News

ഇതുവരെ തിരിച്ചേല്‍പ്പിച്ചത് 1,23,554 മുന്‍ഗണനാ കാര്‍ഡുകള്‍; അന്നയോജന കാര്‍ഡുകളുടെ വിതരണം ആഗസ്റ്റ് 30 ഓടെ പൂര്‍ത്തിയാക്കും

ഇതുവരെ തിരിച്ചേല്‍പ്പിച്ചത് 1,23,554 മുന്‍ഗണനാ കാര്‍ഡുകള്‍; അന്നയോജന കാര്‍ഡുകളുടെ വിതരണം ആഗസ്റ്റ് 30 ഓടെ പൂര്‍ത്തിയാക്കും
X

തിരുവനന്തപുരം: അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവര്‍ക്ക് കാര്‍ഡുകള്‍ തിരികെ നല്‍കാന്‍ സമയം അനുവദിച്ചപ്പോള്‍ സറണ്ടര്‍ ചെയ്തത് 1,23,554 കാര്‍ഡുകളാണെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ അറിയിച്ചു. പി.എസ്. സുപാല്‍ എം.എല്‍.എയുടെ സബ്മിഷന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

10,018 എ.എ.വൈ കാര്‍ഡുകള്‍, 64,761 പി.എച്ച്.എച്ച് കാര്‍ഡുകള്‍, 48,775 എന്‍.പി.എസ് കാര്‍ഡുകള്‍ എന്നിങ്ങനെയാണ് തിരികെ ലഭിച്ചത്. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 പ്രകാരം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചുനല്‍കിയ ആകെ കാര്‍ഡ് അംഗങ്ങളുടെ എണ്ണം 1,54,80,040 ആണ്. ഈ സാഹചര്യത്തില്‍ അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിട്ടുള്ളവരെ പട്ടികയില്‍നിന്ന് ഒഴിവാക്കിയാലേ അര്‍ഹതയുള്ള കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍ നല്‍കാനാകൂ.

ഇതിനായി ശിക്ഷാനടപടിയില്ലാതെ ജൂലൈ 15 വരെ അനര്‍ഹര്‍ക്ക് കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാന്‍ സമയം അനുവദിച്ചപ്പോഴാണ് 1,23,554 കാര്‍ഡുകള്‍ തിരികെ ലഭിച്ചത്.

മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ച് നിരവധി അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. മുന്‍ഗണനാകാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ചതിലൂടെ വന്ന ഒഴിവുകളിലേക്ക് അര്‍ഹരെ കണ്ടെത്തി കാര്‍ഡുകള്‍ നല്‍കാന്‍ നടപടി സ്വീകരിച്ചുവരുന്നതായി മന്ത്രി അറിയിച്ചു.

മുന്‍ഗണനാ കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന ഘട്ടത്തില്‍ ഗുരുതരമായ രോഗം ബാധിച്ച് ദീര്‍ഘനാളത്തെ ചികിത്സ ആവശ്യമായി വരുന്ന അപേക്ഷകര്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

മുന്‍ഗണനാ വിഭാഗത്തില്‍ കൂടുതല്‍ ആനുകൂല്യത്തിന് അര്‍ഹതയുള്ള അന്ത്യോദയ അന്നയോജന കാര്‍ഡുകളുടെ വിതരണം ആഗസ്റ്റ് 30 ഓടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സെപ്റ്റംബര്‍ഒക്ടോബര്‍ മാസങ്ങളിലായി പ്രയോരിറ്റി ഹൗസ് ഹോള്‍ഡ്‌സ് വിഭാഗത്തില്‍ ഉണ്ടായിട്ടുള്ള ഒഴിവുകളിലേക്ക് അര്‍ഹതപ്പെട്ടവരെ കണ്ടെത്തി മുന്‍ഗണനാ കാര്‍ഡുകള്‍ നല്‍കാനും ഉദ്ദേശിക്കുന്നതായി മന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it