Latest News

മദ്‌റസാദ്ധ്യാപകരുടെ ശമ്പളം സംബന്ധിച്ചുള്ള നിയമസഭ ചോദ്യോത്തരം ചോര്‍ന്നു; വീഴ്ച വരുത്തിയവര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സ്പീക്കര്‍

നിയമസഭാ ചോദ്യത്തിനുള്ള മറുപടി സഭാതലത്തില്‍ വരുന്നതിനു മുമ്പായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെതിരേ ചട്ടം 303 പ്രകാരം മഞ്ഞളാംകുഴി അലി ഉന്നയിച്ച ക്രമപ്രശ്‌നത്തിലാണ് സ്പീക്കറുടെ റൂളിങ്

മദ്‌റസാദ്ധ്യാപകരുടെ ശമ്പളം സംബന്ധിച്ചുള്ള നിയമസഭ ചോദ്യോത്തരം ചോര്‍ന്നു; വീഴ്ച വരുത്തിയവര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സ്പീക്കര്‍
X

തിരുവനന്തപുരം: നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് സഭയ്ക്ക് പുറത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ ചോദ്യവും ഉത്തരവും പ്രചരിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് സ്പീക്കര്‍ എംബി രാജേഷ്. മദ്‌റസാധ്യാപകരുടെ ശമ്പളം സംബന്ധിച്ച് പികെ ബഷീര്‍, എന്‍ ഷംസുദ്ദീന്‍, കെപിഎ മജീദ്, മഞ്ഞളാംകുഴി അലി എന്നിവര്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയാണ് സഭയില്‍ വക്കുന്നതിന് മുന്‍പ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. എന്നാല്‍ മുഖ്യമന്ത്രി സഭയില്‍ പറഞ്ഞ ഉത്തരമല്ല സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. വകുപ്പ് തലത്തില്‍ കൈമാറിയ വിവരങ്ങളാണ് പുറത്ത് പ്രചരപ്പിക്കപ്പെട്ടത്. പത്രവാര്‍ത്തയുടേയും മഞ്ഞളാംകുഴി അലിയുടെ ക്രമപ്രശ്‌നത്തിലാണ് സ്പീക്കറുടെ റൂളിങ് ഉണ്ടായിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ മദ്‌റസാധ്യാപകര്‍ക്ക് ശമ്പളമോ ധനസഹായമോ നല്‍കുന്നില്ലെന്ന് ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നു. ഈ മറുപടിയാണ് ചെറിയ തിരുത്തലോടെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്.

നിയമസഭ സ്പീക്കറുടെ റൂളിങ്

നിയമസഭാ ചോദ്യത്തിനുള്ള മറുപടി സഭാതലത്തില്‍ വരുന്നതിനു മുമ്പായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെതിരെ ചട്ടം 303 പ്രകാരം മഞ്ഞളാംകുഴി അലി ഈ മാസം 10ന് ഉന്നയിച്ച ക്രമപ്രശ്‌നത്തിലാണ് സ്പീക്കറുടെ റൂളിങ്ങുണ്ടായത്.

സഭയുടെ നടപ്പു സമ്മേളനത്തില്‍ ഈ മാസം ഏഴിന് മുഖ്യമന്ത്രിയോട് താനും ബഹുമാന്യരായ പികെ ബഷീര്‍, എന്‍ ഷംസുദ്ദീന്‍, കെപിഎ മജീദ് എന്നീ അംഗങ്ങളും ചേര്‍ന്ന് നോട്ടീസ് നല്‍കിയ നക്ഷത്രച്ചിഹ്നമിടാത്ത 99ാം നമ്പര്‍ ചോദ്യത്തിനുള്ള മറുപടി സഭാതലത്തില്‍ വരുന്നതിനു മുമ്പായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതായും ഇത് സഭാ നടപടി ചട്ടം 47(3) ന്റെ ലംഘനവും അംഗങ്ങളോടും സഭയോടുമുള്ള അനാദരവും ആകയാല്‍ ഇക്കാര്യത്തില്‍ ശക്തമായ റൂളിങ് നല്കണമെന്നാവശ്യപ്പെട്ടാണ് മഞ്ഞളാംകുഴി അലി ഇവിടെ ചട്ടം 303 പ്രകാരം ക്രമപ്രശ്‌നം ഉന്നയിച്ചത്.

ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതിന്റെ അടിസ്ഥാനത്തില്‍ ഇത്തരത്തില്‍ ഒരു ആക്ഷേപം ഉയര്‍ന്നു വരാനുണ്ടായ സാഹചര്യങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രി എഴുതി നല്കിയ മറുപടിയുടെ കൂടി അടിസ്ഥാനത്തില്‍ ചെയര്‍ ഇക്കാര്യം വിശദമായി പരിശോധിക്കുകയുണ്ടായി.

സഭയുടെ ഓരോ സമ്മേളന ദിനങ്ങളിലേക്കും ഷെഡ്യൂള്‍ ചെയ്തിട്ടുള്ള നിയമസഭാ ചോദ്യങ്ങള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകളില്‍നിന്നും തലേദിവസം വൈകീട്ട് 5 മണി വരെ ലഭ്യമാക്കുന്ന ഉത്തരങ്ങള്‍ ചോദ്യ ദിവസം ചോദ്യോത്തരവേള അവസാനിച്ചാലുടന്‍ നിയമസഭാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു വരുന്നു. എന്നാല്‍ അപ്രകാരം തലേദിവസം വൈകീട്ട് 5ന് മണിക്കുശേഷവും ചോദ്യ ദിവസം വൈകീട്ട് 4 മണി വരേയും ലഭ്യമാകുന്ന ഉത്തരങ്ങള്‍ ലേറ്റ് ആന്‍സര്‍ ബുള്ളറ്റിന്‍ വഴി പ്രസിദ്ധീകരിക്കുകയും തൊട്ടടുത്ത ദിവസം നിയമസഭയുടെ വെബ്‌സൈറ്റില്‍ ലഭ്യമാക്കുകയും ചെയ്യുന്നു. ഇതാണ് ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ പൊതുവായി സ്വീകരിച്ചു വരുന്ന നടപടിക്രമം.

മദ്‌റസ അദ്ധ്യാപകരുടെ ശമ്പളം സംബന്ധിച്ച ഏഴിലെ നക്ഷത്രച്ചിഹ്നമിടാത്ത 99ാം നമ്പര്‍ ചോദ്യത്തിനുള്ള ഉത്തരം ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പ് 'ഇ'നിയമസഭാ പോര്‍ട്ടലില്‍ ലഭ്യമാക്കിയത് ഏഴിന് വൈകുന്നേരം

4 മണിക്കു ശേഷമായിരുന്നു. ഈ ഉത്തരം എട്ടാം തീയതിയിലെ 33ാം നമ്പര്‍ ലേറ്റ് ആന്‍സര്‍ ബുള്ളറ്റിനില്‍ ഉള്‍പ്പെടുത്തുകയും 9ന് ഉച്ചയോടെ നിയമസഭയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

മഞ്ഞളാംകുഴി അലി ഇവിടെ ഉന്നയിച്ച പത്രവാര്‍ത്തയിലെ പ്രസക്ത ഭാഗം ഇനിപ്പറയും പ്രകാരമായിരുന്നു.

'നിയമസഭയില്‍ ഹാജരാക്കാനായി ന്യൂനപക്ഷക്ഷേമ വകുപ്പില്‍നിന്ന് മുഖ്യമന്ത്രിക്ക് നല്കിയ മറുപടി ചോര്‍ന്നു. എം.എല്‍.എമാരുടെ ചോദ്യവും വകുപ്പിന്റെ മറുപടിയും അതേപടി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു'.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ മേല്‍പ്പറഞ്ഞ ചോദ്യത്തിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി അംഗീകരിച്ച് നിയമസഭയ്ക്ക് ലഭ്യമാക്കിയ ഉത്തരമല്ല സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതെന്നും നിയമസഭാ ചോദ്യത്തിന് മറുപടി തയ്യാറാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പ് തയ്യാറാക്കി ഗവണ്മെന്റിലേക്ക് അയച്ചു കൊടുത്ത വിവരണം മാത്രമാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടതെന്നുമാണ് പരിശോധനയില്‍ വെളിവായിരിക്കുന്നത്.

ഏറെ ഗൃഹപാഠം നടത്തി എഴുതി സമര്‍പ്പിക്കുന്ന നിയമസഭാ ചോദ്യങ്ങള്‍ക്ക് നിയമസഭാതലത്തില്‍ത്തന്നെ ഉത്തരം ലഭിക്കാനുള്ള ബഹുമാനപ്പെട്ട അംഗങ്ങളുടെ പ്രത്യേക അവകാശത്തിന് പ്രത്യക്ഷത്തില്‍ ലംഘനം ഉണ്ടായിട്ടില്ലെങ്കില്‍ക്കൂടി അനുചിതമായ ഒരു നടപടി ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായതായി ചെയര്‍ നിരീക്ഷിക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ഇത്തരം പ്രവണതകള്‍ ഇനിമേല്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുവാനായി, സര്‍ക്കാര്‍ ഇതു സംബന്ധിച്ച് സമഗ്രമായ ഒരു വകുപ്പുതല അന്വേഷണം നടത്തണമെന്നും വീഴ്ച വരുത്തിയവര്‍ക്കെതിരെ മാതൃകാപരമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ചെയര്‍ റൂള്‍ ചെയ്യുന്നു.

Next Story

RELATED STORIES

Share it