Latest News

പിന്നാക്കക്കാരുടെ ഉന്നമനത്തിന് പദ്ധതികളില്ല; സംസ്ഥാന ബജറ്റ് യാഥാര്‍ത്ഥ്യ ബോധമില്ലാത്തതെന്നും പി അബ്ദുല്‍ ഹമീദ്

കോടിക്കണക്കിന് രൂപ സ്മാരകങ്ങളും സ്തൂപങ്ങളും നിര്‍മിക്കാന്‍ വകയിരിത്തിയിരിക്കുന്നു എന്നത് ദരിദ്ര ജനലക്ഷങ്ങളെ അവഹേളിക്കുന്നതാണ്

പിന്നാക്കക്കാരുടെ ഉന്നമനത്തിന് പദ്ധതികളില്ല; സംസ്ഥാന ബജറ്റ് യാഥാര്‍ത്ഥ്യ ബോധമില്ലാത്തതെന്നും പി അബ്ദുല്‍ ഹമീദ്
X

തിരുവനന്തപുരം: കേരളത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ബജറ്റാണ് ധനമന്ത്രി കെ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. കൊവിഡ് മഹാമാരിയില്‍ ഗുരുതര പ്രതിസന്ധിയിലായ ചെറുകിട വ്യാപാര മേഖലയെ പാടെ അവഗണിച്ചു. നാടിന്റെ നട്ടെല്ലായ പ്രവാസി സമൂഹത്തെ ബജറ്റ് പരിഗണിക്കുന്നതേയില്ല. പ്രകൃതി ദുരന്തങ്ങളിലും മഹാമാരിയിലും നരകയാതന അനുഭവിക്കുന്ന തീരദേശ മേഖലയിലെ ജനങ്ങളെ സര്‍ക്കാര്‍ തഴഞ്ഞിരിക്കുകയാണ്. ക്ഷേമാനുകുല്യ പ്രവര്‍ത്തനങ്ങളെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നവര്‍ ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിക്കാത്തത് ഒരു പൊതുതിരഞ്ഞെടുപ്പ് അടുത്ത് വരാനില്ല എന്നതു കൊണ്ടു മാത്രമാണ്. കടംകൊണ്ട് പൊറുതിമുട്ടുമ്പോള്‍ ചെലവ് ചുരുക്കാന്‍ സര്‍ക്കാരിന് യാതൊരു പരിപാടിയുമില്ല. ആഗോളവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം എന്ന പദപ്രയോഗങ്ങളിലൂടെ ജനങ്ങളെ അന്തരീക്ഷത്തില്‍ നിര്‍ത്തുന്ന ഇടതുപക്ഷം സാവധാനം ചുവടുമാറ്റം നടത്തുന്നതിന്റെ സൂചനകളാണ് ബജറ്റിലുള്ളത്.

സ്വകാര്യമേഖലയില്‍ നിക്ഷേപത്തെ പ്രോല്‍സാഹിപ്പിക്കുന്നതിന് ബജറ്റ് ഊന്നല്‍ നല്‍കുന്നു. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ ഉന്നമനത്തെ ബജറ്റ് പരാമര്‍ശിക്കുന്നതേയില്ല. പകരം കോടിക്കണക്കിന് രൂപ സ്മാരകങ്ങളും സ്തൂപങ്ങളും നിര്‍മിക്കാന്‍ വകയിരിത്തിയിരിക്കുന്നു എന്നത് ദരിദ്ര ജനലക്ഷങ്ങളെ അവഹേളിക്കുന്നതാണ്. അതിദാരിദ്ര്യ ലഘൂകരണ പദ്ധതിയില്‍ പട്ടിക തയ്യാറാക്കാന്‍ കഴിഞ്ഞ തവണ 10 കോടി മാറ്റിവെച്ചിരുന്നു. ഇത്തവണ 100 കോടി വകയിരുത്തിയിട്ടുണ്ട്. എന്ത് പദ്ധതിയാണ് അതിന് സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് ഇന്നും അജ്ഞാതമാണ്. നികുതി വര്‍ധന ഭൂമി കൈമാറ്റത്തെ പ്രതികൂലമായി ബാധിക്കും. മൊത്തത്തില്‍ സംസ്ഥാന ബജറ്റ് കേവലം കണക്കിലെ കളികള്‍ മാത്രമാണെന്നും സാധാരണക്കാരെ അത് സംബോധന ചെയ്യുന്നില്ലെന്നും പി അബ്ദുല്‍ ഹമീദ് വാര്‍ത്താക്കുറുപ്പില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it