Latest News

വര്‍ക്ക് നിയര്‍ ഹോം പദ്ധതി ഉപേക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍

പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കിന് അനുവദിച്ച 3.05 കോടി രൂപ ടെക്‌നോപാര്‍ക്കില്‍ സംരക്ഷണഭിത്തി കെട്ടാന്‍ സര്‍ക്കാര്‍ വകമാറ്റി

വര്‍ക്ക് നിയര്‍ ഹോം പദ്ധതി ഉപേക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍
X

തിരുവനന്തപുരം: വര്‍ക്ക് നിയര്‍ ഹോം പദ്ധതി ഉപേക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍.ഐടി സ്ഥാപനങ്ങളിലേയും മറ്റും ജീവനക്കാര്‍ക്ക് വീടിനു സമീപം ജോലി ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പദ്ധതിയാണ് വര്‍ക്ക് നിയര്‍ ഹോം പദ്ധതി. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കിന് അനുവദിച്ച 3.05 കോടി രൂപ വകമാറ്റി ടെക്‌നോപാര്‍ക്കില്‍ സംരക്ഷണഭിത്തി കെട്ടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇതിനു പുറമേ കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കിനും കോഴിക്കോട്ടെ സൈബര്‍ പാര്‍ക്കിനും ഓരോ കോടി രൂപ അനുവദിച്ചിരുന്നതും നിര്‍ത്തലാക്കി.

ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ സ്വപ്നപദ്ധതിയായി അവതരിപ്പിച്ചതായിരുന്നു വര്‍ക്ക് നിയര്‍ ഹോം പദ്ധതി. എന്നാല്‍, മാറിയ സാഹചര്യത്തില്‍ പദ്ധതി നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നാണു രണ്ടാം പിണറായി സര്‍ക്കാരിന്റെ വിലയിരുത്തല്‍. ടെക്‌നോപാര്‍ക്ക് ഭരണസമിതിയും വര്‍ക്ക് നിയര്‍ ഹോം പദ്ധതിയുമായി മുന്നോട്ടു പോകേണ്ടെന്നു തീരുമാനിക്കുകയും പണം വകമാറ്റി ചെലവിടാന്‍ സര്‍ക്കാരിനോട് അനുവാദം തേടുകയും ചെയ്തു.

കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് ഐടി കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്കു മാറിയതോടെയാണ് വര്‍ക്ക് നിയര്‍ ഹോം പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. ഫ്രാഞ്ചൈസി അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെട്ടിടങ്ങള്‍ വാടകയ്‌ക്കെടുത്ത് വര്‍ക്ക് നിയര്‍ ഹോം സെന്ററുകള്‍ ആരംഭിക്കാനായിരുന്നു പദ്ധതി. ഇവിടെ കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ്,എയര്‍കണ്ടിഷന്‍, മീറ്റിങ് റൂം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കാനും ലക്ഷ്യമിട്ടു. വീട്ടില്‍ ഈ സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ വര്‍ക്ക് നിയര്‍ ഹോം സെന്ററുകളിലെത്തി വാടക നല്‍കി ഉപയോഗിക്കാനും നിര്‍ദേശിച്ചു. വരുമാനം സര്‍ക്കാരും സംരംഭകനും ചേര്‍ന്നു പങ്കുവയ്ക്കാനും ഉദ്ദേശിച്ചിരുന്നു.

എന്നാല്‍, ജീവനക്കാര്‍ക്ക് കംപ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും അടക്കമുള്ള സൗകര്യങ്ങള്‍ ഐടി കമ്പനികള്‍ തന്നെ ഒരുക്കുന്നതിനാല്‍ വര്‍ക്ക് നിയര്‍ ഹോം പദ്ധതിക്ക് ഇനി പ്രസക്തിയില്ലെന്നാണു സര്‍ക്കാര്‍ നിലപാട്.


Next Story

RELATED STORIES

Share it