Latest News

സംസ്ഥാന വനിതാ കമ്മിഷന്‍ മാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാന വനിതാ കമ്മിഷന്‍ മാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
X

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മിഷന്റെ 2020ലെ മാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച റിപോര്‍ട്ട്/ഫീച്ചര്‍ മലയാളം അച്ചടിമാധ്യമം വിഭാഗത്തില്‍ മാതൃഭൂമി തൃശ്ശൂര്‍ സബ് എഡിറ്റര്‍ ശ്രീകല എം എസ്സ് തയാറാക്കിയ അളിയന്‍ സുഹ്‌റ ആള് പൊളിയാണ് തിരഞ്ഞെടുത്തു. വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളിലൂടെ തന്റെയും സമൂഹത്തിന്റെയും വഴിത്താര പ്രകാശനമാനമാക്കുന്ന ഒരു സാധാരണക്കാരിയെ അവതരിപ്പിച്ചതിനാണ് പുരസ്‌കാരം. മികച്ച റിപോര്‍ട്ട്/ഫീച്ചര്‍ മലയാളം ദൃശ്യമാധ്യമം വിഭാഗത്തില്‍ മാതൃഭൂമി ന്യൂസ് സബ് എഡിറ്റര്‍/റിപോര്‍ട്ടര്‍ റിയ ബേബിക്കാണ് പുരസ്‌കാരം. സാധാരണ സ്ത്രീയില്‍ നിന്ന് പക്ഷിനിരീക്ഷകയായി വളര്‍ന്ന സുധ എന്ന സ്ത്രീയെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്.

മികച്ച ഫോട്ടോഗ്രഫി വിഭാഗത്തില്‍ കേരളകൗമുദി കൊച്ചി ചീഫ് ഫോട്ടോഗ്രഫര്‍ എന്‍ആര്‍ സുധര്‍മദാസ്, മികച്ച വീഡിയോഗ്രഫി വിഭാഗത്തില്‍ മീഡയവണ്‍ കാമറാമാന്‍ മനേഷ് പെരുമണ്ണയും അര്‍ഹരായി. കൊവിഡ് ആരംഭിച്ച് ലോകം പകച്ചുനില്‍ക്കുന്ന അവസരത്തില്‍ കൊവിഡ് രോഗികളുടെ ആറ് മാസം പ്രായമായ കുഞ്ഞിനെ സംരക്ഷിക്കാന്‍ തയാറായ ഡോ. മേരി അനിത കോവിഡ് മുക്തരായ മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ തിരികെ നല്‍കുമ്പോഴുള്ള വികാരനിര്‍ഭരമായ നിമിഷം പകര്‍ത്തിയതിനാണ് സുധര്‍മദാസിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. നൃത്തംകൊണ്ട് ജീവിതം തിരിച്ചുപിടിച്ച സ്ത്രീയുടെ ആത്മവിശ്വാസം കാമറയില്‍ പകര്‍ത്തിയതിനാണ് മനേഷ് പെരുമണ്ണയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ഇംഗ്ലീഷ് വിഭാഗത്തില്‍ നിന്ന് മതിയായ എണ്ണം എന്‍ട്രികള്‍ ലഭിക്കാത്തതിനാല്‍ പുരസ്‌കാരം നല്‍കിയിട്ടില്ല. കമ്മിഷന്‍ അംഗങ്ങളും, പ്രശസ്ത മാധ്യമപ്രവര്‍ത്തകരായ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, സരിത വര്‍മ എന്നിവരുമടങ്ങിയ പാനല്‍ ആണ് പുരസ്‌കാര ജേതാക്കളെ നിശ്ചയിച്ചത്. ഫോട്ടോഗ്രഫി വിഭാഗത്തില്‍ കമ്മിഷന്‍ അംഗങ്ങള്‍ക്കു പുറമേ പ്രശസ്ത ഫോട്ടോഗ്രഫര്‍ ബി ജയചന്ദ്രന്‍, ഐപിആര്‍ഡി ചീഫ് ഫോട്ടോഗ്രഫര്‍ വി വിനോദ് എന്നിവരും ഉള്‍പ്പെട്ട പാനലാണ് വിധി നിര്‍ണയിച്ചത്. സമ്മാനത്തുക 20,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

Next Story

RELATED STORIES

Share it