Latest News

മയക്കുമരുന്നിനെ നേരിടാന്‍ സംസ്ഥാനങ്ങള്‍ നടപടി ശക്തിപ്പെടുത്തണം: കേന്ദ്ര ആഭ്യന്തര മന്ത്രി

മയക്കുമരുന്നിനെ നേരിടാന്‍ സംസ്ഥാനങ്ങള്‍ നടപടി ശക്തിപ്പെടുത്തണം: കേന്ദ്ര ആഭ്യന്തര മന്ത്രി
X

തിരുവനന്തപുരം: മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതീവ ജാഗ്രതയോടെയാണു നേരിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനങ്ങള്‍ നാര്‍ക്കോ കോഓര്‍ഡിനേഷന്‍ സെന്റര്‍(എന്‍.സി.ആര്‍.ഡി.) യോഗങ്ങള്‍ പതിവായി നടത്തുകയും അവയെ ജില്ലാതലത്തില്‍വരെ എത്തിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് 30ാമത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കോവളം റാവിസ് ഹോട്ടലില്‍ നടന്ന യോഗത്തില്‍ സംസ്ഥാനങ്ങള്‍ തമ്മിലും സംസ്ഥാനങ്ങളും കേന്ദ്രവുമായും ബന്ധപ്പെട്ട 26 വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഒമ്പത് എണ്ണം പരിഹരിക്കപ്പെട്ടു. 17 വിഷയങ്ങള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മാറ്റിവച്ചു.

നദീജലം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ടു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളില്‍ സംയുക്ത പരിഹാരമുണ്ടാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സമുദ്രോത്പന്ന വ്യാപാര, കയറ്റുമതി വ്യവസായത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു വലിയ സാധ്യതയാണുള്ളത്. രാജ്യത്തെ ആകെയുള്ള 7,500 കിലോമീറ്റര്‍ കടല്‍ത്തീരത്തില്‍ 4,800 കിലോമീറ്ററും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. 12 വന്‍കിട തുറമുഖങ്ങളില്‍ ഏഴെണ്ണവും ഈ മേഖലയിലാണ്. രാജ്യത്തെ 3,416 മത്സ്യബന്ധന ഗ്രാമങ്ങളില്‍ 1763 എണ്ണവും സതേണ്‍ സോണല്‍ കൗണ്‍സിലിന്റെ പരിധിയില്‍ വരുന്ന സംസ്ഥാനങ്ങളിലാണുള്ളത്. കേരളം, പുതുച്ചേരി, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളിലെ മത്സ്യബന്ധന മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 2015 മുതല്‍ 4,206 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലേയും ആന്ധ്രയിലേയും തുറമുഖ, മത്സ്യബന്ധന മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 56 പദ്ധതികളിലൂടെ 2,711 കോടി രൂപ നീക്കിവച്ചു. സാഗര്‍മാല പദ്ധതിക്കൊപ്പം തീരദേശ സംസ്ഥാനങ്ങളിലെ പ്രമുഖ തുറമുഖങ്ങളുടെ വികസനത്തിനായി വിവിധ പദ്ധതികള്‍ നടപ്പാക്കിയത് പ്രധാനമന്ത്രിക്ക് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടുള്ള താത്പര്യംകൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ 12 കോടിയിലധികം മത്സ്യത്തൊഴിലാളികള്‍ക്ക് ക്യുആര്‍ അധിഷ്ഠിത പിവിസി ആധാര്‍ കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. ഇതു മത്സ്യത്തൊഴിലാളികള്‍ക്കുള്ള തിരിച്ചറിയല്‍ രേഖമാത്രമായല്ല, രാജ്യത്തിന്റെ സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുന്നതുകൂടിയാണ്. ഫൊറന്‍സിക് സയന്‍സ് ലാബുകള്‍ സ്ഥാപിക്കുന്നതിനുള്ള ഒരു നയം കേന്ദ്രം തയാറാക്കി സംസ്ഥാനങ്ങള്‍ക്ക് അയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓരോ അഞ്ചു കിലോമീറ്ററിലും ഒരു ബാങ്ക് ശാഖ എന്നതാണു സര്‍ക്കാരിന്റെ ലക്ഷ്യം. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കു വലിയ പങ്കുവഹിക്കാനുണ്ട്. ഗ്രാമങ്ങളില്‍ അഞ്ചു കിലോമീറ്ററിനുള്ളില്‍ ബാങ്കിങ് സൗകര്യമൊരുക്കുന്നതിനും പുതിയ ശാഖകള്‍ തുറക്കുന്നതിനും സഹകരണ ബാങ്കുകളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

30ാമതു സതേണ്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്ത പ്രധാന വിഷയങ്ങളില്‍ ഒമ്പത് എണ്ണവും ആന്ധ്രപ്രദേശിന്റെ പുനഃസംഘടനയുമായി ബന്ധപ്പെട്ടതായിരുന്നു. ഇനിയും തീര്‍പ്പാക്കാനുള്ള പ്രശ്‌നങ്ങളില്‍ ഇരു സംസ്ഥാനങ്ങളും ഒന്നിച്ചു ചര്‍ച്ച ചെയ്തു പരിഹാരമുണ്ടാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി നിര്‍ദേശിച്ചു. 2014നു ശേഷം സോണല്‍ കൗണ്‍സിലുകള്‍ യോഗം ചേരുന്നതിന്റെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2014നു മുന്‍പ് വര്‍ഷത്തില്‍ ശരാശരി രണ്ടു മീറ്റിങ്ങുകളായിരുന്നു ചേര്‍ന്നിരുന്നത്. 2014നു ശേഷം അത് 2.7 ആയി വര്‍ധിപ്പിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗങ്ങളുടെ ശരാശരി 1.4 ആയിരുന്നു. ഇപ്പോള്‍ അത് 2.75 ആയി വര്‍ധിച്ചിരിക്കുന്നു. സോണല്‍ കൗണ്‍സിലുകളിലൂടെയുള്ള പ്രശ്‌ന പരിഹാരത്തിന്റെ തോത് നേരത്തെ 43 ശതമാനം മാത്രമായിരുന്നു. ഇപ്പോള്‍ അത് 64 ആയി ഉയര്‍ന്നു. 2006നും 2013നും ഇടയ്ക്ക് ചേര്‍ന്ന സോണല്‍ കൗണ്‍സില്‍ യോഗങ്ങളില്‍ 104 പ്രശ്‌നങ്ങള്‍ക്കാണു പരിഹാരമുണ്ടാക്കിയത്. 2014നും 22നും ഇടയില്‍ അത് 555 ആയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ആന്ധ്ര പ്രദേശ് ധനമന്ത്രി ബഗ്‌റ രാജേന്ദ്രനാഥ്, തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹ്മൂദ്, പുതുച്ചേരി ലഫ്. ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്. ഗവര്‍ണര്‍ അഡ്മിറല്‍ ഡി.കെ. ജോഷി, കേന്ദ്ര സര്‍ക്കാരിലേയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേയും ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it