Latest News

സുള്ളി ഡീല്‍സ് കേസ്: ആപ്പ് നിര്‍മാതാവായ മുഖ്യപ്രതിയെ പോലിസ് അറസ്റ്റ് ചെയ്തത് ഇന്‍ഡോറില്‍ നിന്ന്

'ഗംഗേസിയോണ്‍' എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ഉപയോഗിച്ചുള്ള 'ട്രേഡ് മഹാസഭ' എന്ന ഗ്രൂപ്പില്‍ 2020 ജനുവരി മുതല്‍ അംഗമാണ് പ്രതി. മുസ്‌ലിം സ്ത്രീകളെ എങ്ങനെ അധിക്ഷേപിക്കാം എന്നു ചര്‍ച്ച നടക്കുന്ന ഗ്രൂപ്പാണ് ഇതെന്ന് പോലിസ് പറയുന്നു.

സുള്ളി ഡീല്‍സ് കേസ്: ആപ്പ് നിര്‍മാതാവായ മുഖ്യപ്രതിയെ പോലിസ് അറസ്റ്റ് ചെയ്തത് ഇന്‍ഡോറില്‍ നിന്ന്
X

ന്യൂഡൽഹി: മുസ്‌ലിം സ്ത്രീകളെ ഓൺലൈനിൽ 'ലേലം ചെയ്യാൻ' ഉപയോഗിച്ച സുള്ളി ഡീൽസ് ആപ്പിന്റെ മുഖ്യ സൂത്രധാരനെ ഡൽഹി പോലിസ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ബിസിഎ വിദ്യാർഥിയായ മധ്യപ്രദേശ് സ്വദേശി ഓംകാരേശ്വർ താക്കൂറാ(25)ണ് ഇൻഡോറിൽ നിന്ന് പോലിസ് പിടികൂടിയത്. സുള്ളി ഡീൽസ് ആപ്പ് കേസിൽ ഏഴ് മാസങ്ങൾക്കു ശേഷമുണ്ടായ ആദ്യ അറസ്റ്റാണിത്.

നേരത്തെ അറസ്റ്റിലായ ബുള്ളി ബായ് ആപ്പ് നിർമാതാവ് നീരജ് ബിഷ്‌ണോയ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പോലിസ് വലയിലാക്കിയത്. 2021 ജൂലൈയിൽ ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോമിൽ സുള്ളി ഡീൽസ് എന്ന ആപ്പുണ്ടാക്കിയത് താനാണെന്ന് ഓംകേശ്വർ സമ്മതിച്ചുവെന്ന് പോലിസ് വ്യക്തമാക്കി. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും അവരെ വേഗം അറസ്റ്റ് ചെയ്യുമെന്നും പോലിസ് വെളിപ്പെടുത്തി.

സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രമുഖരായ മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോകൾ അപകീർത്തികരമായ പരാമർശങ്ങളോടെ 'വിൽപ്പനയ്ക്കു വച്ച' ആപ്പുകളാണ് കഴിഞ്ഞ വർഷം ജൂലൈയിൽ പുറത്തിറങ്ങിയ സുള്ളി ഡീൽസും ഡിസംബറിൽ പുറത്തിറങ്ങിയ ബുള്ളി ബായ് ആപ്പും. മൈക്രോസോഫ്റ്റിന്റെ പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബ് വഴിയാണ് ഈ ആപ്പുകൾ നിർമിച്ച് പുറത്തിറക്കിയത്.

ഡൽഹി പോലിസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് (ഐഎഫ്എസ്ഒ) യൂനിറ്റ് കമ്മീഷണർ കെ പി എസ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. നേരത്തെ അറസ്റ്റിലായ നീരജ് ബിഷ്‌ണോയിയെ ചോദ്യം ചെയ്തപ്പോൾ സുള്ളി ഡീൽസ് ആപ്പിന്റെ നിർമാതാക്കളുമായി താൻ ബന്ധപ്പെട്ടിട്ടുണ്ടെന്ന് അയാൾ സമ്മതിച്ചിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്.

ഓംകേശ്വർ താക്കൂർ ഇൻഡോറിലെ ഐപിഎസ് അക്കാദമിയിൽ നിന്ന് ബിസിഎ ബിരുദം പൂർത്തിയാക്കി ന്യുയോർക്ക് സിറ്റി ടൗൺഷിപ്പിൽ താമസമാക്കിയ വ്യക്തിയാണെന്ന് പോലിസ് വിശദീകരിച്ചു. സുള്ളി ഡീൽസ് ആപ്പ് ട്വിറ്ററിലൂടെയാണ് ഇയാൾ ഷെയർ ചെയ്തത്. 'ഗംഗേസിയോൺ' എന്ന ട്വിറ്റർ ഹാൻഡിൽ ഉപയോഗിച്ചുള്ള 'ട്രേഡ് മഹാസഭ' എന്ന ഗ്രൂപ്പിൽ 2020 ജനുവരി മുതൽ അംഗമാണ് പ്രതി. മുസ്‌ലിം സ്ത്രീകളെ എങ്ങനെ അധിക്ഷേപിക്കാം എന്നു ചർച്ച നടക്കുന്ന ഗ്രൂപ്പാണ് ഇതെന്ന് പോലിസ് പറയുന്നു.

'സുള്ളി ഡീൽസ്' ആപ്ലിക്കേഷൻ സൃഷ്ടിച്ചതിന് ശേഷം, പ്രമുഖ വ്യക്തികൾ ഉൾപ്പെടെയുള്ള നിരവധി മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോകൾ ഈ ട്വിറ്റർ ഗ്രൂപ്പിലെ അംഗങ്ങൾ അപ്‌ലോഡ് ചെയ്‌തെന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്. ആപ്പ് വാർത്തകളിൽ ഇടം നേടിയതിന് ശേഷം താക്കൂർ തന്റെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഡിലീറ്റ് ചെയ്തിരുന്നു. പോലിസ് ഇയാളെ ചോദ്യം ചെയ്യുകയും ഇയാളിൽ നിന്ന് കണ്ടെത്തിയ ഗാഡ്‌ജെറ്റുകൾ പരിശോധിക്കുകയും ചെയ്യുന്നുണ്ടെന്നും ഡിസിപി മൽഹോത്ര വ്യക്തമാക്കി.

Next Story

RELATED STORIES

Share it