Latest News

ശാഹീ ജാമിഅ് മസ്ജിദ് വെടിവയ്പ്പ്: സ്വമേധയാ കേസെടുക്കാന്‍ സുപ്രിംകോടതിക്ക് കത്തെഴുതി ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്

നിലവിലെ സാഹചര്യം രാജ്യത്തെ കൂടുതല്‍ അപകടകരമായ സാഹചര്യത്തിലേക്ക് നയിക്കാമെന്നും കത്തില്‍ മദനി മുന്നറിയിപ്പ് നല്‍കി

ശാഹീ ജാമിഅ് മസ്ജിദ് വെടിവയ്പ്പ്: സ്വമേധയാ കേസെടുക്കാന്‍ സുപ്രിംകോടതിക്ക് കത്തെഴുതി ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ശാഹീ ജാമിഅ് മസ്ജിദിന് സമീപം അഞ്ച് മുസ്‌ലിം യുവാക്കളെ വെടിവച്ചു കൊന്ന സംഭവത്തില്‍ സ്വമേധയാ കേസെടുക്കണമെന്ന് സുപ്രിംകോടതിക്ക് കത്തെഴുതി ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്. പ്രദേശത്ത് ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ അടിയന്തരമായി കോടതി ഇടപെടണമെന്ന് ചീഫ്ജസ്റ്റിസിന് എഴുതിയ കത്തില്‍ പ്രസിഡന്റ് മൗലാനാ മഹ്മൂദ് മദനി ആവശ്യപ്പെട്ടു.

''ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ പ്രസിഡന്റെന്ന പദവിയില്‍ ഇരുന്നാണ് ഈ കത്തെഴുതുന്നത്. സര്‍വെയെന്ന പേരില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മൂലമാണ് സംഭലില്‍ സംഘര്‍ഷമുണ്ടായിരിക്കുന്നത്. ആരാധനാലയങ്ങള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ ഇല്ലാതാക്കാനാണ് 1991ല്‍ പ്രത്യേക നിയമം കൊണ്ടുവന്നത്. എന്നാല്‍, സര്‍വെകള്‍ ഈ നിയമത്തിന് കീഴില്‍ വരില്ലെന്ന അടുത്തിടെയുള്ള സുപ്രിംകോടതി വിധിയാണ് പ്രശ്‌നത്തിന് കാരണം. ഈ വിധി സംഭലിലെ സംഘര്‍ഷത്തിന് കാരണമായി.''. അതിനാല്‍ വിഷയത്തില്‍ സുപ്രിംകോടതി സ്വമേധയാ ഇടപെടണമെന്നാണ് മദനിയുടെ ആവശ്യം.

നിലവിലെ സാഹചര്യം രാജ്യത്തെ കൂടുതല്‍ അപകടകരമായ സാഹചര്യത്തിലേക്ക് നയിക്കാമെന്നും കത്തില്‍ മദനി മുന്നറിയിപ്പ് നല്‍കി. ''വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ കോടതി പോസിറ്റീവായി ഇടപെടണം. സാമൂഹിക നീതി ഉറപ്പാക്കുകയും വേണം.''-കത്ത് പറയുന്നു.

നേരത്തെ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രതിനിധി സംഘം സംഭല്‍ സന്ദര്‍ശിച്ച് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. മസ്ജിദില്‍ സര്‍വെ നടത്തണമെന്ന് ഹരജി നല്‍കിയ വിഷ്ണു ശങ്കര്‍ ജയിനിന്റെ നിയമവിരുദ്ധ പ്രവൃത്തികളില്‍ കേസെടുക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍വെ സമയത്ത് ജയ് ശ്രീരാം വിളിക്കുകയും ഹിന്ദുത്വരെ കൊണ്ടുവരുകയും ചെയ്തത് ഇയാളാണെന്ന് ആരോപണമുണ്ട്.

Next Story

RELATED STORIES

Share it