Latest News

അരവിന്ദ് കെജ്‌രിവാളിന്റെ ഹരജി വാദംകേള്‍ക്കുന്നത്‌ ഏപ്രില്‍ 29-ലേക്ക് മാറ്റി

അരവിന്ദ് കെജ്‌രിവാളിന്റെ ഹരജി  വാദംകേള്‍ക്കുന്നത്‌ ഏപ്രില്‍ 29-ലേക്ക് മാറ്റി
X

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹരജി വാദംകേള്‍ക്കുന്നത് ഏപ്രില്‍ 29ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്തതിനെ ചോദ്യംചെയ്ത് കെജ്‌രിവാള്‍ നല്‍കിയ ഹരജിയാണ് വാദം കേള്‍ക്കാനായി 29ലേക്ക് മാറ്റിയത്. അതേസമയം, കെജ്‌രിവാളിന്റെ ഹരജിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ വ്യക്തത നല്‍കിക്കൊണ്ടുള്ള റിപോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതി ഇഡിക്ക് നോട്ടിസ് നല്‍കി.

കേസിനെപ്പറ്റി കോടതിക്ക് ബോധ്യമുണ്ടെന്നും ഏപ്രില്‍ 24നകം നോട്ടിസിന് കോടതിയില്‍ മറുപടി നല്‍കണമെന്നും സുപ്രിംകോടതി ഇഡിയോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മദ്യനയക്കേസില്‍ മാര്‍ച്ച് 21നാണ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെ തന്റെ അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമാണെന്ന കെജ് രിവാളിന്റ വാദം ഹൈക്കോടതി തള്ളുകയായിരുന്നു.

അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ട് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹരജി ഏപ്രില്‍ 9ന് ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും കെജ്‌രിവാള്‍ ഉള്‍പ്പെട്ടതായി വ്യക്തമാക്കുന്ന തെളിവുകള്‍ ഇഡി ശേഖരിച്ചിട്ടുണ്ട് എന്നായിരുന്നു ഹരജി തള്ളിക്കൊണ്ട് ഡല്‍ഹി ഹൈക്കോടതി അന്ന് വ്യക്തമാക്കിയത്.

ഗോവ തിരഞ്ഞെടുപ്പിന് കെജ് രിവാളിന് പണം നല്‍കിയെന്ന് വ്യക്തമാക്കുന്ന മതിയായ തെളിവുകളും ആംആദ്മി പാര്‍ട്ടിയുടെ സ്വന്തം സ്ഥാനാര്‍ഥിയുടെ മൊഴിയും ഇഡിക്ക് ഹാജരാക്കാന്‍ കഴിഞ്ഞതായി കോടതി അന്ന് വ്യക്തമാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ കെജ് രിവാളിന്റെ അറസ്റ്റും തുടര്‍ന്നുള്ള റിമാന്‍ഡും ശരിവെച്ചത്. അതോടെയാണ് ഡല്‍ഹി മുഖ്യമന്ത്രി സുപ്രിംകോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it