Latest News

കൊവാക്‌സിന്‍ സുരക്ഷിതമല്ലെന്ന് സംശയം; ആശങ്കയറിയിച്ച് കര്‍ണാടക റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍

കൊവാക്‌സിന്‍ സുരക്ഷിതമല്ലെന്ന് സംശയം; ആശങ്കയറിയിച്ച് കര്‍ണാടക റസിഡന്റ്  ഡോക്ടേഴ്‌സ് അസോസിയേഷന്‍
X

ബംഗളൂരു: കര്‍ണാടകയിലെ റസിഡന്റ് ഡോകര്‍മാരുടെ സംഘടനയായ കര്‍ണാടക അസോസിയേഷന്‍ ഓഫ് റസിഡന്റ് ഡോക്ടേഴ്‌സ് പ്രസിഡന്റ് ഡോ. ദയാനന്ദ് സാഗര്‍ കൊവിഡ് പ്രതിരോധത്തിനുപയോഗിക്കുന്ന കൊവാക്‌സിന്റെ ഗുണനിലവാരത്തെ കുറിച്ച് ആശങ്കയറിയിച്ചു.

''കൊവിഡ് പ്രതിരോധത്തിന് രണ്ട് വാക്‌സിനുകളാണ് ഉപയോഗിക്കുന്നത്, കൊവിഷീല്‍ഡും കൊവാക്‌സിനും. കൊവിഷീല്‍ഡിന് ചുരുങ്ങിയ പക്ഷം ഒരു ഇടക്കാല പരിശോധനാ റിപോര്‍ട്ടെങ്കിലുമുണ്ട്. എന്നാല്‍ കൊവാക്‌സിന്‍ പരിശോധനയുടെ മൂന്നാം ഘട്ടം പൂര്‍ത്തീകരിച്ചിട്ടില്ല. നിലവില്‍ ആരോഗ്യപ്രവര്‍ത്തകരിലാണ് പരിശോധന നടത്തുന്നത്. ഇടക്കാല പരിശോധനാ റിപോര്‍ട്ടെങ്കിലും പൂര്‍ത്തിയാക്കിയിട്ടുള്ള വാക്‌സിന്‍ ചുരുങ്ങിയപക്ഷം ഉപയോഗിക്കണം. ഏത് വാക്‌സിന്‍ സ്വീകരിക്കണമെന്നത് വ്യക്തികള്‍ക്ക് വിട്ടുകൊടുക്കണം''- അദ്ദേഹം പറഞ്ഞു.

ജനുവരി 3ന് ഇന്ത്യ രണ്ട് വാക്‌സിനാണ് അനുമതി നല്‍കിയത്. കൊവിഷീല്‍ഡിനും കൊവാക്‌സിനും.

ആസ്ട്രസെനെക്കയും ഓക്‌സ്ഫഡും സംയുക്തമായി വികസിപ്പിച്ച കൊവിഷീല്‍ഡ് സിറം ഇന്‍സ്റ്റിറ്റിയൂട്ടാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. ഇന്ത്യയില്‍ തന്നെ ഉല്‍പ്പാദിപ്പിച്ച കൊവാക്‌സിന്‍ ഐസിഎംആറിന്റെ സഹായത്തോടെ ഭാരത് ബയോടെക്കാണ് പുറത്തിറക്കിയത്.

ജനുവരി 16-18 വരെ 3.81 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് വാക്‌സിന്‍ നല്‍കിയിട്ടുള്ളത്. അതില്‍ 580 പേര്‍ക്ക് വിവിധ തരത്തിലുള്ള രോഗങ്ങള്‍ പിടിപെട്ടിട്ടുണ്ട്. ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂന്ന് കേസുകള്‍ ഡല്‍ഹിയിലാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. അതില്‍ രണ്ട് പേര്‍ ആശുപത്രി വിട്ടു. മൂന്നാമത്തെയാള്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് പ്രതാപ് ഗഞ്ച് മാക്‌സ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

Next Story

RELATED STORIES

Share it