Latest News

കോയമ്പത്തൂര്‍ സ്‌ഫോടനം: അഞ്ചുപേര്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍ സ്‌ഫോടനം: അഞ്ചുപേര്‍ അറസ്റ്റില്‍
X

ചെന്നൈ: കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഫിറോസ് ഇസ്മയില്‍, നവാസ് ഇസ്മയില്‍, മുഹമ്മദ് ധല്‍ഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീന്‍ എന്നിവരാണ് കോയമ്പത്തൂര്‍ സിറ്റി പോലിസിന്റെ പിടിയിലായത്. ജിഎം നഗര്‍, ഉക്കടം സ്വദേശികളാണ് ഇവര്‍. സ്‌ഫോടനത്തില്‍ മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധമുള്ളവരാണിവരെന്ന് പോലിസ് പറഞ്ഞു. സ്‌ഫോടക വസ്തു ശേഖരിച്ചതിലും ആസൂത്രണത്തിലും ഇവര്‍ക്ക് പങ്കുണ്ടോയെന്നാണ് പോലിസ് അന്വേഷിക്കുന്നത്.

ഡിജിപി ശൈലേന്ദ്രബാബു, എഡിജിപി താമരൈ കണ്ണന്‍, ഇന്റലിജന്‍സ് ഐജി സെന്തില്‍ വേലന്‍, പ്രത്യേക അന്വേഷണ വിഭാഗം എസ്പി സ്റ്റീഫന്‍ ജെസുപഥം എന്നിവര്‍ ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലെത്തി അന്വേഷണത്തിന് നേതൃത്വം നല്‍കുന്നുണ്ട്. അന്വേഷണം നടന്നുവരികയാണെന്ന് ഡിജിപി ശൈലേന്ദ്രബാബു പറഞ്ഞു. ഉക്കടം കോട്ടമേട് ഭാഗത്തുള്ള ജമേഷ മുബിന്റെ വസതിയില്‍ നടത്തിയ പരിശോധനയില്‍ അസംസ്‌കൃത ബോംബുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം, സള്‍ഫര്‍ തുടങ്ങിയ രാസവസ്തുക്കള്‍ കണ്ടെടുത്തതായി ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. ഇയാള്‍ക്ക് ഒരു സംഘടനയുമായും ബന്ധമില്ല. ഇയാള്‍ക്കെതിരേ കേസൊന്നുമില്ല.

എങ്കിലും ഇയാളുടെ കോള്‍ ഹിസ്റ്ററി പരിശോധിച്ച് അന്വേഷണം നടത്തുകയാണ്. സിലിണ്ടറുകളുടെയും കാറിന്റെയും ഉറവിടം തിരിച്ചറിഞ്ഞു. ഇത് ചാവേറാക്രമണമാവാന്‍ സാധ്യതയില്ല. ആണികളും ബെയിലിങ്ങും കാറിലുണ്ടായിരുന്ന സമയത്താണ് പൊട്ടിത്തെറിയുണ്ടായത്. കെമിക്കലുകള്‍ ഇയാളുടെ വീട്ടില്‍ ഉണ്ടായിരുന്നു. അന്വേഷണം ശരിയായ ദിശയിലായതിനാല്‍ എന്‍ഐഎയുടെ ആവശ്യമില്ലെന്നും ഡിജിപി പറഞ്ഞു.

ഞായറാഴ്ച പുലര്‍ച്ചെയാണ് ടൗണ്‍ ഹാളിന് സമീപം കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിനു സമീപം സ്‌ഫോടനം നടന്നത്. കാറിലുണ്ടായിരുന്ന പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഉക്കടം സ്വദേശിയും എന്‍ജിനീയറിങ് ബിരുദധാരിയുമായ ജമേഷ മുബിനാണ് മരിച്ചത്. ഇയാളെ 2019 ല്‍ ഐഎസ് ബന്ധം സംശയിച്ച് എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ഇയാളുടെ വീട്ടില്‍ നടന്ന പരിശോധനയില്‍ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തിയതാണ് ചാവേര്‍ ആക്രമണമെന്ന സംശയത്തിന് പ്രധാന കാരണം.

സ്‌ഫോടനവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനിടെ നാലുപേര്‍ ചേര്‍ന്ന് സ്‌ഫോടനം നടന്ന കാറില്‍ സാധനങ്ങള്‍ എടുത്തുവയ്ക്കുന്നത് കാണാം. സ്‌ഫോടനസമയത്ത് പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടര്‍ ആവാം ഇതെന്നാണ് നിഗമനം. സ്‌ഫോടനം നടന്ന ടൗണ്‍ ഹാളിന് സമീപം കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീടിന് സമീപത്തെ ദൃശ്യങ്ങളുമാണ് പോലിസിന് ലഭിച്ചത്.

Next Story

RELATED STORIES

Share it