Latest News

പച്ച മുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസിന് നിരോധനം; വിജ്ഞാപനം പുറപ്പെടുവിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

പച്ച മുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസിന് നിരോധനം; വിജ്ഞാപനം പുറപ്പെടുവിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
X

ചെന്നൈ: പച്ച മുട്ട കൊണ്ട് തയ്യാറാക്കിയ മയോണൈസിന്റെ നിര്‍മ്മാണം, സംഭരണം, വിതരണം, വില്‍പ്പന എന്നിവയ്ക്ക് ഒരു വര്‍ഷത്തെ സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി തമിഴ്നാട് സര്‍ക്കാര്‍. തമിഴ്നാട് ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ കമ്മീഷണര്‍ ആര്‍ ലാല്‍വേണ പുറപ്പെടുവിച്ച ഉത്തരവ് ഏപ്രില്‍ 8 മുതല്‍ പ്രാബല്യത്തില്‍ വന്നു.

മയോണൈസ് തയ്യാറാക്കാന്‍ പച്ച മുട്ട ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും തെറ്റായ തയ്യാറാക്കല്‍ രീതി സാല്‍മൊണെല്ല ബാക്ടീരിയ പടരാന്‍ കാരണമാകുന്നുണ്ടെന്നും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പച്ച മുട്ടകള്‍ കൊണ്ട് നിര്‍മ്മിച്ച മയോണൈസ് ഉയര്‍ന്ന അപകടസാധ്യതയുള്ള ഭക്ഷണമാണെന്നും ഇത് ഭക്ഷ്യവിഷബാധ ഉണ്ടാക്കുമെന്നും കമ്മീഷണര്‍ ആര്‍ ലാല്‍വേണ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു.

പൊതുജനാരോഗ്യ താല്‍പ്പര്യാര്‍ഥം ഭക്ഷ്യ അതോറിറ്റിയോ കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ തല്‍ക്കാലം നിരോധിച്ചിട്ടുള്ള ഏതെങ്കിലും ഭക്ഷണം ഒരാളും നിര്‍മ്മിക്കുകയോ സംഭരിക്കുകയോ വില്‍ക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുത് എന്ന് തമിഴ്നാട് സര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

ഷവര്‍മയ്ക്കും മറ്റ് ഫാസ്റ്റ് ഫുഡുകള്‍ക്കും അനുബന്ധമായി വിളമ്പുന്ന മയോണൈസിന് തമിഴ്നാട്ടിലെ നഗരങ്ങളില്‍ പ്രചാരം വര്‍ധിച്ചു വരികയാണ്. ചെറുകിട ഭക്ഷണശാലകളും തെരുവ് കച്ചവടക്കാരും പലപ്പോഴും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഇതുണ്ടാക്കുന്നുണ്ട്. സംസ്ഥാനത്ത് മുമ്പ് അപകടകരമായ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ എന്ന നിലയില്‍ നിരോധിച്ചിരുന്ന ഗുട്ട്ക, പാന്‍ മസാല എന്നിവയുടെ അതേ വിഭാഗത്തിലാണ് പച്ച മുട്ട ഉപയോഗിച്ചുണ്ടാക്കുന്ന മയോണൈസ് നിരോധനം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2023ലാണ് മയോണൈസില്‍ പച്ചമുട്ട ഉപയോഗിക്കുന്നത് കേരളം നിരോധിച്ചത്. മുട്ട ഉപയോഗിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിക്കാം.

Next Story

RELATED STORIES

Share it