Latest News

'നീറ്റ് പരീക്ഷയിൽനിന്ന് തമിഴ്നാടിനെ ഒഴിവാക്കണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് സ്റ്റാലിൻ

നീറ്റ് പരീക്ഷയിൽനിന്ന് തമിഴ്നാടിനെ ഒഴിവാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് സ്റ്റാലിൻ
X

ചെന്നൈ: നീറ്റ് പരീക്ഷയില്‍നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ദേശീയതലത്തില്‍ ഈ സംവിധാനം അവസാനിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയെ എതിര്‍ത്തുകൊണ്ട് തമിഴ്‌നാട് നിയമസഭ വെള്ളിയാഴ്ച പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിക്ക് സ്റ്റാലിന്‍ കത്തയച്ചത്.

'മെഡിക്കല്‍ കോളജിലേക്കുള്ള പ്രവേശനത്തിന് തമിഴ്‌നാടിനെ നീറ്റില്‍നിന്ന് ഒഴിവാക്കണമെന്നും ദേശീയതലത്തില്‍ ഈ സംവിധാനം അവസാനിപ്പിക്കണമെന്നുമുള്ള തങ്ങളുടെ നിരന്തരമായ ആവശ്യം വീണ്ടും ആവര്‍ത്തിക്കാനാണ് ഈ കത്തെഴുതുന്നത്. പ്രത്യേക പരീക്ഷ നടത്താതെ പ്രഫഷനല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കണം. പ്രവേശന പരീക്ഷകള്‍ വിദ്യാര്‍ഥികളില്‍ അനാവശ്യ സമ്മര്‍ദം സൃഷ്ടിക്കുകയാണ്' സ്റ്റാലിന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

തമിഴ്‌നാടിനെ നീറ്റില്‍നിന്ന് ഒഴിവാക്കണമെന്നും മെഡിക്കല്‍ പ്രവേശനം പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം ഞങ്ങള്‍ നിയമസഭയില്‍ ഐക്യകണ്‌ഠേന പാസാക്കിയിട്ടുണ്ട്. ഇത് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കുകയും ചെയ്തു. എന്നാല്‍, ഇതുവരെ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിട്ടില്ലെന്നും കത്തില്‍ വ്യക്തമാക്കി.

അടുത്തിടെ നീറ്റ് പരീക്ഷക്കിടെ നടന്ന ക്രമക്കേടുകള്‍ തമിഴ്‌നാട് സര്‍ക്കാറിന്റെ എതിര്‍പ്പിനെ സാധൂകരിക്കുന്നതാണ്. നിലവിലെ പ്രവേശന രീതി അവസാനിപ്പിക്കണമെന്ന് മറ്റു പല സംസ്ഥാനങ്ങളും ആവശ്യപ്പെടുന്നുണ്ടെന്നും കത്തില്‍ ഊന്നിപ്പറയുന്നുണ്ട്. നീറ്റ് പരീക്ഷ ഗ്രാമീണ മേഖലയിലെ വിദ്യാര്‍ഥികളുടെ അവസരം ഇല്ലാതാക്കുകയും സ്‌കൂള്‍ വിദ്യാഭ്യാസം ഉപയോഗശൂന്യമാക്കുകയും മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളുടെ സീറ്റ് തട്ടിയെടുക്കാന്‍ കാരണമാകുമെന്നും തമിഴ്‌നാട് നിയമസഭ പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. നീറ്റ് പരീക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കാന്‍ ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, കര്‍ണാടക, കേരളം, പഞ്ചാബ്, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും സ്റ്റാലിന്‍ കത്തയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it