Latest News

താനെയിലെ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം ; മൂന്നാഴ്ചക്കിടെ രണ്ടാം തവണ

താനെയിലെ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം ; മൂന്നാഴ്ചക്കിടെ രണ്ടാം തവണ
X

താനെ: ദോംബ്വിലിയിലെ കെമിക്കല്‍ ഫാക്ടറിയില്‍ ബുധനാഴ്ച പുലര്‍ച്ചെ വന്‍ തീപിടിത്തം. ആളപായമില്ല. മൂന്നാഴ്ചയ്ക്കിടെ മേഖലയലില്‍ ഉണ്ടാവുന്ന രണ്ടാമത്തെ അപകടമാണിത്. മെയ് 23ന് ഇതേ പ്രദേശത്തുള്ള അമുദന്‍ കെമിക്കല്‍ കമ്പനിയിലെ റിയാക്ടറിലുണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 60 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പുതിയ സംഭവത്തില്‍ കമ്പനി ഉടമകളായ മലായ് മേത്തയെയും ഭാര്യ സ്‌നേഹ മേത്തയെയും അറസ്റ്റ് ചെയ്തതായാണ് വിവരം. കല്യാണ്‍, താനെ, ഭീവണ്ടി, ബേലാപൂര്‍ ഫയര്‍ സ്‌റ്റേഷനുകളില്‍ നിന്നുള്ള പത്ത് ഫയര്‍ എഞ്ചിനുകളുമായി എംഐഡിസി സ്‌റ്റേഷനില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ തീയണക്കാന്‍ സ്ഥലത്തെത്തിയതായി ഫയര്‍ ഓഫിസര്‍ പറഞ്ഞു. രാസവള നിര്‍മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ഇന്‍ഡോ അമൈന്‍സിലാണ് തീപിടിത്തമുണ്ടായതെന്നും കമ്പനി വളപ്പില്‍ തൊഴിലാളികളോ ജീവനക്കാരോ കുടുങ്ങിയിട്ടില്ലെന്നും തീ നിയന്ത്രണ വിധേയമാക്കിയെന്നും കല്യാണ്‍ ഡിസിപി സച്ചിന്‍ ഗുഞ്ചാല്‍ അറിയിച്ചു.

കേബിളുകളും വയറുകളും നിര്‍മിക്കുന്ന തൊട്ടടുത്തുള്ള മാള്‍ഡെ കമ്പനിയിലേക്ക് തീ പടര്‍ന്നെങ്കിലും അവിടുത്തെ ജീവനക്കാരെ നേരത്തെ തന്നെ ഒഴിപ്പിച്ചതിനാല്‍ അപായം സംഭവിച്ചില്ല. സമീപത്തെ കെമിക്കല്‍ കമ്പനിയില്‍ പാര്‍ക്ക് ചെയ്തിരുന്ന അഞ്ച് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

Next Story

RELATED STORIES

Share it