Latest News

സമ്പൂര്‍ണ്ണ ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്: മന്ത്രി മുഹമ്മദ് റിയാസ്

സമ്പൂര്‍ണ്ണ ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്: മന്ത്രി മുഹമ്മദ് റിയാസ്
X

കോഴിക്കോട്: സമ്പൂര്‍ണ്ണ ജനക്ഷേമം ലക്ഷ്യം വെച്ചു കൊണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിച്ചു പ്രവര്‍ത്തിക്കുമ്പോഴാണ് വികസനപ്രവര്‍ത്തനങ്ങള്‍ സാധ്യമാവുന്നതെന്നും അദ്ദേഹം പറഞ്ഞു. 'നൂറിന്റെ മികവില്‍ കോഴിക്കോട്' ബ്ലോക്ക് പഞ്ചായത്ത് പരിപാടിയില്‍ 2021-2022 വാര്‍ഷിക പദ്ധതി ഗുണഭോക്താക്കളുടെ സംഗമവും പദ്ധതി പൂര്‍ത്തീകരണത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസമേഖലയിലും വ്യവസായമേഖലയിലുമെല്ലാം സര്‍ക്കാര്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.ഐ.ടി മേഖലയെ ശക്തിപ്പെടുത്തുന്നതിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. നിരവധി സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നു. വിദേശത്തു നിന്നും വിദ്യാഭ്യാസത്തിനായി കേരളത്തിലേക്ക് ആളുകളെത്തുന്ന സ്ഥിതിവിശേഷം കേരളത്തിലുണ്ടാവണമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് കേരളത്തിലെ പശ്ചാത്തലസൗകര്യ വികസനം. ദേശീയപാതാ വികസനം 2025 നകം പൂര്‍ത്തിയാക്കും. മലയോര ഹൈവേ, തീരദേശ ഹൈവേ വികസനം കേരളത്തിലെ പശ്ചാത്തല സൗകര്യമേഖലയെ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ഒളവണ്ണ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ പി.ടി.എ. റഹീം എം.എല്‍.എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി. ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് രവീന്ദ്രന്‍ പറശ്ശേരി പദ്ധതികള്‍ വിശദീകരിച്ചു.

കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ, ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. ജയപ്രശാന്ത്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ടി.കെ. ശൈലജ, പി. റംല, എ.പി. സെയ്താലി, ജനപ്രതിനിധികള്‍, പദ്ധതി ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടന്‍ സ്വാഗതവും ജെ.ബി.ഡി.ഒ കെ.കെ. സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it