Pravasi

ദുബായില്‍ ചൂ​ട്​ ക​ന​ക്കു​ന്നു; ജു​മു​അ 10 മി​നി​റ്റി​ൽ തീ​ർ​ക്കാ​ൻ നി​ർ​ദേ​ശം

ദുബായില്‍ ചൂ​ട്​ ക​ന​ക്കു​ന്നു; ജു​മു​അ 10 മി​നി​റ്റി​ൽ തീ​ർ​ക്കാ​ൻ നി​ർ​ദേ​ശം
X

ദുബൈ: രാജ്യമെങ്ങും ചൂട് കനത്ത സാഹചര്യത്തില്‍ സുരക്ഷിതത്വം കണക്കിലെടുത്ത് വെള്ളിയാഴ്ചയിലെ ജുമുഅ 10 മിനിറ്റില്‍ തീര്‍ക്കാന്‍ നിര്‍ദേശം. ജൂണ്‍ 28 മുതല്‍ എല്ലാ പള്ളികളിലും നിര്‍ദേശം നടപ്പാക്കാനാണ് ഇസ്‌ലാമികവഖ്ഫ് കാര്യ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. താപനില വര്‍ധിച്ച സാഹചര്യത്തില്‍ പള്ളിക്ക് പുറത്ത് നില്‍ക്കേണ്ടിവരുന്നവരുടേതടക്കം സുരക്ഷ പരിഗണിച്ചാണ് നടപടി സ്വീകരിച്ചത്. ഒക്‌ടോബര്‍ തുടങ്ങുന്നതുവരെ ഉത്തരവ് നിലനില്‍ക്കും.

ജീവിതത്തിന്റെയും ആരോഗ്യത്തിന്റെയും സംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്ന ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വങ്ങളാണ് എളുപ്പം നല്‍കലെന്ന് അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു. യുഎഇയുടെയും അതിന്റെ നേതൃത്വത്തിന്റെയും കാഴ്ചപ്പാടിന് അനുസൃതമാണ് ഈ തീരുമാനമെന്നും പൗരന്മാരുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് നിയമങ്ങളും നയങ്ങളും രൂപപ്പെടുത്തുന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. വിശ്വാസികള്‍ക്ക് ആത്മീയമായും ശാന്തതയോടും കൂടി ആരാധനകള്‍ നിര്‍വഹിക്കാന്‍ സഹായിക്കുന്നതിന് സൗകര്യപ്രദമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ നല്‍കുന്ന പിന്തുണക്ക് അതോറിറ്റി കൃതജ്ഞത അറിയിച്ചു.

രാജ്യത്ത് കഴിഞ്ഞ ദിവസം 50 ഡിഗ്രിക്ക് മുകളില്‍ ചൂട് രേഖപ്പെടുത്തിയിരുന്നു. അല്‍ ഐനിലെ ഉമ്മുഅസിമുല്‍ എന്ന സ്ഥലത്ത് ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്കാണ് 50.3 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്ത് ചൂട് പാരമ്യതയിലേക്ക് കടന്നിരിക്കുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ചൂട് ശക്തമായത് വളരെ നേരത്തെയാണ്. കഴിഞ്ഞ വര്‍ഷം ജൂലൈ 16നാണ് 50 ഡിഗ്രി എന്ന പരിധിയില്‍ എത്തിയത്. എന്നാല്‍, ഇത്തവണ ജൂലൈ പിറക്കുന്നതിന് മുമ്പുതന്നെ ചൂട് പാരമ്യതയിലേക്ക് നീങ്ങിയിരിക്കുകയാണ്. രാജ്യത്ത് ജൂലൈ പകുതിയോടെ തുടങ്ങി ആഗസ്റ്റ് അവസാനം വരെയാണ് ഏറ്റവും ശക്തമായ ചൂട് അനുഭവപ്പെടാറുള്ളത്. കനത്ത ചൂട് രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കാനും കൂടുതല്‍ വെള്ളം കുടിക്കാനും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it