Latest News

ഹൂത്തി ഭീഷണി; ചെങ്കടല്‍ വഴി യാത്ര നിര്‍ത്തി അഞ്ച് കപ്പല്‍ കമ്പനികള്‍

ഹൂത്തി ഭീഷണി; ചെങ്കടല്‍ വഴി യാത്ര നിര്‍ത്തി അഞ്ച് കപ്പല്‍ കമ്പനികള്‍
X
റിയാദ്: ഹൂത്തി ആക്രമണ ഭീഷണിയെ തുടര്‍ന്ന് ചെങ്കടല്‍ വഴിയുള്ള യാത്ര റദ്ദാക്കിയ വന്‍കിട കപ്പല്‍ കമ്പനികളുടെ എണ്ണം അഞ്ചായി. മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി (ഇറ്റാലിയന്‍-സ്വിസ്) ഒ.ഒ.സി.എല്‍ (ചൈന), മേഴ്സ്‌ക് (ഡാനിഷ്), സി.എം.എ-സി.ജി.എം (ഫ്രാന്‍സ്), ഹെപക് ലോയ്ഡ് (ജര്‍മനി) തുടങ്ങിയ ഷിപ്പിങ് കമ്പനികളാണ് സര്‍വീസ് നിര്‍ത്തിയിരിക്കുന്നത്.

ഹൂത്തികളുടെ ആക്രമണം ഭയന്ന് മേഴ്സ്‌ക് എന്ന ലോകത്തിലെ പ്രസിദ്ധ ചരക്കുനീക്ക കമ്പനി ഇനിയൊരു അറിയിപ്പുണ്ടാകും വരെ ചെങ്കടല്‍ വഴി സര്‍വീസ് നിര്‍ത്തുന്നതായാണ് പ്രഖ്യാപിച്ചത്. ഒ.ഒ.സി.എല്‍ ഇസ്രായേലിലേക്ക് ഒരു വഴിയിലൂടെയും സര്‍വീസ് നടത്തില്ലെന്ന് പ്രഖ്യാപിച്ചു. ബാക്കിയെല്ലാം മറ്റു റൂട്ടുകള്‍ തേടും.

ചെങ്കടലില്‍ ഹൂത്തി ഭീഷണി മുന്‍നിര്‍ത്തി മിക്ക ഷിപ്പിങ് കമ്പനികളും ചരക്കുനീക്കം ഉപേക്ഷിച്ചത് അമേരിക്കക്കും യൂറോപ്പിനും ഇസ്രായേലിനും വന്‍തിരിച്ചടിയായി. കപ്പലുകള്‍ക്കായി സുരക്ഷാ സേന വിപുലപ്പെടുത്തല്‍ ചര്‍ച്ചക്ക് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഉടന്‍ പശ്ചിമേഷ്യയിലെത്തും.

എണ്ണ, ഇന്ധന കയറ്റുമതിക്കുള്ള ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട റൂട്ടുകളില്‍ ഒന്നാണ് ചെങ്കടല്‍. അതില്‍ യമന്റെയും ജിബൂട്ടിയുടേയും അതിരിനിടയിലൂടെയുളള കടലിടുക്കാണ് ബാബ് അല്‍ മന്ദബ്. 32 കി.മീ വീതിയുള്ള ഈ കടലിടുക്ക് വഴിയാണ് അറബിക്കടലില്‍ നിന്നും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നുമുള്ള കപ്പലുകള്‍ ചെങ്കടലിലേക്ക് പ്രവേശിക്കുക. ഇവിടെ നിന്നും നേരിട്ട് ഇസ്രയേലിലേക്ക് എത്താം. ഈജിപ്തിലെ സൂയസ് കനാല്‍ വഴി ഏഷ്യയില്‍ നിന്നും യൂറോപ്പിലേക്കുള്ള കുറുക്കുവഴിയും ഇതാണ്. പ്രതിവര്‍ഷം 17,000 കപ്പലുകള്‍, അഥവാ ആഗോള വ്യാപാരത്തിന്റെ 10 ശതമാനം ഇതുവഴി കടന്നുപോകുന്നു.

ഈ വഴിയില്ലെങ്കില്‍ യൂറോപ്പിലെത്താന്‍ കപ്പലുകള്‍ക്ക് ആഴ്ചകള്‍ അധികമെടുക്കും. ദക്ഷിണാഫ്രിക്ക വഴി ചുറ്റിക്കറങ്ങിപ്പോകണം. ക്രിസ്മസ് കാലമടുത്തതോടെ വിപണിയില്‍ തിരക്കേറുന്ന സമയമാണിത്. ഈ സമയം ചരക്കു കപ്പലുകള്‍ സര്‍വീസ് റദ്ദാക്കുന്നതോടെ യൂറോപ്പില്‍ സാധനങ്ങളുടെ ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമാകും. ആക്രമണ ഭയം കാരണം കണ്ടെയ്നറുകളുടെ ഇന്‍ഷുറന്‍സ് തുകയും വര്‍ധിച്ചിട്ടുണ്ട്.





Next Story

RELATED STORIES

Share it