Latest News

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തിയത് യുക്തിരഹിതമെന്ന് എസ്ഡിപിഐ

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തിയത് യുക്തിരഹിതമെന്ന് എസ്ഡിപിഐ
X

ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തിയത് ശുദ്ധ ഭോഷ്‌കാണെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യാ ദേശീയ ജനറല്‍ സെക്രട്ടറി യാസ്മിന്‍ ഫാറൂഖി പ്രസ്താവിച്ചു. ഏതൊരു സമൂഹത്തിലും പ്രായപൂര്‍ത്തിയെത്തിയ ആണിന്റെയും പെണ്ണിന്റെയും ഇടയില്‍ നിയമപരമായി നടക്കുന്ന ഒരു അനുഷ്ടാന പ്രക്രിയയാണ് വിവാഹം. ആണിന്റെയും പെണ്ണിന്റെയും പ്രായപൂര്‍ത്തിക്ക് സര്‍ക്കാര്‍ നിര്‍ണയപ്രകാരം ഇതുവരെയുള്ള പ്രായം 18 വയസായിരുന്നു. എന്നുപറഞ്ഞാല്‍ തങ്ങളെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ എന്ത് തീരുമാനവും കൈക്കൊള്ളാന്‍ 18 വയസായ ആണിനും പെണ്ണിനും സ്വാതന്ത്ര്യമുണ്ട്. 18 വയസായ ഏതു പൗരനും തിരഞ്ഞെടുപ്പില്‍ മത്സരിക്കാം വോട്ട് ചെയ്യാം. പൗരന്മാര്‍ക്ക് ഈ സ്വാതന്ത്ര്യം നിഷേധിക്കുന്നത്, 21 വയസ് തികയുന്നതിനു മുമ്പ് തങ്ങളുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവരുടെ അവകാശത്തെ ഹനിക്കലാണ്.

പുതിയ നിയമം നടപ്പിലാകുന്നതോടെ 21 വയസ് തികയാത്ത പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ കുറ്റകൃത്യമായി മാറും. 18 വയസ് തികയാതെ തന്നെയുള്ള വിവാഹങ്ങള്‍ ഇന്ത്യയില്‍ പ്രചാരത്തിലുള്ളതാണ്. ഇവയെ ശൈശവവിവാഹമായി കണക്കാക്കാന്‍ പറ്റില്ല. ഇന്ത്യയില്‍ വിവിധ വിഭാഗങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും അവരുടേതായ വിവാഹപ്രായപരിധിയുണ്ട്. അവയൊന്നും പെണ്‍കുട്ടികള്‍ക്ക് 21 വയസ് നിഷ്‌കര്‍ഷിക്കുന്നവയല്ല.

സാമാന്യബോധത്തെയും യുക്തിയേയും കൊഞ്ഞനം കുത്തുന്നതാണ് പുതിയ തീരുമാനം. ഈ 21 വയസ് പരിധി നിയമവിധേയ വിവാഹങ്ങള്‍ക്ക് മാത്രം ബാധകമാണെന്നതും നിയമപരമായ വിവാഹബന്ധത്തിലേര്‍പ്പെടാതെ ഏതു പ്രായത്തിലും ഒന്നിച്ചു ജീവിക്കുന്നതിന് ബാധകമല്ല എന്നതും ശുദ്ധ അസംബന്ധമാണ്. കുടുംബ സംവിധാനത്തെയും സദാചാരത്തെയും തകര്‍ക്കുന്ന തരത്തില്‍ വിവാഹേതര ലൈംഗിക ബന്ധത്തിന് പ്രോത്സാഹനം നല്‍കുന്നതിനു തുല്യമാണ് ഈ ഇരട്ടത്താപ്പ്.

പ്രായപരിധിയില്ലാതെ ഒപ്പം കഴിയുന്നത് കുറ്റകൃത്യമോ പാപമോ അല്ലാതിരിക്കുകയും 21 വയസ് പൂര്‍ത്തിയാകാതെ നിയമപരമായി വിവാഹത്തിലേര്‍പ്പെടുന്നത് കുറ്റകൃത്യമാവുകയും ചെയ്യുന്നത് പരിഹാസ്യമാണ്. വലിയൊരു ജനവിഭാഗത്തെ പുതിയ നിയമം അസാന്മാര്‍ഗിക ലൈംഗിക ജീവിതത്തിലേക്ക് തള്ളി വിടും.

ശൈശവ വിവാഹത്തെ നിയന്ത്രിക്കാനാണ് പുതിയ നിയമമെന്ന അവകാശവാദം മറ്റൊരു തമാശയാണ്. പ്രായപരിധി 18 വയസായിരിക്കുമ്പോഴും ഇന്ത്യയില്‍ ശൈശവവിവാഹം സര്‍വസാധാരണമാണ്. നിലവിലുള്ള നിയമമല്ല. മറിച്ച് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലും, ജോലിയിലും ഉണ്ടായ വര്‍ധനവാണ് ഇത്തരം വിവാഹങ്ങള്‍ കുറയുന്നതിന്റെ കാരണം.

ബലാല്‍ക്കാരേണ നടപ്പിലാക്കേണ്ടി വന്നേക്കാവുന്നതും തന്മൂലം, പാര്‍ശ്വവല്കൃത സമുദായങ്ങളുടെ വിശിഷ്യാ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ മേല്‍ വിപരീത ഫലം ഉളവാക്കുന്നതും അവരെ നിയമലംഘകര്‍ ആക്കി മാറ്റുകയും ചെയ്യുന്ന അയുക്തികമായ ഈ നിയമം പിന്‍വലിക്കാന്‍ യാസ്മിന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it