Latest News

രാഹുല്‍ഗാന്ധിക്കെതിരായ പരാമര്‍ശം തെറ്റായിപ്പോയി; ക്ഷമ ചോദിക്കുന്നുവെന്ന് ജോയ്‌സ് ജോര്‍ജ്ജ്

രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്രമിക്കുകയെന്നതു തങ്ങളുടെ നയമല്ലെന്നു ജോയ്‌സ് ജോര്‍ജ് നടത്തിയ പരാമര്‍ശത്തെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. രാഷ്ട്രീയമായി എതിര്‍ക്കുന്നതു തുടരും, എന്നാല്‍ വ്യക്തിപരമായി അധിക്ഷേപിക്കില്ല എന്നാണ് പിണറായി വിജയന്‍ പറഞ്ഞത്

രാഹുല്‍ഗാന്ധിക്കെതിരായ പരാമര്‍ശം തെറ്റായിപ്പോയി; ക്ഷമ ചോദിക്കുന്നുവെന്ന് ജോയ്‌സ് ജോര്‍ജ്ജ്
X

തൊടുപുഴ: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശം തെറ്റായിപ്പോയെന്ന് ജോയ്‌സ് ജോര്‍ജ്. പരാമര്‍ശം പിന്‍വലിക്കുന്നുവെന്നും തന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ജോയ്‌സ് ജോര്‍ജ് പറഞ്ഞു. കുമളി അണക്കരയില്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പങ്കെടുത്ത തിരഞ്ഞെടുപ്പ് പൊതുവേദിയില്‍ വച്ചാണ് ജോയ്‌സ് മാപ്പ് പറഞ്ഞത്.


പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്നും അയാള്‍ കല്യാണം കഴിച്ചിട്ടില്ലെന്നുമായിരുന്നു ജോയിസ് ജോര്‍ജ് ഇന്നലെ പറഞ്ഞത്. ഇടുക്കി ജില്ലയിലെ ഇരട്ടയാറില്‍ എല്‍ഡിഎഫ് പ്രചാരണ യോഗത്തിനിടെയായിരുന്നു രാഹുല്‍ഗാന്ധിയെ അധിക്ഷേപിച്ച് മുന്‍ എം പി കൂടിയായ ജോയ്‌സ് ജോര്‍ജ്ജ് പ്രസംഗിച്ചത്.


രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്രമിക്കുകയെന്നതു തങ്ങളുടെ നയമല്ലെന്നു ജോയ്‌സ് ജോര്‍ജ് നടത്തിയ പരാമര്‍ശത്തെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. രാഷ്ട്രീയമായി എതിര്‍ക്കുന്നതു തുടരും, എന്നാല്‍ വ്യക്തിപരമായി അധിക്ഷേപിക്കില്ല എന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. ജോയ്‌സ് ജോര്‍ജ്ജിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറിയറ്റും രംഗത്തുവന്നിട്ടുണ്ട്. 'രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ നിലപാടുകളെയാണ് സിപിഎം എതിര്‍ക്കുന്നത്. അത്തരം രാഷ്ട്രീയ വിമര്‍ശനങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ മാത്രമേ വ്യക്തിപരമായ ഇത്തരം പരാമര്‍ശങ്ങള്‍ സഹായിക്കുകയുള്ളൂ. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല' എന്നാണ് സിപിഎം പ്രസ്താവനയില്‍ പറഞ്ഞത്. ഇതോടെയാണ് ജോയ്‌സ് ജോര്‍ജ്ജ് വിവാദ പരാമര്‍ശം പിന്‍വലിച്ച് ക്ഷമ ചോദിക്കാന്‍ നിര്‍ബന്ധിതനായത്.


മുഖ്യമന്ത്രിയും, സിപിഎം സംസ്ഥാന സെക്രട്ടറിയറ്റും എതിര്‍ക്കുകയും പ്രസംഗിച്ച ജോയ്‌സ് ജോര്‍ജ്ജ് തന്നെ പരാമര്‍ശം പിന്‍വലിച്ച് ക്ഷമ ചോദിക്കുകയും ചെയ്തിട്ടും ജോയ്‌സ് ജോര്‍ജ്ജിന്റെ പ്രസംഗത്തില്‍ സ്ത്രീവിരുദ്ധമായി ഒന്നുമില്ലെന്നും അദ്ദേഹത്തെ പിന്തുണക്കുകയാണെന്നുമുള്ള നിലപാടിലാണ് മന്ത്രി എം എം മണി. ജോയ്‌സ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് എം എം മണി പറഞ്ഞു. രാഹുലിനെ വിമര്‍ശിക്കുക മാത്രമാണ് ഉണ്ടായത്. താനും ആ വേദിയില്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് അനാവശ്യ വിവാദം ഉണ്ടാക്കി വോട്ട് പിടിക്കാന്‍ ശ്രമിക്കുകയാണെന്നും എം എം മണി പറഞ്ഞു. ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം എം മണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇരട്ടയാറിലെ പൊതുയോഗത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധിക്ക് എതിരെ ജോയ്‌സ് ജോര്‍ജ് മോശം പരാമര്‍ശങ്ങള്‍ നടത്തിയത്.





Next Story

RELATED STORIES

Share it