Emedia

മഞ്ചേരി 'മടക്കല്‍' കോളജിന്റെ കഥ

പുതിയ മെഡിക്കല്‍ കോളജ് പ്രഖ്യാപിക്കപ്പെട്ട മറ്റെല്ലാ ജില്ലകളിലും കോളജിനൊപ്പം മികച്ച ആശുപത്രി സമുച്ചയങ്ങള്‍ ഉയരുകയും ആയിരക്കണക്കിന് കിടക്കകള്‍ അധികമായി ലഭ്യമാവുകയും ചെയ്തപ്പോള്‍ ഉള്ള ആശുപത്രിയും കിടക്കകളും കൂടി നഷ്ടപ്പെട്ടത് മലപ്പുറത്ത് മാത്രം.

മഞ്ചേരി മടക്കല്‍ കോളജിന്റെ കഥ
X

റിസ എച്ച്

സാധാരണ ഗതിയില്‍ നാട്ടിലൊരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വരിക എന്നത് ഏതൊരു നാടിനും അഭിമാനമാണ്. വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിനുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് മെഡിക്കല്‍ കോളജെങ്കിലും ചുരുങ്ങിയ ചെലവില്‍ മികച്ച ചികിത്സ ലഭിക്കാവുന്ന വലിയൊരാശുപത്രി മാത്രമാണ്, നാട്ടുകാര്‍ക്ക് മെഡിക്കല്‍ കോളജ്. വിദ്യാര്‍ഥികളുടെ പരിശീലനാര്‍ത്ഥം അവിടെ സ്ഥാപിക്കുന്ന ആശുപത്രി ജനങ്ങള്‍ക്ക് കൂടി ഉപകാരപ്രദമാകാറുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. കേരളത്തിലെ ഏറ്റവും വലിയ ആശുപത്രികള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളോടനുബന്ധിച്ചുള്ള ആശുപത്രികള്‍ ആണെന്നത് മറ്റൊരു വസ്തുത.

മെഡിക്കല്‍ കൗണ്‍സില്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചു നൂറു സീറ്റുള്ള ഒരു മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ ചുരുങ്ങിയത് മുന്നൂറു മുതല്‍ അഞ്ഞൂറ് വരെ കിടക്കകളുള്ള ഒരാശുപത്രിയാണ് വേണ്ടത്. ഇത്തരത്തില്‍ ഒരു മെഡിക്കല്‍ കോളജും ഒപ്പം അഞ്ഞൂറോ ആയിരമോ കിടക്കകള്‍ ഉള്ള ഒരനുബന്ധ ആശുപത്രിയുമായിരുന്നു 2011ല്‍ പുതിയ മെഡിക്കല്‍ കോളജ് അനുവദിച്ചപ്പോള്‍ മലപ്പുറത്തെ നാട്ടുകാര്‍ പ്രതീക്ഷിച്ചത്. അതും ജില്ലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ആശ്രയമാകും വിധം. ആരോഗ്യ രംഗത്ത് കേരളത്തില്‍ ഏറ്റവും പിന്നോക്ക ജില്ല എന്നതിനാല്‍ മലപ്പുറം അതര്‍ഹിക്കുന്നുമുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം ശിശുമരണങ്ങളും മാതൃമരണങ്ങളും നടക്കുന്ന ജില്ല, ആശുപത്രി കിടക്കകളും ആരോഗ്യ പ്രവര്‍ത്തകരും ജനസംഖ്യാനുപാതികമായി ഏറ്റവും കുറവുള്ള ജില്ല, പ്രതിരോധ കുത്തിവെപ്പ് ഏറ്റവും കുറവുള്ള സ്ഥലം, പ്രമേഹം, കാന്‍സര്‍, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ ജീവിത ശൈലീ രോഗങ്ങള്‍ ഏറ്റവുമധികമുള്ളയിടം, മതിയായ ട്രോമാകെയര്‍ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമല്ലാത്തത് കാരണം വാഹനാപകടങ്ങളിലെ മരണ നിരക്ക് ഏറ്റവും അധികമുള്ള ജില്ല.. ഇതെല്ലാമാണ് മലപ്പുറം..

കേരളത്തില്‍ നടക്കുന്ന ശിശുമരണങ്ങളില്‍ അഞ്ചിലൊന്നും മാതൃമരണങ്ങളില്‍ നാലിലൊന്നും നടക്കുന്നത് മലപ്പുറത്താണ്. മികച്ച പരിചരണം നല്‍കിയാല്‍ രക്ഷിച്ചെടുക്കാന്‍ സാധിക്കുന്ന ജീവനുകളാണ് ഏറെയും. മലപ്പുറത്ത് വെച്ചാണ് ഒരു വാഹനാപകടമെങ്കില്‍ ആറ് അപകടങ്ങളില്‍ ഒരാള്‍ മരണപ്പെടും. അതേസമയം എറണാകുളത്തത് പതിമൂന്ന് അപകടങ്ങളില്‍ ഒരു മരണമായി ചുരുങ്ങും. അപകടങ്ങളെ തുടര്‍ന്ന് മികച്ച ട്രോമ കെയറില്ലെങ്കില്‍ മരണസാധ്യത കൂടുമെന്നത് സാമാന്യയുക്തി. കേരളത്തില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. സ്വാഭാവികമായും ഏറ്റവുമധികം പ്രസവങ്ങള്‍ നടക്കുന്നതും ഇവിടെ തന്നെ. നിര്‍ഭാഗ്യവശാല്‍ ഈ ജില്ലയില്‍ കേരളത്തിലെ മറ്റു പ്രധാന ജില്ലകളില്‍ ഉള്ളതുപോലെ ഒരു പ്രസവാശുപത്രിയും ഇല്ല. 92% പ്രസവങ്ങളും നടക്കുന്നത് സ്വകാര്യ ആശുപത്രികളില്‍.

ആരോഗ്യ രംഗത്ത് ഇത്രയേറെ പിന്നോക്കമായ ജില്ലയിലേക്കാണ് നിലവില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ ഇല്ലാത്ത എല്ലാ ജില്ലകളിലും അവ സ്ഥാപിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി 2011ല്‍ പുതുതായി ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അനുവദിക്കപ്പെട്ടത്. പുതിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പാലക്കാട്ടേത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. പത്തനംതിട്ട മെഡിക്കല്‍ കോളജ് 300 കിടക്കകളുള്ള ആശുപത്രി സഹിതം കഴിഞ്ഞ മാസം കോന്നിയില്‍ ഉല്‍ഘാടനം ചെയ്യപ്പെട്ടു. ഇടുക്കി, കാസര്‍ഗോഡ് മെഡിക്കല്‍ കോളജുകളുടെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായി. ആശുപത്രികള്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. കൊല്ലത്തും കൊച്ചിയിലും കണ്ണൂരും പൂര്‍ണ സജ്ജമായ മെഡിക്കല്‍ കോളജും ആയിരക്കണക്കിന് കിടക്കകളോട് കൂടിയ ആശുപത്രികളുമാണ് ഇഎസ്‌ഐ സഹകരണ മേഖലയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് ആ ജില്ലയിലെ ജനങ്ങള്‍ക്ക് കൈമാറിയത്. അടുത്ത് തന്നെ വയനാട് ജില്ലയില്‍ മെഡിക്കല്‍ കോളജ് വരാന്‍ പോവുകയാണ്. ഇപ്പോഴത്തെ നീക്കമനുസരിച്ച് അവിടെ നിലവിലുള്ള ഒരു സ്വകാര്യ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ പോകുന്നു. അതിന്റെ ഫലമായി വയനാട് ജില്ലക്ക് അല്ലെങ്കില്‍ അവിടത്തെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നത് എല്ലാവിധ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സയും നല്‍കാന്‍ കഴിയുന്ന അഞ്ഞൂറ് കിടക്കകളോട് കൂടിയ ഒരാശുപത്രിയാണ്.

പുതിയ മെഡിക്കല്‍ കോളജ് പ്രഖ്യാപിക്കപ്പെട്ട മറ്റെല്ലാ ജില്ലകളിലും കോളജിനൊപ്പം മികച്ച ആശുപത്രി സമുച്ചയങ്ങള്‍ ഉയരുകയും ആയിരക്കണക്കിന് കിടക്കകള്‍ അധികമായി ലഭ്യമാവുകയും ചെയ്തപ്പോള്‍ ഉള്ള ആശുപത്രിയും കിടക്കകളും കൂടി നഷ്ടപ്പെട്ടത് മലപ്പുറത്ത് മാത്രം. ഒരു മെഡിക്കല്‍ കോളജ് സ്ഥാപിച്ചു കഴിഞ്ഞപ്പോള്‍ പതിറ്റാണ്ടുകളായി അവിടെ നിലവിലുണ്ടായിരുന്ന പരിമിതമായ ചികിത്സാ സൗകര്യവും ആശുപത്രിയും പോലും നഷ്ടമാകുന്ന ദയനീയമായ കാഴ്ചയാണിവിടെ. പൂര്‍ണമായും പുതിയ ഒരു മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിന് പകരം ഒരു നൂറ്റാണ്ടിലേറെയായി മഞ്ചേരിയില്‍ നിലവിലുണ്ടായിരുന്ന പഴയ ഒരാശുപത്രിയുടെ ബോര്‍ഡ് മാറ്റി മെഡിക്കല്‍ കോളജ് ആക്കുകയാണ് മലപ്പുറത്ത് ഉണ്ടായത്.

മെഡിക്കല്‍ കോളജ് എന്നെഴുതിയ കുറെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാനായി വന്ന ചെലവാണ് മെഡിക്കല്‍ കോളജിനായി ഇതേവരെ അവിടെ ആകെ വേണ്ടി വന്ന ചെലവ്. അങ്ങനെ ചെയ്തതിലൂടെ ജനറല്‍ ആശുപത്രിയുടെ അഞ്ഞൂറും ഉത്ഘാടനം കാത്ത് കിടന്ന പ്രസവാശുപത്രിയുടെ മുന്നൂറും ചേര്‍ന്ന് ആകെ 800 കിടക്കകളാണ് മലപ്പുറത്തിന് നഷ്ടപ്പെട്ടത്. മഞ്ചേരി ജില്ലാ ആശുപത്രിയോടനുബന്ധിച്ച് പ്രസവാശുപത്രിയ്ക്കായി 300 കിടക്കകളോടെ 2008ല്‍ അന്നത്തെ ഇടതു സര്‍ക്കാര്‍ പണികഴിപ്പിച്ച കെട്ടിടമാണ് 2013ല്‍ മെഡിക്കല്‍ കോളജായി വിദ്യാര്‍ത്ഥികളുടെ ക്‌ളാസ് മുറികളും ലാബുകളുമായി പരിവര്‍ത്തിപ്പിക്കപ്പെട്ടത്.

അതിന്റെ ഫലമായി ഗര്‍ഭിണികളും നവജാത ശിശുക്കളുമുള്‍പ്പടെ നൂറു കണക്കിന് രോഗികളാണ് ഇന്നും പഴയ ആശുപത്രി വരാന്തയില്‍ വെറും നിലത്ത് കിടക്കേണ്ടി വരുന്നത്. കോവിഡ് വന്നപ്പോള്‍ ആ ചികിത്സയും നിലച്ചു. ഒരു പക്ഷേ 2013ല്‍ ഇങ്ങനെയൊരു മെഡിക്കല്‍ കോളജ് മഞ്ചേരിയില്‍ വന്നില്ലായിരുന്നു എന്ന് സങ്കല്‍പ്പിക്കുക. നന്നെ ചുരുങ്ങിയത് ഈ ആശുപത്രിയില്‍ ജനറല്‍ ആശുപത്രിയുടെ 500 കിടക്കകള്‍ കൂടാതെ പ്രസവാശുപത്രിയുടെ 300 കിടക്കകള്‍ കൂടി അധികമായി ലഭിച്ചേനെ. യഥാര്‍ത്ഥത്തില്‍ ഇന്നത്തെ അവസ്ഥയേക്കാള്‍ എത്രയോ ഭേദമായിരുന്നേനെ അത്. ചുരുങ്ങിയ പക്ഷം ഗര്‍ഭിണികളും നവജാത ശിശുക്കളും ഇന്നത്തെപ്പോലെ വെറും തറയില്‍ കിടക്കേണ്ടി വരികയുമില്ലായിരുന്നു.

ഒപ്പം ഇപ്പോള്‍ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള മറ്റെല്ലാ ജനറല്‍ ആശുപത്രികളിലും ഉള്ളതുപോലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങളും ലഭ്യമായേനെ. ഇപ്പോള്‍ മെഡിക്കല്‍ കോളജിന്റെ പേരില്‍ അവിടെ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും ഹോസ്റ്റലുകള്‍ മാത്രമാണ്. ആശുപത്രി വികസനം ഒന്നും തന്നെ നടക്കുന്നില്ല. അതിനുള്ള പദ്ധതിയോ പണമോ സ്ഥലമോ അവിടെയില്ല. കേരളത്തിലെ മറ്റെല്ലാ മെഡിക്കല്‍ കോളജുകളും നൂറും ഇരുന്നൂറും ഏക്കര്‍ സ്ഥലത്ത് സ്ഥാപിച്ചപ്പോള്‍ മലപ്പുറത്ത് മഞ്ചേരി ചന്തക്ക് പിന്നിലെ ഇരുപതേക്കറിലാണ് ഈ അഭ്യാസങ്ങള്‍ എല്ലാം നടത്തിക്കൊണ്ടിരിക്കുന്നത്. അവിടെ ആശുപത്രി പോയിട്ട് ഇനിയൊരു കോഴിക്കൂട് പോലും പണിയാന്‍ ഇടമില്ല എന്നതാണ് നേര്. പഴയ ആശുപത്രി കെട്ടിടത്തില്‍ ഇനി ഒരു കിടക്ക പോലും അധികമായി ഇടാനുമാവില്ല.

ഒരു മെഡിക്കല്‍ കോളജ് എങ്ങനെ ആവരുത് എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് കേരളത്തിലെ മഞ്ചേരി മെഡിക്കല്‍ കോളജ്. നാട്ടുകാരുടെ ഭാഷയില്‍ 'മടക്കല്‍ കോളജ്'.. മെഡിക്കല്‍ കോളജ് എന്ന ബോര്‍ഡ് കണ്ടിട്ടവിടെ ചികിത്സ തേടിയെത്തുന്ന എല്ലാവരെയും മതിയായ ചികിത്സാ സൗകര്യങ്ങളുടെയും വിദഗ്ധരുടെയും അഭാവം നിമിത്തം മറ്റിടങ്ങളിലേക്ക് മടക്കി അയക്കുന്നു എന്ന അര്‍ത്ഥത്തില്‍. ഇങ്ങനെ ഒരു ദുരവസ്ഥ ഉണ്ടായതില്‍ മലപ്പുറത്തെ എല്ലാ മനുഷ്യരും ഉത്തരവാദികളാണ്. ആരാണിതിത് ചെയ്തത്? എന്തിനായിരുന്നു ഇതൊക്കെ?

ഇതിനെല്ലാം ചുക്കാന്‍ പിടിച്ച രാഷ്ട്രീയക്കാര്‍ ലക്ഷ്യമാക്കിത് തെരഞ്ഞെടുപ്പില്‍ നാലോട്ട് മാത്രം. നാട്ടില്‍ തന്റെ പരിശ്രമത്തില്‍ ഒരു മെഡിക്കല്‍ കോളജ് സ്ഥാപിച്ചതായി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് തെരഞ്ഞെടുപ്പില്‍ അവരുടെ വോട്ട് തട്ടുക എന്ന ഏക ലക്ഷ്യത്തോടെയാണ് ഈ പാതകമെല്ലാം ചെയ്തത്. മലപ്പുറത്തെ ജനങ്ങള്‍ പമ്പര വിഡ്ഢികള്‍ ആയതുകൊണ്ട് എന്തും കണ്ണടച്ചു സഹിച്ചുകൊള്ളുമെന്ന് അവര്‍ക്കറിയാം. രാഷ്ട്രീയക്കാരുടെയോ അവരുടെ കുടുംബത്തിന്റെയോ സ്വന്തം ചികിത്സക്ക് അയല്‍ ജില്ലകളിലെ ഫൈവ് സ്റ്റാര്‍ സ്വകാര്യ ആശുപത്രികള്‍ ഉള്ളിടത്തോളം അവര്‍ക്കാരെ ഭയക്കണം?

ജനങ്ങളുടെ മുന്നിലുള്ള മാര്‍ഗ്ഗങ്ങള്‍... ഇന്ന് നാട്ടുകാര്‍ വിശേഷിപ്പിക്കുന്ന 'മടക്കല്‍ കോളജ്' അല്ല, മറിച്ച് ഒരു ജില്ലയുടെ മുഴുവന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി മാറാന്‍ കഴിയുന്ന ഒരു മെഡിക്കല്‍ കോളജ് മലപ്പുറം ജില്ലക്ക് ആവശ്യമുണ്ട്. അതിന് ആദ്യം വേണ്ടത് ഇപ്പോഴത്തെ മെഡിക്കല്‍ കോളജിനെ അതിന്റെ മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്‌ലക്‌സ് ബോര്‍ഡുകള്‍ അഴിച്ചുമാറ്റി പഴയത് പോലെ ജനറല്‍ ആശുപത്രിയാക്കി മാറ്റണം. പ്രസവാശുപത്രിക്കായി നിര്‍മ്മിച്ച കെട്ടിടം പ്രസവാശുപത്രിയായും മാറ്റണം. അവിടെ ആരോഗ്യ വകുപ്പിന് കീഴിലുളള എല്ലാ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങളും ലഭ്യമാക്കുകയും വേണം.

എന്നിട്ട് മലപ്പുറം ജില്ലക്ക് അനുവദിച്ച മെഡിക്കല്‍ കോളജ് ജില്ലയിലെ തന്നെ ഏറെ പിന്നോക്കമായ തീരപ്രദേശങ്ങള്‍ ഉള്‍പ്പെടെ എല്ലായിടത്തെയും എല്ലാവര്‍ക്കും എത്തിപ്പെടാന്‍ കഴിയുന്ന വിശാലമായ മറ്റൊരിടത്തു സ്ഥാപിക്കണം. അത് ഭാവിയില്‍ ഭാവിയില്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ട്രോമാകെയര്‍ സെന്ററും ഹൃദയ ചികിത്സാ കേന്ദ്രവും എല്ലാമായി വികസിക്കണം. അത്തരം വികസന സാധ്യതകള്‍ ഉള്ള ഇടത്ത് വേണമത് സ്ഥാപിക്കാന്‍. അതിനായി വിശാലമായ എത്രയോ സ്ഥലങ്ങള്‍ ജില്ലയില്‍ സര്‍ക്കാരിന്റെ കീഴില്‍ തന്നെ ലഭ്യമാണ്. ഇത്തരം വികസന കാഴ്ചപ്പാടുകള്‍ ഉള്ളവരെ മാത്രമേ തങ്ങളുടെ പ്രതിനിധികളായി തെരഞ്ഞെടുത്തയക്കുകയുള്ളൂ എന്ന് തീരുമാനിക്കാന്‍ ജനങ്ങള്‍ക്ക് ബാധ്യതയുണ്ട്

Next Story

RELATED STORIES

Share it