Latest News

ഒരു കോടി കടന്ന് പെരിയതമ്പിയുടെയും കുടുംബത്തിന്റെയും യുട്യൂബ് ചാനല്‍

ഒരു കോടി കടന്ന് പെരിയതമ്പിയുടെയും കുടുംബത്തിന്റെയും യുട്യൂബ് ചാനല്‍
X

ചെന്നൈ: കഴിഞ്ഞ ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വീഡിയോ ആയിരുന്നു രാഹുല്‍ ഗാന്ധി ഒരു യൂട്യൂബ് പാചക സംഘത്തിനൊപ്പം ചേര്‍ന്നതിന്റെ ദൃശ്യങ്ങള്‍. ദക്ഷിണേന്ത്യയില്‍ ധാരാളം കാഴ്ച്ചക്കാരുള്ള വില്ലേജ് കുക്കിംഗ് ചാനല്‍ (വിസിസി) ആണ് രാഹുലിനെ പാചക പരീക്ഷണത്തില്‍ പങ്കാളിയാക്കിയത്. മഷ്‌റൂം ബിരിയാണി തയ്യാറാക്കുന്നതിനിടെ രാഹുല്‍ ഗാന്ധി പാചകം ചെയ്യുന്നവരുമായി സംവദിക്കുകയും ബിരിയാണിക്കൊപ്പം ഒരു സൈഡ് ഡിഷായ 'റൈത്ത' ഉണ്ടാക്കാന്‍ സഹായിക്കുകയും ചെയ്തിരുന്നു.


തമിഴ്‌നാട്ടിലെ പുതുക്കോട്ടൈ ജില്ലയിലെ 75കാരന്‍ പെരിയത്തമ്പിയും അദ്ദേഹത്തിന്റെ കൊച്ചുമക്കളും ചേര്‍ന്നുള്ള വില്ലേജ് കുക്കിംഗ് ചാനല്‍ ഇപ്പോള്‍ ഒരു കോടി വരിക്കാരെ നേടി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. പെരിയത്തമ്പിക്കും കൊച്ചുമക്കള്‍ക്കും പ്രതീക്ഷക്ക് അപ്പുറമുള്ള വരുമാനമാണ് മൂന്നു വര്‍ഷം മുന്‍പ് തുടങ്ങിയ യൂട്യൂബ് ചാനലിലൂടെ ലഭിക്കുന്നത്. യൂട്യൂബ് വരുമാനത്തില്‍ നിന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാസ നിധിക്ക് 10 ലക്ഷം രൂപ അവര്‍ അടുത്തിടെ സംഭാവന ചെയ്തതായി വാര്‍ത്ത വന്നിരുന്നു.


ഒരു കോടി സബ്‌സ്‌െ്രെകബര്‍മാര്‍ എന്ന നേട്ടം കൈവരിക്കുന്ന ആദ്യത്തെ തമിഴ് യൂട്യൂബ് ചാനലായി മാറിയിരിക്കുകയാണ് വില്ലേജ് കുക്കിംഗ് ചാനല്‍ . 'ഡയമണ്ട് പ്ലേ ബട്ടണ്‍' സ്വീകരിച്ച ശേഷം, അവരുടെ വരിക്കാര്‍ക്കും യൂട്യൂബിനും നന്ദി പറഞ്ഞു കൊണ്ട് ചാനലിന്റെ അണിയറപ്രവര്‍ത്തകര്‍ വീഡിയോ പോസ്റ്റ് ചെയ്തു. തന്റെ കൊച്ചുമക്കളുടെ പരിശ്രമം കൊണ്ടു മാത്രമാണ് തനിക്ക് ഇത് സാധിച്ചതെന്ന് പെരിയത്തമ്പി പറഞ്ഞു. 'നമുക്ക് ഒരു യൂട്യൂബ് ചാനല്‍ ആരംഭിക്കാമോയെന്ന് ഒരു ദിവസം അവര്‍ എന്നോട് ചോദിച്ചു, എന്താണ് യൂട്യൂബ് എന്ന് ഞാനവരോട് ചോദിച്ചു, അവര്‍ എനിക്ക് ഇതിന്റെ വിശദാംശങ്ങള്‍ പറഞ്ഞു തരികയും മറ്റ് പാചക ചാനലുകളുടെ വീഡിയോകള്‍ കാണിച്ചു തരികയും ചെയ്തു. കണ്ടിട്ട് കൊള്ളാമെന്നു തോന്നിയതിനാല്‍ നമുക്കുമത് ചെയ്യാമെന്ന് ഞാന്‍ സമ്മതിച്ചു എന്നാണ് പെരിയത്തമ്പി പറയുന്നത്. ചാനലിലൂടെ തയ്യാറാക്കുന്ന ഭക്ഷണസാധനങ്ങള്‍ അനാഥാലയങ്ങള്‍ക്കും ആവശ്യമുള്ള മറ്റുള്ളവര്‍ക്കും ദാനമായി നല്‍കുന്നു എന്ന പ്രത്യേകതയും ഇവര്‍ക്കുണ്ട്.




Next Story

RELATED STORIES

Share it